ന്യൂസ് ഡെസ്ക് മലയാളം യുകെ

ജനങ്ങളുടെ പ്രിയപ്പെട്ട നേതാവ് ഇനിയില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് രാവിലെ 4.25നാണ് വിടവാങ്ങിയത്. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിൻെറ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിൽ അദ്ദേഹം എത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയും ആയിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ച അദ്ദേഹം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ: മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.

1943 ഒക്ടോബർ 31 നായിരുന്നു പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിൻെറ വിദ്യാഭ്യാസം. അദ്ദേഹം സ്കൂൾകാലത്ത് തന്നെ കെഎസ്‌യുവിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1962 ൽ കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 1965 ൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 1967 ൽ സംസ്ഥാന പ്രസിഡന്റുമായി. 1969 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 27 ാം വയസ്സിൽ ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെ പരാജയപ്പെടുത്തിയായിരുന്നു ഈ നേട്ടം. 1977 ൽ ആദ്യ കരുണാകൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി. 1982 ൽ ആഭ്യന്തരമന്ത്രിയും 1991 ൽ ധനമന്ത്രിയുമായി. 1982 മുതൽ 86 വരെയും 2001 മുതൽ 2004 വരെയും യുഡിഎഫ് കൺവീനറായിരുന്നു. 2004 ൽ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.

വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലെല്ലാം ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പുണ്ട്. ജനങ്ങൾക്ക് എന്നും പ്രാധാന്യം നൽകിയ ആദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടിക്ക് യുഎന്നിൽ നിന്ന് അംഗീകാര പുരസ്‌കാരം ലഭിച്ചിരുന്നു. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്ന് വിളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു.