ലണ്ടന്‍: സ്വകാര്യ ബിസിനസ് കോളേജായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സിന് അംഗീകാരം നഷ്ടമായ സാഹചര്യത്തില്‍ 350 രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ രാജ്യം വിട്ടുപോകണമെന്ന് നിര്‍ദേശം. അടുത്തമാസം അവസാനത്തോടെ ഇവര്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശം. വിദേശ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുളള ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സിന്റെ അവകാശം പുനഃപരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 8500 പൗണ്ട് ഫീസ് അടച്ചു ചേര്‍ന്ന കോഴ്‌സ് പൂര്‍ത്തിയാക്കാനാകുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. യോഗ്യതനേടിയ എല്ലാവിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുമെന്നാണ് കോളേജ് അധികൃതരുടെ നിലപാട്.
ഇവിടെ പഠിക്കുന്ന കുട്ടികള്‍ മതിയായ യോഗ്യത നേടിയവരാണെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു. കോളേജിലെ പകുതിയിലേറെ കുട്ടികള്‍ക്കും ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം കിട്ടിക്കഴിഞ്ഞു. ഫീസ് നഷ്ടപ്പെടുന്ന അവസ്ഥ യൂറോപ്പിലുണ്ടാകുമെന്ന് കരുതിയതല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രശ്‌നം വേണ്ട വണ്ണം നേരിടാന്‍ കോളേജ് അധികൃതര്‍ തയാറാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോഴ്‌സിന്റെ കാലാവധി കുറച്ച് മാര്‍ച്ച് മാസത്തോടെ കോഴ്‌സ് പൂര്‍ത്തായാക്കാമെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വാഗ്ദാനം. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളുടെ രേഖകളെല്ലാം പരിശോധിച്ച് കഴിഞ്ഞതാണ്. ഇവര്‍ വീണ്ടും പ്രവേശനത്തിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട കാര്യമില്ലെന്നും കോളേജ് വ്യക്തമാക്കി. പോയിവരാനോ ഇവിടത്തന്നെ തുടരാനോ ഇവര്‍ അര്‍ഹരാണെന്നും കോളേജ് അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ താമസ വിസകള്‍ തിരികെ നല്‍കണമെന്നും രാജ്യത്ത് ജോലി ചെയ്യാനാകില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് നിന്നുളള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുളള നിയമങ്ങള്‍ കോളേജ് അധികൃതര്‍ ലംഘിച്ചതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ആരോപണം. എന്നാല്‍ മന്ത്രാലയത്തിന്റെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നാണ് കോളേജ് അധികൃതരുടെ പ്രതികരണം. ഇവിടെ പ്രവേശനം നേടിയിട്ടുളള വിദ്യാര്‍ത്ഥികളിലേറെയും ഉയര്‍ന്ന യോഗ്യതയുളളവരാണ്. മിക്കവരുടെയും കോഴ്‌സുകള്‍ അടുത്തമാസം തന്നെ അവസാനിക്കുകയും ചെയ്യും. ദീര്‍ഘകാല കോഴ്‌സിന് ചേര്‍ന്നിട്ടുളള അഞ്ചോ ആറോ പേരെ ഫ്രാന്‍സിലോ ഇറ്റലിയിലോ ഉളള തങ്ങളുടെ സഹോദര സ്ഥാപനങ്ങളിലേക്ക് മാറ്റാമെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ കോഴ്‌സുകള്‍ നേരത്തെ അവസാനിപ്പിക്കാനും കുട്ടികളെ മറ്റിടങ്ങളിലേക്ക് മാറ്റാനുമുളള തീരുമാനം ശരിയല്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ അഭിപ്രായം. രാജ്യാന്തര വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ കൈക്കൊളളണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തിലുളള നീതി നിഷേധങ്ങള്‍ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ കാലങ്ങളായി അനുഭവിച്ച് പോരുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.