ഐസിസി മുന്‍ അമ്പയര്‍ റൂഡി കോര്‍ട്‌സെന്‍ അന്തരിച്ചു. 73 വയസായിരുന്നു. കാര്‍ അപകടത്തിലാണ് മരണം. റൂഡി കോര്‍ട്‌സണിനൊപ്പം മൂന്ന് പേര്‍ കൂടി വാഹനാപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

സുഹൃത്തുക്കള്‍ക്കൊപ്പം ഗോള്‍ഫ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ശേഷം കേപ്ടൗണില്‍ നിന്ന് നാട്ടിലേക്ക് തിരികെ പോവുമ്പോഴാണ് അപകടം. റൂഡിയോടുള്ള ആദര സൂചകമായി കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ഇംഗ്ലണ്ടിന് എതിരായ സന്നാഹ മത്സരത്തില്‍ ഇറങ്ങുക.

1981ലാണ് റൂഡി അമ്പയറിങ് കരിയര്‍ ആരംഭിക്കുന്നത്. റൂഡിയുടെ
ഔട്ട് സിഗ്നല്‍ ശൈലിയാണ് ക്രിക്കറ്റ് ലോകത്ത് കൗതുകമുണര്‍ത്തിയിരുന്നത്. 331 രാജ്യാന്തര മത്സരങ്ങളില്‍ റൂഡി അമ്പയറായെത്തി.

ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങളില്‍ അമ്പയറായതില്‍ അലീം ദാറിന് പിന്നില്‍ രണ്ടാമത് റൂഡിയാണ്. സൗത്ത് ആഫ്രിക്കന്‍ റെയില്‍വേസില്‍ ക്ലര്‍ക്കായിരിക്കുമ്പോള്‍ ലീഗ് ക്രിക്കറ്റില്‍ കളിച്ചായിരുന്നു തുടക്കം. പോര്‍ട്ട് എലിസബത്തില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ അമ്പയറായെത്തിയാണ് അരങ്ങേറ്റം.