ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ നോട്ടിങ്ങാം നഗരമധ്യത്തിൽ പൊലീസുകാരന് വെടിയേറ്റ സംഭവത്തിൽ ഒരു സ്ത്രീയുൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ 4.50ഓടെ ഏഞ്ചൽ റോയിലെ ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായി കണ്ട രണ്ടുപേരെ സമീപിച്ചപ്പോഴാണ് പൊലീസുകാരന് വെടിയേറ്റത്. കാലിൽ വെടിയേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ജീവന് ഭീഷണിയല്ലെങ്കിലും ജീവിതത്തെ ദീർഘകാലം ബാധിക്കാൻ സാധ്യതയുണ്ടെന്ന് നോട്ടിങ്ങാംഷെയർ പൊലീസ് ആൻഡ് ക്രൈം കമ്മീഷണർ ഗാരി ഗോഡൻ പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് നോട്ടിങ്ങാമിലെ റാഡ്ഫഡ് മേഖലയിൽ വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് 27, 25 വയസ്സുള്ള രണ്ടു സ്ത്രീകളെയും 24 വയസ്സുള്ള യുവാവിനെയും അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരുക്കേൽപ്പിക്കാൻ ശ്രമിച്ചതിനും ജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ തോക്ക് കൈവശം വച്ചതിനുമാണ് 27കാരിക്കെതിരെ കേസെടുത്തത്. കുറ്റവാളിയെ സഹായിച്ചെന്ന സംശയത്തിലാണ് മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ ബെഡ്ഫഡ്ഷെയറിൽനിന്ന് 30 വയസ്സുകാരനായ മറ്റൊരാളെയും ഇതേ സംശയത്തിൽ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്ന് തോക്ക് കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു.

സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് റിച്ചഡ് ബുൾ പറഞ്ഞു. നഗരത്തിൽ വരും ദിവസങ്ങളിൽ പൊലീസ് സാന്നിധ്യം വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. വെടിവയ്പിനെത്തുടർന്ന് ഏഞ്ചൽ റോയിൽ ഏർപ്പെടുത്തിയിരുന്ന പൊലീസ് നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. സംഭവത്തിൽ നഗരത്തിന്റെ പ്രതിച്ഛായയെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും ഇത്തരം ആക്രമണങ്ങൾ അപൂർവമാണെന്നും ദുരന്തസമയത്ത് സഹായത്തിനെത്തിയ പൊതുജനങ്ങളുടെ ഇടപെടൽ ആശ്വാസകരമാണെന്നും നോട്ടിങ്ങാം ഈസ്റ്റിലെ ലേബർ എംപി നാദിയ വിറ്റോം പ്രതികരിച്ചു.











Leave a Reply