ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

വാല്‍സിംഹാം: പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈസ്റ്റ് ആംഗ്ലിയ രൂപതയില്‍ വൈദിക സേവനത്തിനും പഠനത്തിനുമായി വന്ന ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേലിന്റെ മനസില്‍ ദൈവം നല്‍കിയ ഉള്‍ക്കാഴ്ചയുടെ വിത്ത്, മുളച്ച് വളര്‍ന്ന് വടവൃക്ഷമായതിന്റെ ധന്യതയിലാണ് യു.കെ.മലയാളികള്‍. കേരളത്തില്‍ മാതൃഭക്തി പലരീതിയില്‍ പരിശീലിച്ചുവന്ന ക്രൈസ്തവര്‍ യുകെയിലേയ്ക്ക് കുടിയേറിയപ്പോള്‍ ഈ മാതൃഭക്തിയും മാതൃവാത്സല്യവും നഷ്ടമാകാതിരിക്കാന്‍ പരി. മാതാവു തന്നെ മാത്യു അച്ചനിലൂടെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് വിശ്വസിക്കുകയാണ് ബ്രിട്ടനിലെത്തിയ മലയാളികള്‍. ഇതു ദൈവ പരിപാലനയില്‍ പിറന്ന ആശയമായിരുന്നു എന്നതിന്റെ തെളിവാണ് ആദ്യവര്‍ഷം ഏതാനും കുടുംബങ്ങള്‍ മാത്രം വന്നുചേര്‍ന്ന ഈ തീര്‍ത്ഥാടനത്തിന് ഇപ്പോള്‍ എല്ലാവര്‍ഷവും ഏഴായിരത്തിലേറെ പേര്‍ സംബന്ധിക്കാനെത്തുന്നത്.

കഴിഞ്ഞ പതിനാറ് വര്‍ഷത്തിലേറെയായി ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ സേവനം ബഹു. മാത്യു ജോര്‍ജ് അച്ചന്‍ കോട്ടയം ജില്ലയില്‍, പാലാ രൂപതയില്‍പ്പെട്ട പൂവത്തോട് ഇടവകയില്‍ വണ്ടാലക്കുന്നേല്‍ ജോസഫ് ജോര്‍ജ് – മേരി ജോര്‍ജ് ദമ്പതികളുടെ ഒന്‍പത് മക്കളില്‍ ആറാമനായി ജനിച്ചു. ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ അദ്ദേഹത്തിന്റെ വിശിഷ്ട സേവനങ്ങളെ മാനിച്ച് 2016-ല്‍ രൂപത അദ്ദേഹത്തെ കാനന്‍ പദവിയിലേയ്ക്കുയര്‍ത്തി. രൂപതയുടെ ഔദ്യോഗിക ഭരണ നിര്‍വ്വഹണത്തില്‍ രൂപതാ മെത്രാന്റെ ഉപദേശകരായി വര്‍ത്തിക്കുന്നവരാണ് കാനന്‍ പദവിയിലുള്ളവര്‍.

2016-ല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ഔദ്യോഗികമായി സ്ഥാപിതമാകുന്നതുവരെ ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ പിതാവായും അദ്ദേഹം വര്‍ത്തിച്ചിരുന്നു. ഇത്തവണ രൂപതാധ്യക്ഷനൊപ്പം വാല്‍സിംഹാമിലെ അള്‍ത്താരയില്‍ വണ്ടാലക്കുന്നേലച്ചനും സഹകാര്‍മ്മികനായി പങ്കുചേരും. വരും നാളുകളിലും അനേകായിരങ്ങള്‍ക്ക് ആശ്വാസവും സന്തോഷവും പകരുന്ന രീതിയില്‍ ദൈവജനനിയുടെ കൃപകള്‍ ഇടതടവില്ലാതെ വര്‍ഷിക്കുന്ന അനുഗ്രഹവേദിയായി ഈ തീര്‍ത്ഥാടനം മാറട്ടെയെന്ന് വണ്ടാലക്കുന്നേലച്ചന്‍ ആശംസിക്കുന്നു. ‘ഞാന്‍ നട്ടു, അപ്പോളോസ് നനച്ചു, എന്നാല്‍ ദൈവമാണ് വളര്‍ത്തിയത്. (1 കോറിന്തോസ് 3: 6) എന്ന തിരുവചനം പോലെ വണ്ടാലക്കുന്നേലച്ചന്‍ നട്ട് ഈസ്റ്റ് ആംഗ്ലിയ രൂപത നനച്ച് ദൈവം വടവൃക്ഷമായി വളര്‍ത്തിയ ഈ വാല്‍സിംഹാം തീര്‍ത്ഥാടനത്തിലേയ്ക്ക എല്ലാവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.