തന്ത്രശാലികളായ പരിശീലകര്‍ ഏറ്റുമുട്ടുന്ന പോരാട്ടമായിരിക്കും ഫ്രാന്‍സ് – ബെല്‍ജിയം സെമിഫൈനല്‍. ബെല്‍ജിയത്തിന്റെ സഹപരിശീലകനായ മുന്‍ ഫ്രഞ്ച് താരം തിയറി ഒന്‍‍റി കളിമെനയേണ്ടത് സ്വന്തം രാജ്യത്തിനെതിരെ.

റോബര്‍ട്ടോ മാര്‍ട്ടീനസ്… ഒരു പതിറ്റാണ്ടോളം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിപഠിപ്പിച്ച തന്ത്രശാലി. ഇംഗ്ലണ്ടിലെ വമ്പന്‍ ക്ലബുകള്‍ ഭയക്കുന്ന നീക്കങ്ങള്‍ നടത്താന്‍ എവര്‍ട്ടനെ സജ്ജമാക്കി ഫുട്ബോളില്‍ വിട്ടുവീഴ്ച ഇഷ്ടപ്പെടാത്ത ഈ സ്പെയിന്‍കാരന്‍. ക്ലബ് ഫുട്ബോളിന്റെ അമരത്തുനിന്നെത്തിയത് ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയെ കളിപഠിപ്പിക്കാന്‍. എതിരാളികളുടെ നീക്കങ്ങള്‍ക്കനുസരിച്ച് കളിമെനയുന്ന മാര്‍ട്ടീനസിന്റെ തന്ത്രമാണ് ബെല്‍ജിയത്തിനെ സെമിയിലെത്തിച്ചത്. ഫ്രാന്‍സിനെതിരെ ഇറങ്ങുമ്പോള്‍ മാര്‍ട്ടീനസിന്റെ സഹപരിശീലകന്‍ തിയറി ഒന്‍റിക്ക് സ്വന്തം രാജ്യത്തിനെതിരെ ബെല്‍ജിയം മുന്നേറ്റനിരയെ ഒരുക്കണം. മാര്‍ട്ടീനസും ഒന്‍റിയും തന്ത്രങ്ങളൊരുക്കേണ്ടത് ദിദിയര്‍ ദെഷാംസിനെതിരെ. ദെഷാംസും ഒന്‍‍‍റിയും ഒരുമിച്ച് കളത്തിലറങ്ങിയപ്പോഴൊന്നും ഫ്രാന്‍സ് തോറ്റിട്ടില്ല എന്നത് ചരിത്രം. റഷ്യയില്‍ ബെല്‍ജിയത്തിനോ ഫ്രാന്‍സിനോ ഫൈനലിലെത്തണമെങ്കില്‍ ഒരു ഫ്രഞ്ചുകാരന്റെ തോല്‍വി അനിവാര്യം

ലോകകപ്പിന് ഇത്തവണ പുതിയ അവകാശികള്‍ ഉണ്ടാകുമെങ്കില്‍ അത് ബെല്‍ജിയമാണ്. ടൂര്‍ണമെന്റിന്റെ തുടക്കംമുതല്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെട്ട ടീം. കന്നികിരീടമാണ് റെഡ് ഡെവിള്‍സിന്റെ ലക്ഷ്യം.

ലോകത്തെ മൂന്നാം നമ്പര്‍ ടീമായിട്ടും കറുത്ത കുതിരകളെന്ന വിശേഷണമായിരുന്നു ബെല്‍ജിയത്തിനുമേല്‍ ചാര്‍ത്തപ്പെട്ടത്. ടൂര്‍ണമെന്റ് ഫേവറേറ്റുകളായി അംഗീകരിക്കാന്‍ കളി വിദഗ്ധര്‍ക്ക് പോലും എന്തോ ഒരുമടി. അതിന് പല കാരണങ്ങളുണ്ട്. 1930ലെ പ്രഥമ ലോകകപ്പ് മുതല്‍ കളിക്കളത്തിലെ സാന്നിധ്യമാണ്. അഞ്ചുതവണ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 1986 ലോകകപ്പ് മാത്രമാണ് ബെല്‍ജിയം ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇടംനേടിയത്. പക്ഷെ ആ ലോകകപ്പ് മറഡോണയുടെ പേരില്‍ എഴുതിചേര്‍ക്കപ്പെട്ടു. സെമിയില്‍ അതേ മറഡോണയാണ് റെഡ് ഡെവിള്‍സിന്റെ വഴിയടച്ചതും. ആ തോല്‍വി ബെല്‍ജിയം ഫുട്ബോളിലെ വിസ്മൃതിയിലാക്കി. പിന്നീട് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്. 2006ലും 2010ലും യോഗ്യത പോലും നേടിയില്ല. ആ വര്‍ഷങ്ങളില്‍ ഒരു സുവര്‍ണ തലമുറയെ വാര്‍ത്തെടുക്കുകയായിരുന്നു ബെല്‍ജിയം. 2014ല്‍ ബ്രസീലില്‍ അവതരിച്ചത് ആ ഗോള്‍ഡണ്‍ ജനറേഷനാണ്. പക്ഷെ 1986ല്‍ മറഡോണയുടെ അര്‍ജന്റീന സെമിയില്‍ വഴിതടഞ്ഞെങ്കില്‍ 2014ല്‍ മെസ്സിയും സംഘവും ക്വാര്‍ട്ടറില്‍ ചെകുത്താന്മാരുടെ കഥകഴിച്ചു. ഈ കണക്കുകളെല്ലാം മനസ്സിലിട്ടാണ് റഷ്യയിലെത്തിയത്. അര്‍ജന്റീനയെ വീഴ്ത്തിയ ഫ്രാന്‍സിന് മുന്നിലേയ്ക്കാണ് ഇനി. രണ്ട് മല്‍സരംകൂടി ജയിച്ചാല്‍ കന്നികിരീടമെന്ന സ്വപ്നം പൂവണിയും.

