ഉത്രയെ കടിച്ചത് കരിമൂർഖൻ; സംസ്ഥാനത്ത് ആദ്യമായി കൊലപാതകം തെളിയിക്കാൻ പാമ്പിന്റെ പോസ്റ്റുമോർട്ടം, വിഷപ്പല്ല് ഉൾപ്പെടെ നിർണ്ണായക തെളിവുകൾ കണ്ടെത്തി

ഉത്രയെ കടിച്ചത് കരിമൂർഖൻ; സംസ്ഥാനത്ത് ആദ്യമായി കൊലപാതകം തെളിയിക്കാൻ പാമ്പിന്റെ പോസ്റ്റുമോർട്ടം, വിഷപ്പല്ല് ഉൾപ്പെടെ നിർണ്ണായക തെളിവുകൾ കണ്ടെത്തി
May 26 15:43 2020 Print This Article

കൊല്ലം അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ ഉത്രയുടെ മരണത്തിന് കാരണമായത് വിഷമുള്ള മൂർഖൻ പാമ്പെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ. പാമ്പിനെ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ കേസിന് ആവശ്യമായ തെളിവുകൾ കിട്ടിയെന്നാണ് സൂചന. പാമ്പിന്റെ വിഷപല്ല് ഉൾപ്പടെയുള്ളവ ലഭിച്ചു. പാമ്പിന്റെ മാംസം ജീർണ്ണിച്ച അവസ്ഥയിൽ ആയിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു.

ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നതും ചത്ത പാമ്പിന്റെ വിഷവും ഒന്നാണോ എന്നതടക്കം കണ്ടെത്താനാണ് സംസ്ഥാനത്ത് ആദ്യമായി, കൊലപാതകം തെളിയിക്കാൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തിയത്. ഉത്രയെ കടിച്ച കരിമൂർഖനെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു. ഇതിനെയാണ് ഇപ്പോൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തിരിക്കുന്നത്. ചിത്രങ്ങളിൽ കണ്ട പാമ്പാണോ ഇത് എന്നതുൾപ്പടെയുള്ള കാര്യങ്ങളും പരിശോധിച്ചു.

പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തിൽ കണ്ടെത്തിയ വിഷവും ഒന്നാണോ എന്ന് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു. ഇത് രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്. പാമ്പിന്റെ നീളം, പല്ലുകളുടെ അകലം എന്നിവയും പാമ്പിന്റെ പോസ്റ്റുമോർട്ടത്തിൽ പരിശോധനാവിധേയമാക്കി. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന കടിയുടെ ആഴം കണക്കാക്കാനാണ് ഇങ്ങനെ ചെയ്തത്.

അതേസമയം,പാമ്പിനെക്കൊണ്ട് മുറിയിൽ ഇട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ പരിശോധന നടത്തും. ഇതിനായി ഫോറൻസിക് വിഭാഗം വീട് പരിശോധിക്കും. ഫോറൻസിക് വിഭാഗത്തെ കൂടാതെ വെറ്ററിനറി വിഭാഗം, വനം പോലീസ് വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles