ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരിലൊരാളായ ബോബ് വില്ലിസ് അന്തരിച്ചു. 70 വയസായിരുന്നു. ആറടി ആറിഞ്ച് പൊക്കമുളള വില്ലിസിന്റെ മാരകമായ പേസ് ബൗളിങ്ങിനെ അക്കാലത്ത് ബാറ്റ്‌സ്മാന്മാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. 1971നും 84നും ഇടയില്‍ 90 ടെസ്റ്റുകളിലും 64 ഏകദിന മത്സരങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ചു. ടെസ്റ്റില്‍ 325 വിക്കറ്റുകളും വീഴ്ത്തി. ഇംഗ്ലീഷ് വിക്കറ്റ് വേട്ടക്കാരില്‍ 4ാം സ്ഥാനത്താണ്.
പരിക്കിന്റെ പിടിയികപ്പെട്ട് കരിയര്‍ നഷ്ടമാകുമെന്ന ആശങ്കയുണ്ടായെങ്കിലും ശക്തമായി കളിക്കളത്തില്‍ തിരിച്ചെത്തുകയും ശേഷം പത്തുവര്‍ഷത്തോളം തുടരുകയും ചെയ്തു. ആഷസിലൂടെ അരങ്ങേറിയ വില്ലിസ് വിരമിച്ചതിനുശേഷം കമന്റേറ്ററായും പരിചിതനായിരുന്നു. ഇക്കഴിഞ്ഞ ആഷസിലും സ്‌കൈ സ്‌പോര്‍ട്‌സിനായി അദ്ദേഹം കമന്ററി ചെയ്തു. ഒട്ടേറെ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചിട്ടുണ്ട്.
രാജ്യത്തിനായി 1982 മുതല്‍ 84 വരെ ക്യാപ്റ്റനായി. 18 ടെസ്റ്റുകളിലും 29 ഏകദിനങ്ങളിലും ടീമിന്റെ ക്യാപ്റ്റനായി. 1984ലാണ് വിരമിക്കുന്നത്. 1981ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 43 റണ്‍സ് വഴങ്ങി 8 വിക്കറ്റ് പ്രകടനമാണ് ശ്രദ്ധേയം. ആ ആഷസ് പരമ്പരയിലാകെ വില്ലിസ് നേടിയത് 29 വിക്കറ്റുകളാണ്. പരമ്പര ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു. 1982ല്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു.
Leave a Reply