യുവത്വത്തിന്റെ കരുത്തില്‍ സെമിയിലെത്തിയ ഫ്രാന്‍സിന് രണ്ട് പതിറ്റാണ്ടിന് ശേഷം കിരീടം ഉയര്‍ത്തലാണ് ലക്ഷ്യം. 1998ല്‍ ജേതാക്കളായ ടീമിന്റെ ക്യാപ്റ്റനായ ദെഷാംസ് പരിശീലക കുപ്പായത്തിലെത്തുമ്പോള്‍ പ്രതീക്ഷയും വര്‍ധിക്കുന്നു. അവസാന നാലിലെ ടീമുകളില്‍ മികച്ച പ്രതിരോധമുള്ളതും ഫ്രാന്‍സിനാണ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകകപ്പിന് മുന്‍പ് കളിയെഴുത്തുകാര്‍ കിരീട സാധ്യത കല്‍പിച്ച ടീമുകളില്‍ അവശേഷിക്കുന്നത് ഫ്രാന്‍സ് മാത്രം. യുവത്വവും പ്രതിഭാ ധാരാളിത്തവും ഒത്തുചേര്‍ന്ന നിരയാണ് ഫ്രഞ്ച് പടയുടെ കരുത്ത്. കുഞ്ഞന്‍മാര്‍ക്കൊപ്പം ഗ്രൂപ്പ് സിയില്‍ പന്തുതട്ടിയ ഫ്രാന്‍സ് തട്ടുകേടില്ലാതെ ഗ്രൂപ്പ് ഘട്ടം മറികടക്കാനാണ് ഫ്രാന്‍സിന്റെ വിശ്വരൂപം പിന്നീട് ലോകം കണ്ടത് പ്രീക്വാര്‍ട്ടറില്‍. പ്രായം തളര്‍ത്തിയ അര്‍ജന്റീന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് കൗണ്ടര്‍ അറ്റാക്കുകളിലൂടെ നെപ്പോളിയന്റെ നാട്ടുകാര്‍ മെസിപ്പടയെ നാട്ടിലേക്കയച്ചു. ഫ്രാന്‍സ് എഞ്ചിന്റെ കരുത്ത് ലോകം അന്നാണ് കണ്ടത്.

ക്വാര്‍ട്ടറില്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യം ദെഷാംസിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ടൂര്‍ണമെന്റിലെ സന്തുലിത ടീമായ യുറഗ്വായ്‌യെ ലോറിസും കൂട്ടരും തോല്‍പിച്ചത് മധ്യനിരയുടെ കരുത്ത് കൊണ്ട്.

മികച്ച മധ്യനിരയും മുന്നേറ്റവുമുണ്ടെങ്കിലും ഫ്രഞ്ച് പാളയത്തിലെ കരുത്ത് പ്രതിരോധത്തിലാണ്. ഉംറ്റിറ്റിയും വരാനെയും പവാര്‍ഡുടമടങ്ങുന്ന ഡിഫന്‍സ് ഇതുവരെ 56 ഇന്റര്‍സെപ്ഷനും 134 ക്ലിയറന്‍സും നടത്തി. അതിനാല്‍ ലുക്കാകു ഡിബ്രൂയിനെ ഹസാര്‍ഡ് ത്രയം സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നന്നേ വിയര്‍ക്കും. രണ്ട് യൂറോപ്യന്‍ കരുത്തര്‍ നേര്‍ക്ക്നേര്‍ വരുമ്പോള്‍ കുമ്മായവരയ്ക്ക് പുറത്തെ രണ്ട് ബുദ്ധിശാലികളുടെ കളിയാകും ഫ്രാന്‍സ് ബെല്‍ജിയം മല്‍സരം

98ല്‍ കിരീടം നേടിയ ദെഷാംസ് ഇത്തവയണ പരിശീലക കുപ്പായത്തിലെത്തുമ്പോള്‍ രണ്ട് പതിറ്റാണ്ടിന് ശേഷം കനകക്കിരീടം പാരീസിലെത്തുമെന്നാണ്