‘നിങ്ങളുടെ ഭാവിയില്‍ നിന്ന്,’ എന്ന തലക്കെട്ടില്‍ സഹയൂറോപ്യന്‍ പൗരന്മാര്‍ക്ക് കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാഴ്ചയായി റോമില്‍ അടച്ചുപൂട്ടലില്‍ കഴിയുന്ന പ്രമുഖ ഇറ്റാലിയന്‍ നോവലിസ്റ്റ് ഫ്രാന്‍സെസ്‌ക മെലാന്‍ഡ്രി എഴുതിയ കത്ത്

Francesca Melandri Twitter Trend : The Most Popular Tweets ...

‘ഞാന്‍ ഇറ്റിലിയില്‍ നിന്നാണ് നിങ്ങള്‍ക്ക് എഴുതുന്നത്. നിങ്ങളുടെ ഭാവിയില്‍ നിന്നുകൊണ്ടാണ് ഞാന്‍ എഴുതുന്നത് എന്നാണ് അതിനര്‍ത്ഥം. നിങ്ങള്‍ എതാനും ദിവസങ്ങള്‍ക്കുള്ളില്‍ എത്തപ്പെടാന്‍ സാധ്യതയുള്ള അവസ്ഥയിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഒരു സമാന്തര നൃത്തത്തില്‍ നമ്മളെല്ലാം ചുറ്റിപ്പിണഞ്ഞിരിക്കുന്നു എന്നാണ് പകര്‍ച്ചവ്യാധിയുടെ രേഖാചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്.

വുഹാന്‍ നമ്മളില്‍ നിന്നും ഏതാനും ആഴ്ചകള്‍ മുന്നിലായിരുന്നു എന്നത് പോലെ തന്നെ സമയത്തിന്റെ പാതയില്‍ നിങ്ങളെക്കാള്‍ ഏതാനും ചുവട് മുന്നിലാണ് ഞങ്ങള്‍. ഞങ്ങള്‍ പെരുമാറിയത് പോലെ തന്നെ നിങ്ങള്‍ പെരുമാറുന്നത് ഞങ്ങള്‍ നിരീക്ഷിക്കുന്നു. കുറച്ച് സമയം മുമ്പ് ഞങ്ങള്‍ നടത്തിയ ‘അതൊരു പനി മാത്രമല്ലേ, എന്തിനാണ് ഇത്രയും പരിഭ്രമം?’ എന്ന് ഇപ്പോഴും ചോദിക്കുന്നവരും അതിനെ കുറിച്ച് ഇതിനകം മനസിലാക്കിയിട്ടുള്ളവരും തമ്മിലുള്ള അതേ വാദപ്രതിവാദം നിങ്ങളും തുടരുന്നു.

ഞങ്ങള്‍ ഇവിടെ നിന്നുകൊണ്ട്, നിങ്ങളുടെ ഭാവിയില്‍ നിന്നുകൊണ്ട് നിരീക്ഷിക്കുമ്പോള്‍, നിങ്ങളുടെ വീടുകളില്‍ സ്വയം തളച്ചിടാന്‍ നിങ്ങളോട് ആവശ്യപ്പെടുമ്പോള്‍ നിങ്ങളില്‍ പലരും ഓര്‍വെല്ലിനെയും ചിലരെങ്കിലും ഹോബ്‌സിനെയും ഉദ്ധരിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷെ, താമസിയാതെ തന്നെ അതിന് പോലും നിങ്ങള്‍ക്ക് സമയമുണ്ടാവില്ല.

ആദ്യമായി, നിങ്ങള്‍ ഭക്ഷണം കഴിക്കും. നിങ്ങള്‍ അവസാനമായി ചെയ്യാന്‍ കഴിയുന്ന അപൂര്‍വം ചില കാര്യങ്ങളില്‍ ഒന്ന് മാത്രമായത് കൊണ്ടല്ല അത്.

നിങ്ങളുടെ ഒഴിവ് വേളകള്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനെ കുറിച്ച് ഉപദേശങ്ങള്‍ നല്‍കുന്ന ഡസന്‍ കണക്കിന് സാമൂഹ്യ ശൃംഘല സംഘങ്ങളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. നിങ്ങള്‍ അവയില്‍ അംഗമാകുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അതിനെ കുറിച്ച് പൂര്‍ണമായും മറക്കുകയും ചെയ്യും.

