വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസാരവല്‍കരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരനെതിരെ പ്രതിഷേധം ശക്തമാകുന്നു.

‘വയനാട്ടില്‍ ഒരു നാട് മുഴുവന്‍ ഒലിച്ചു പോയിട്ടില്ല. ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഉരുള്‍പ്പൊട്ടലില്‍ നശിച്ചത്’ എന്നായിരുന്നു മുരളീധരന്റെ പ്രസ്താവന.

മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഒരു നേതാവ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുരളീധരന്‍ മലയാളികളോട് മാപ്പ് പറയണമെന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

ബിജെപിയുടെ തനിനിറം പുറത്തായെന്ന് ടി. സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു. ദുരന്തബാധിതരെ അപമാനിക്കുന്ന നിലപാട് അനുവദിക്കാനാവില്ലെന്നും ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും സിപിഎം നേതാവ് സി.കെ ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം ചൂരല്‍മല, , മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്ത ബാധിതരോട് കേന്ദ്ര, കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

ഹര്‍ത്താലില്‍ നിന്ന് തിരഞ്ഞെടുപ്പ് സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഓടുന്ന വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, ശബരിമല തീര്‍ത്ഥാടകര്‍, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പാല്‍, പത്രം, വിവാഹ സംബന്ധമായ യാത്രകള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.