എബ്രഹാം കുര്യൻ
ലണ്ടൻ: മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മലയാള ഭാഷാപഠന ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനവും സാംസ്കാരിക സംവാദവും നാളെ (16/4/23) ഞായർ ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള കേരള ഹൗസിൽ നടത്തപ്പെടുന്നു. പ്രശസ്ത നോവലിസ്റ്റും വിവർത്തകനുമായ ടി ഡി രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. “ടെക്നോളജിയുടെ കാലത്തെ മലയാള ഭാഷ-സാധ്യതകളും, വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളും സാംസ്കാരിക സംവാദവും നടത്തുന്നതാണ്. ലണ്ടനിലെ കലാസാംസ്കാരിക രംഗത്തെ ശ്രദ്ധേയരായവരും പങ്കെടുക്കും.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലണ്ടനിലെ മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ ( MAUK) സഹകരണത്തോടെയാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. എല്ലാ ഭാഷാ സ്നേഹികളെയും മലയാളം മിഷൻ യു കെ ചാപ്റ്റർ ആരംഭിക്കുന്ന ഓൺലൈൻ ഭാഷാ പഠന ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങുകളിലേക്കും സാംസ്കാരിക സംവാദത്തിലേക്കും സ്നേഹാദരവോടെ ക്ഷണിക്കുന്നു.
യുകെയുമായി ബന്ധമുള്ള തമിഴ് മനുഷ്യാവകാശ പ്രവർത്തക രജിനി തിരണഗാമയുടെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത സാഹിത്യകാരനും വിവർത്തകനുമായ ടി ഡി രാമകൃഷ്ണൻ രചിച്ച ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, മലയാറ്റൂർ അവാർഡ്, അബുദാബി ശക്തി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യുകെയിൽ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിനായി എത്തി ശാസ്ത്ര പ്രബന്ധങ്ങൾ രചിക്കുന്നതിനോടൊപ്പം സ്ത്രീ ശാക്തീകരണത്തിനും ബ്രിട്ടനിലെ കറുത്ത വർഗ്ഗക്കാരുടെ അവകാശങ്ങൾക്കും വേണ്ടി ശ്രീമതി രജിനി നടത്തിയ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ സ്മരണാർഹമാണ്. അവരുടെ ജീവിതം തന്റെ നോവലിലൂടെ വരച്ചുകാട്ടിയതിലൂടെ ടി ഡി രാമകൃഷ്ണന് യുകെയുമായുള്ള ബന്ധവും എടുത്തു പറയേണ്ടതാണ്. ഫ്രാൻസിസ് ഇട്ടിക്കോര, മാമ ആഫ്രിക്ക, അന്ധർ ബധിരർ മൂകർ, പച്ച മഞ്ഞ ചുവപ്പ് തുടങ്ങിയ ശ്രദ്ധേയമായ നോവലുകളും കൂടാതെ ചില തമിഴ് നോവലുകളുടെ വിവർത്തനങ്ങളും ശ്രീ രാമകൃഷ്ണൻ നടത്തിയിട്ടുണ്ട്.
മലയാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ മലയാളം മിഷൻ യുകെ ചാപ്റ്ററിന് പഠനകേന്ദ്രങ്ങൾ ഉള്ളത്. ഈ പരിമിതിയെ മറികടക്കുന്നതിനും കൂടുതൽ മലയാളി കുടുംബങ്ങളുടെ അഭാവം മൂലം മലയാളം ക്ലാസുകൾ സംഘടിപ്പിക്കുവാൻ സാധിക്കാത്ത സ്ഥലങ്ങളിലുമുള്ള കുട്ടികളെയും വീട്ടിലിരുന്ന് മലയാളം പഠിപ്പിക്കുന്നതിനു വേണ്ടിയാണ് ഓൺലൈൻ മലയാളം ക്ലാസുകൾ ആരംഭിക്കുന്നതിന് മലയാളം മിഷൻ യുകെ ചാപ്റ്റർ തീരുമാനം എടുത്തിട്ടുള്ളത്.
യുകെയിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ഭാഷാസ്നേഹികളായ മലയാളികളുടെ കുട്ടികൾക്ക് ഭാഷാ പഠനം സാധ്യമാക്കുന്നതിനുള്ള ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനം നാളെ ശ്രീ ടി ഡി രാമകൃഷ്ണൻ നടത്തുന്ന ചടങ്ങിലും അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ “ടെക്നോളജിയുടെ കാലത്തെ മലയാളഭാഷ-സാധ്യതകളും, വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ചർച്ചകളിലും സാംസ്കാരിക സംവാദത്തിലും എല്ലാ ഭാഷാ സ്നേഹികളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ എന്നിവർ അഭ്യർത്ഥിച്ചു.
Address: Kerala House, 671 Romford Road, Manor Park, London, E12 5AD
Date and time: 16th April 2023, 5PM.