പാരീസ്: ഫ്രാന്‍സില്‍ മരുന്ന പരീക്ഷണത്തില്‍ പങ്കെടുത്തയാള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. നാലു പേര്‍ക്ക് ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇതില്‍ മൂന്നു പേര്‍ക്ക് ചികിത്സിച്ചു ഭേദമാക്കാനാകാത്ത വിധത്തിലുള്ള മസ്തിഷ്‌ക ക്ഷതം സംഭവിച്ചതായും വെളിപ്പെടുത്തലുണ്ട്. വെസ്റ്റേണ്‍ ഫ്രാന്‍സിലുള്ള ഒരു ക്ലിനിക്കില്‍ നടന്ന പുതിയ വേദനാ സംഹാരിയുടെ പരീക്ഷണമാണ് പരാജയപ്പെട്ടത്. ആശുപത്രിയിലെ ചീഫ് ന്യൂറോളജിസ്റ്റായ പ്രൊഫ.ഗില്‍സ് ഈഡന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഒരാള്‍ ചികിത്സയിലുണ്ടെങ്കിലും ഇയാളുടെ നില അത്രഗുരുതരമല്ല. ആറു പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും ഫ്രാന്‍സിലെ ആരോഗ്യമന്ത്രി അറിയിച്ചു. 90 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ മരുന്ന പരീക്ഷണത്തിന് വിധേയരായി. വ്യത്യസ്ത ഡോസുകളിലാണ് പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്ക് മരുന്ന് നല്‍കിയത്. ഇതിന് മുമ്പ് രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. 28നും 49നും ഇടയില്‍ പ്രായമുളള ആറ് പേരാണ് ചികിത്സയല്‍ കഴിയുന്നത്. ഈ മാസം ഏഴിന് പരീക്ഷണം ആരംഭിക്കുമ്പോള്‍ ഇവര്‍ പൂര്‍ണ ആരോഗ്യവാന്‍മാരായിരുന്നു.

റെന്‍സ് ആശുപത്രയില്‍ പ്രവേശിപ്പിച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യാന്തര നിര്‍ദേശങ്ങള്‍ പാലിച്ചാണ് തങ്ങള്‍ പരീക്ഷണം നടത്തിയതെന്ന് ബയോട്രയല്‍ വ്യക്തമാക്കുന്നു. കഞ്ചാവിലടങ്ങിയിട്ടുളളതിന് സമാനമായ സംയുക്തങ്ങളാണ് ഈ മരുന്നിലും ഉളളതെന്ന് പ്രൊഫ. ഈഡന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇത് കഞ്ചാവ് കൊണ്ടല്ല ഉണ്ടാക്കിയിട്ടുളളതെന്നും ഇവര്‍ പറയുന്നു. പോര്‍ച്ചുഗീസ് മരുന്ന് നിര്‍മാണ കമ്പനിയായ ബിയാല്‍ ആണിത് നിര്‍മിച്ചിട്ടുളളത്.