ന്യൂസ് ഡെസ്ക് മലയാളം യുകെ

അവസാനദിന ആഘോഷങ്ങൾക്കിടെ വിദ്യാർത്ഥികൾക്ക് നേരെ കാർ ഇടിച്ചു കയറിയ ദുരന്തത്തിൽ ഒരു പെൺകുട്ടി കൂടി ജീവൻ വെടിഞ്ഞു. എട്ടുവയസ്സുകാരി നൂറിയ സജ്ജാദി ആണ് മരണമടഞ്ഞത്. സംഭവത്തിൽ എട്ടുവയസ്സുകാരിയായ സെലീന ലോ നേരത്തെ മരണമടഞ്ഞിരുന്നു.

തങ്ങളുടെ കുടുംബത്തിൻറെ വെളിച്ചമായിരുന്നു നൂറിയ എന്നാണ് കുടുംബം മരണമടഞ്ഞ പെൺകുട്ടിയെ കുറിച്ചുള്ള പ്രസ്താവനയിൽ പറഞ്ഞത്. അവസാന നാളുകളിൽ നൂറിയയെ രക്ഷപ്പെടുത്താൻ കിണഞ്ഞു പരിശ്രമിച്ച എമർജൻസി സർവീസുകൾക്കും സെൻറ് ജോർജ് ഹോസ്പിറ്റലിലെ ജീവനക്കാർക്കും സഹപാഠികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ സ്റ്റാഫിനും അവർ നന്ദി പറഞ്ഞു.

വിംബിൾഡണിലെ ക്യാമ്പ് റോഡിലുള്ള ദി സ്റ്റഡി പ്രെപ്പ് സ്കൂളിന്റെ പ്രധാന ഹാൾ കെട്ടിടത്തിൽ ജൂലൈ 6 വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് വിദ്യാർത്ഥികൾക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയത്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. വേനൽ കാലയളവിന്റെ അവസാന ദിവസം ആഘോഷിക്കാൻ ഒരു ഔട്ട്ഡോർ പാർട്ടി നടത്തുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നു.

ഗുരുതരമായി പരിക്കുപറ്റിയ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകരമായ രീതിയിൽ വാഹനമോടിച്ച 40കാരിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് നേരത്തെ അറിയിച്ചിരുന്നു.

സംഭവങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുമ്പോൾ അനാവശ്യമായ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അപകടങ്ങൾക്ക് തീവ്രവാദവുമായി ബന്ധമുണ്ടാകുനുള്ള സാധ്യത പോലീസ് തള്ളി കളഞ്ഞിട്ടുണ്ട്. സംഭവങ്ങളെ തുടർന്ന് കുട്ടികളെ കൂടാതെ 40 വയസ്സുള്ള ഒരു സ്ത്രീയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.