മലപ്പുറം ജില്ലയിലെ കാളികാവിൽ വ്യാപകമായ കൃഷിനാശത്തെ തുടർന്ന് നാല്പതോളം കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. ബുധനാഴ്ച ആരംഭിച്ച വേട്ട വ്യാഴാഴ്ച പുലർച്ചയോടെ അവസാനിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ അനുമതിയോടെയാണ് ഈ നടപടി നടന്നത്. ജില്ലയിൽ ഒരേ ദിവസം നടന്നതിൽ ഏറ്റവും വലിയ പന്നിവേട്ടയാണിത്.
കൃഷി നശിപ്പിക്കുന്നതിനു പുറമെ നിരവധി കര്‍ഷകര്‍ പന്നിയാക്രമണത്തില് പരിക്കേറ്റതോടെയാണ് വനം വകുപ്പിന്റെ അനുമതിയോടെ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വേട്ട ശക്തമാക്കിയത്. കൊന്നൊടുക്കിയ പന്നികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കണക്കെടുത്ത് പരിശോധന നടത്തിയ ശേഷം സ്റ്റേഷന് പരിസരത്ത് കുഴിച്ചുമൂടി. ഡി.എഫ്.ഒയുടെ അംഗീകൃത പട്ടികയിലുള്ള, തോക്ക് ലൈസന്‍സുള്ള വിദഗ്ധ ഷൂട്ടര്‍മാരാണ് വേട്ട നടത്തിയത്.
പന്നിവേട്ടയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷിജി മോളുടെ ഉത്തരവാണ് അടിസ്ഥാനമായത്. ഔദ്യോഗിക അനുമതിയോടെ കാളികാവ്, ചോക്കാട്, കരുവാരകുണ്ട്, വണ്ടൂര്‍, പോരൂര്‍ പഞ്ചായത്തുകളിലായി നൂറിലേറെ വേട്ടകള്‍ ഇതിനകം നടന്നിട്ടുണ്ട്. ദിലീപ് മേനോന്, എം.എം. സക്കീര്‍, സംഗീത് എര്‍ണോള്‍, അസീസ് കുന്നത്ത്, ഉസ്മാന് പന്‍ഗിനി, വാസുദേവന്‍ തുമ്പയില്‍, വി.സി. മുഹമ്മദലി, അര്‍ഷദ് ഖാന് പുല്ലാണി എന്നിവരടങ്ങിയ ഇരുപതംഗ സംഘമാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
Leave a Reply