റീകോള്‍ പെറ്റീഷനിലൂടെ വോട്ടര്‍മാര്‍ പുറത്താക്കുന്ന ആദ്യ എംപിയായി മുന്‍ ലേബര്‍ പ്രതിനിധി ഫിയോണ ഒനസാന്യ. പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് 20,000ലേറെ വോട്ടര്‍മാര്‍ ഒപ്പിട്ട പെറ്റീഷനാണ് ഇവര്‍ക്കെതിരെ ലഭിച്ചത്. ഇവര്‍ക്കെതിരെ അമിതവേഗതയ്ക്ക് കേസെടുത്ത പോലീസിനോട് കള്ളം പറഞ്ഞതിന് ജനുവരിയില്‍ ഇവര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പീറ്റേഴ്‌സ്ബര്‍ഗ് കൗണ്‍സില്‍ ഇവര്‍ക്കെതിരെ പെറ്റീഷന്‍ ആരംഭിച്ചത്. എംപി സ്ഥാനത്തു നിന്ന് പുറത്താക്കണമെങ്കില്‍ 7000 പേര്‍ ഒപ്പുവെച്ച നിവേദനം മാത്രം മതിയെന്നിരിക്കെ ഇവര്‍ക്കെതിരെ 19,261 പേര്‍ രംഗത്തെത്തി. ഇത്രയും ആളുകള്‍ എത്തിയതിനാല്‍ പെറ്റീഷന്‍ വിജയകരമാണെന്നും പീറ്റേഴ്ബര്‍ഗ് പാര്‍ലമെന്റ് സീറ്റ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും പീറ്റേഴ്‌സ്ബര്‍ഗ് കൗണ്‍സില്‍ വക്താവ് അറിയിച്ചു.
2016ലെ ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി 60 ശതമാനം വോട്ടുകള്‍ ലഭിച്ച പ്രദേശമാണ് ഇത്. 2017ല്‍ ടോറി സ്ഥാനാര്‍ത്ഥിയായ സ്റ്റുവര്‍ട്ട് ജാക്‌സണെ 607 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലേബര്‍ സ്ഥാനാര്‍ത്ഥിയായ ഒനസാന്യ വിജയിച്ചത്. ഇവര്‍ പുറത്തായതിനെത്തുടര്‍ന്ന് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് നിഗല്‍ ഫരാഷിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടി പ്രഖ്യാപിച്ചു. ലേബറും കണ്‍സര്‍വേറ്റീവും തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഒനസാന്യക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വേണമെങ്കില്‍ മത്സരിക്കാം. മൂന്നു മാസത്തെ ജയില്‍ ശിക്ഷ ലഭിച്ച ഇവര്‍ എംപി സ്ഥാനം രാജിവെക്കാന്‍ തയ്യാറായിരുന്നില്ല.
കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്ന് ഇവരെ ലേബര്‍ പുറത്താക്കിയിരുന്നു. എങ്കിലും 77,379 പൗണ്ട് ശമ്പളമായി കൈപ്പറ്റുകയും കോമണ്‍സ് വോട്ടില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഫിയോണ തങ്ങളെ പ്രതിനിധീകരിക്കാന്‍ യോഗ്യയല്ലെന്ന് ഇപ്പോള്‍ പീറ്റേഴ്‌സ്ബര്‍ഗുകാര്‍ വ്യക്തമാക്കിയിരിക്കുകയാണെന്നും ലിസ ഫോര്‍ബ്‌സിനെ തങ്ങളുടെ പ്രതിനിധിയാക്കാനുള്ള അവസരം അവര്‍ക്ക് ലഭിച്ചിരിക്കുകയാണെന്നും ലേബര്‍ പാര്‍ട്ടി ചെയര്‍മാന്‍ ഇയാന്‍ ലവേരി എംപി പറഞ്ഞു.
Leave a Reply