ഇസ്ലാമിസ്റ്റ് ഭീകരന്‍ ബന്ദികളാക്കിയവര്‍ക്ക് പകരം സ്വയം സമര്‍പ്പിച്ച് ജീവന്‍ ബലി നല്‍കിയ പോലീസ് ഉദ്യോഗസ്ഥന് ആദരാഞ്ജലികള്‍ അര്‍പ്പിത്ത് ഫ്രാന്‍സ്. ലെഫ്. കേണല്‍ അര്‍നോഡ് ബെല്‍ട്രെയിം ആണ് ബന്ദികള്‍ക്ക് പകരം തന്റെ ജീവന്‍ നല്‍കിയത്. വെള്ളിയാഴ്ച രാവിലെ കാര്‍കാസോണിലാണ് സംഭവമുണ്ടായത്. ഇസ്ലാമിസ്റ്റ് തീവ്രവാദിയായ റെദോവാന്‍ ലാക്ദിം എന്ന 25കാരന്‍ ഒരു കാര്‍ തട്ടിയെടുക്കുകയും യാത്രക്കാരനെ കൊലപ്പെടുത്തുകയും ചെയ്തു. ഡ്രൈവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ജോഗിംഗ് നടത്തുകയായിരുന്ന പോലീസുകാര്‍ക്കു നേരെ ഇയാള്‍ വെടിയുതിര്‍ത്തു. പിന്നീട് ട്രീബ്‌സില്‍ സൂപ്പര്‍ യു സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ താന്‍ ഐസിസ് തീവ്രവാദിയാണെന്ന് വിളിച്ചു പറയുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തു.
സ്റ്റോറിലുണ്ടാരുന്നവരെ ഇയാള്‍ ബന്ദികളാക്കി. പിന്നീട് സ്റ്റോറില്‍ അകപ്പെട്ട നിരവധി പേരെ പോലീസ് മോചിപ്പിച്ചെങ്കിലും ഒരു സ്ത്രീയെ ഇയാള്‍ മനുഷ്യകവചമാക്കി നിര്‍ത്തി. ഈയവസരത്തിലാണ് കേണല്‍ ബെല്‍ട്രെയിം ബന്ദിക്ക് പകരം സ്വയം നല്‍കിയത്. അപ്രകാരം ചെയ്തപ്പോള്‍ തന്റെ മൊബൈല്‍ ഫോണ്‍ പുറത്തുള്ളവര്‍ക്ക് വിവരങ്ങള്‍ ലഭിക്കാനായി സജ്ജമാക്കി ഒരു ടേബിളില്‍ വെച്ചിരുന്നു. പിന്നീട് വെടിയൊച്ചകള്‍ കേട്ടപ്പോള്‍ പോലീസ് സംഘം സൂപ്പര്‍മാര്‍ക്കറ്റിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഇതിനിടെ ബെല്‍ട്രെയിമിന് വെടിയേറ്റിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇസ്ലാമിക ഭീകരാക്രമണം എന്നാണ് സംഭവത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിശേഷിപ്പിച്ചത്. ആക്രമണം നടത്തിയ യുവാവിനെ പോലീസ് പിന്നീട് വെടിവെച്ചു കൊന്നു. 16 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. 2015ല്‍ 130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ഭീകരാക്രമണത്തില്‍ പിടിയിലായ സലാ അബ്ദെസലാമിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ആക്രമണം നടത്തിയത്. ബെല്‍ട്രെയിം പ്രകടിപ്പിച്ച ധീരതയെ ഇമ്മാനുവല്‍ മാക്രോണ്‍ പ്രകീര്‍ത്തിച്ചു. ഉദ്യോഗസ്ഥന്റെ ത്യാഗവും ധീരതയും എന്നും ഓര്‍മിക്കപ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു.
Leave a Reply