പൗരോഹിത്യ രജത ജൂബിലിയുടെ നിറവിൽ ഫാ ജോസ് അന്ത്യാംകുളം. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിൻെറ ആശീര്‍വാദത്തോടെ ഭക്തി നിര്‍ഭരമായി ആഘോഷങ്ങൾ

പൗരോഹിത്യ രജത ജൂബിലിയുടെ നിറവിൽ ഫാ ജോസ് അന്ത്യാംകുളം. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിൻെറ ആശീര്‍വാദത്തോടെ ഭക്തി നിര്‍ഭരമായി ആഘോഷങ്ങൾ
January 01 16:35 2021 Print This Article

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സ്പിരിച്ച്വല്‍ കമ്മീഷന്‍ ചെയര്‍മാനും ലണ്ടന്‍ വാല്‍ത്താംസ്റ്റേ, റെയ്‌നാം മിഷ്യന്‍ ഡയറക്ടറുമായ ജോസച്ചന്റെ പൗരോഹിത്യ രജത ജൂബിലി 27ാം തീയതി ഞായറാഴ്ച ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇടവക വികാരി കാനന്‍ റൈനല്‍ ഹാരിങ്ങ്ടണിന്റെ ആശംസ പ്രസംഗത്തോടെ ആരംഭിച്ച കൃതഞ്ജതാ ബലിയില്‍ കോവിഡ് നിബന്ധനകളോടെ നൂറില്‍പരം കുടുംബങ്ങള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വേദപാഠം, വനിതാ ഫോറം, കുടുംബ കൂട്ടായ്മ പ്രതിനിധികള്‍ ആശംസകളര്‍പ്പിച്ച് മിഷ്യന്‍ അംഗങ്ങളുടെ സ്‌നേഹോപഹാരം സമ്മാനിച്ചു.

വൈകിട്ട് 7 മണിയ്ക്ക് ആരംഭിച്ച വെര്‍ച്ച്വല്‍ ജൂബിലി സെലിബ്രേഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ആശീര്‍വദിക്കുകയും ജോസച്ചന്‍ ആശംസകളര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വി.ജി. റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വി.ജി. ഫാ. ജോര്‍ജ്ജ് ചേലയ്ക്കല്‍ ,ലണ്ടന്‍ റീജണ്‍ കോഡിനേറ്റര്‍ ഫാ. ടോമി ഏടാട്ട്, കുടുംബ കൂട്ടായ്മ ചെയര്‍മാന്‍ ഫാ. ഹാന്‍സ് പുതിയ കുളങ്ങര, ലത്തിന്‍ കമ്യൂണിറ്റി ചാപ്ല്യന്‍ ഫാ. ജോണ്‍സണ്‍ അലക്‌സാണ്ടര്‍, ക്‌നാനായ മിഷ്യന്‍ ഡയറക്ടര്‍ ഫാ. ജോഷി ഫിലിപ്പ് തുടങ്ങി നിരവധി വൈദീകരും അല്‍മായ സംഘടനാ പ്രതിനിധികളും ആശംസകള്‍ അര്‍പ്പിച്ചു.

മിഷ്യന്‍ അംഗങ്ങളില്‍ പാരമ്പര്യ വിശ്വാസം നിലനിര്‍ത്താന്‍ അദ്ധ്വാനിക്കുന്നതോടൊപ്പം ദൈനം ദിന സുവിശേഷ പ്രഘോഷണ പരമ്പരയും മരിയന്‍ ദിന ശുശ്രൂഷ വഴിയും വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകരിച്ച് വിശുദ്ധിയില്‍ കുടുംബങ്ങള്‍ വളരാന്‍ ജോസച്ചന്‍ എടുക്കുന്ന കഠിന പ്രയത്‌നങ്ങള്‍, ആശംസാ പ്രാസംഗീകരെല്ലാം പ്രശംസിച്ചു.

ജൂബിലി ആഘോഷം മനോഹരവും ഭക്തിനിര്‍ഭരവുമാക്കാന്‍ പ്രയത്‌നിച്ച കൈക്കാരന്മാര്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും ജോസച്ചന്‍ സ്‌നേഹ നിര്‍ഭരമായ നന്ദി അറിയിച്ചുകൊണ്ട് ജൂബിലി ആഘോഷം സമാപിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles