കാനഡയില്‍നിന്ന് അനധികൃതമായി യു.എസി.ലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. ഒരു സ്ത്രീയെയും മൂന്ന് പുരുഷന്മാരെയുമാണ് കാനഡ അതിര്‍ത്തിയില്‍നിന്ന് യു.എസ്. ബോര്‍ഡര്‍ പട്രോള്‍ വിഭാഗം പിടികൂടിയത്.

ഗുഡ്‌സ് ട്രെയിനില്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നാലുപേരെയും ബഫലോയിലെ അന്താരാഷ്ട്ര റെയില്‍വേപാലത്തില്‍നിന്നാണ് ബോര്‍ഡര്‍ പട്രോള്‍ കസ്റ്റഡിയിലെടുത്തത്. ട്രെയിനില്‍നിന്ന് ചാടിയതിന് പിന്നാലെ നാലുപേരും അധികൃതരുടെ പിടിയിലാവുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അറസ്റ്റിലായവരില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ ഇന്ത്യക്കാരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നാലാമത്തെയാള്‍ ഡൊമിനിക്കന്‍ സ്വദേശിയാണ്. യാതൊരു രേഖകയും ഇവരുടെ കൈവശമുണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ സ്ത്രീയെയാണ് ബോര്‍ഡര്‍ പട്രോള്‍ വിഭാഗം ആദ്യം കസ്റ്റഡിയിലെടുത്തത്. ബോര്‍ഡര്‍ പട്രോള്‍ സംഘം സ്ത്രീയെ കണ്ടതോടെ ഒപ്പമുണ്ടായിരുന്ന പുരുഷന്മാര്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് ഇവരെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതിയെ പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. ബാക്കി മൂന്നുപേരെയും ബഫലോയിലെ ജയിലിലേക്കയച്ചു. ഇവരെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.