കൊൽക്കത്ത∙ ബംഗാളിന്റെ രഞ്ജി ട്രോഫി താരം കൂടിയായിരുന്ന മൂത്ത സഹോദരൻ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഹോം ക്വാറന്റീനിൽ. കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കൂടിയായ സ്നേഹാശിഷിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. സ്നേഹാശിഷുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിലാണ് ഗാംഗുലിയും ക്വാറന്റീനിൽ പ്രവേശിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സ്നേഹാശിഷിനെ ആശുപത്രിയിലേക്കു മാറ്റി. ‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് കടുത്ത പനിയുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ബെല്ലെ വ്യൂ ഹോസ്പിറ്റലിൽ ചികിത്സയിലാണ് അദ്ദേഹം’ – ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി പിടിഐയോട് പറഞ്ഞു.

‘വൈകീട്ടോടെയാണ് സ്നേഹാശിഷിന് കോവിഡ് സ്ഥിരീകരിച്ച റിപ്പോർട്ട് പുറത്തുവന്നത്. തുടർന്ന് ചട്ടമനുസരിച്ച് സൗരവ് ഗാംഗുലിയും ക്വാറന്റീനിലേക്ക് മാറി’ – ബിസിസിഐ പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്നേഹാശിഷ് ഗാംഗുലി താമസിക്കുന്ന വസതിയിലേക്ക് അടുത്തിടെ താമസം മാറിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിച്ചത്.