ഇസ്രയേലിൽ ഹമാസിന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ജന്മനാടിന്റെ അന്ത്യാഞ്ജലി.  സൗമ്യയുടെ മൃതദേഹം സംസ്‌കരിച്ചു. കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ സംസ്‌കാരം. ഇസ്രയേൽ കോൺസൽ ജനറലും അന്തിമോപചാരം അർപ്പിക്കാനെത്തി. പേരു പോലെ സൗമ്യയായ പ്രിയപ്പെട്ടവളുടെ വേർപ്പാട് ഈ നാടിന് സഹിക്കാനാകുന്നില്ല.

ഏഴ് വർഷമായി ഇസ്രയേലിൽ ജോലിചെയ്യുന്ന സൗമ്യ, ക്രിസ്മസിനോടടുത്ത് മകൻ അഡോണിന്റെ ആദ്യകുർബാന ചടങ്ങിന് നാട്ടിലെത്താൻ തീരുമാനിച്ചിരുന്നു. സമ്മാനങ്ങളുമായെത്തേണ്ട അമ്മ എത്തിയത്ത് ഒമ്പതുവയസുകാരന് തീരാ നൊമ്പരമായാണ്. ഇന്നലെ പതിനൊന്നുമണിയോടെയാണ് കീരിത്തോടുള്ള വീട്ടിലേക്ക് സൗമ്യയുടെ ഭൗതികദേഹം എത്തിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ഇസ്രയേൽ കോൺസൽ ജനറൽ ജോനാദൻ സഡ്ക അന്തിമോപചാരമർപ്പിക്കാനെത്തി.

  ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിന് സൗദിയിൽ അംഗീകാരം

വീട്ടിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മൂന്ന് മണിക്ക് ഭൗതികദേഹം കീരീത്തോട് നിത്യസഹായമാതാ പള്ളിയിൽ എത്തിച്ചു. ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലികുന്നേൽ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖരും സൗമ്യയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.