നിങ്ങളുടെ പുസ്തകശേഖരത്തില്‍ നിന്നും മഹാദുരന്ത സംബന്ധിയായ പുസ്തകങ്ങള്‍ നിങ്ങള്‍ വലിച്ചെടുക്കും. പക്ഷെ നിങ്ങള്‍ക്ക് അവ വായിക്കാന്‍ തീരെ തോന്നുന്നില്ലെന്ന് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയും.

നിങ്ങള്‍ ഭക്ഷണം കഴിക്കും. പക്ഷെ, നന്നായി ഉറങ്ങില്ല. ജനാധിപത്യത്തിന് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കും.

തടസപ്പെടഞ്ഞുനിറുത്താനാവാത്ത ഒരു സാമൂഹ്യ ജീവിതം നിങ്ങള്‍ക്കുണ്ടാവും. മെസഞ്ചറില്‍, വാട്ട്‌സ്ആപ്പില്‍, സ്‌കൈപ്പില്‍, സൂമില്‍…

മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ നിങ്ങളുടെ മുതിര്‍ന്ന കുട്ടികളുടെ അഭാവം നിങ്ങള്‍ക്ക് അനുഭവപ്പെടും; അവരെ ഇനി എന്ന് കാണാന്‍ സാധിക്കും എന്ന് ഒരു ധാരണയുമില്ലെന്ന തിരിച്ചറിവ് നിങ്ങളുടെ നെഞ്ചില്‍ ഏല്‍ക്കുന്ന ഒരു ഇടിയായി മാറും.

പഴയ വിദ്വേഷങ്ങളും വഴക്കുകളും അപ്രസക്തമായി തീരും. ഇനിയൊരിക്കലും അവരോട് സംസാരിക്കില്ലെന്ന് നിങ്ങള്‍ പ്രതിജ്ഞ ചെയ്ത ആളുകളെ നിങ്ങള്‍ വിളിക്കുകയും ഇങ്ങനെ ചോദിക്കുകയും ചെയ്യും: ‘നിങ്ങള്‍ എങ്ങനെ പോകുന്നു?’

നിരവധി സ്ത്രീകള്‍ക്ക് തങ്ങളുടെ വീട്ടില്‍ വച്ച് മര്‍ദ്ദനമേല്‍ക്കും.

ഭവനരഹിതരായതിനാല്‍ വീട്ടില്‍ കഴിയാന്‍ സാധിക്കാത്ത ആളുകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ അത്ഭുതപ്പെടും. പുറത്ത് കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനായി വിജനമായ തെരുവുകളിലൂടെ പോകുമ്പോള്‍, നിങ്ങള്‍ക്ക് പ്രത്യേകിച്ചും നിങ്ങളൊരു സ്ത്രീയാണെങ്കില്‍, അരക്ഷിതാവസ്ഥ അനുഭവപ്പെടും. സമൂഹത്തിന്റെ തകര്‍ച്ചയാണോ ഇതെന്ന് നിങ്ങള്‍ സ്വയം ചോദിക്കും. ഇത്രയും വേഗത്തില്‍ അത് സംഭവിക്കുമോ? ഇത്തരം ചിന്തകളെ നിങ്ങള്‍ക്ക് നിങ്ങള്‍ തടയിടുകയും വീട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ വീണ്ടും ഭക്ഷണം കഴിക്കുകയും ചെയ്യും.

നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കും. ശാരീരികക്ഷമതാ വ്യായാമങ്ങള്‍ക്കായി നിങ്ങള്‍ ഓണ്‍ലൈനില്‍ പരതും.

നിങ്ങള്‍ ചിരിക്കും. നിങ്ങള്‍ അനിയന്ത്രിതമായി ചിരിക്കും. നിങ്ങള്‍ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത രീതിയില്‍ ക്രൂരഫലിതങ്ങള്‍ ചമച്ചിറക്കും. എന്തിനെയും സഹഗൗരവത്തോടെ മാത്രം സമീപിച്ചിരുന്ന ആളുകള്‍ പോലും ജീവിതത്തിന്റെ, പ്രപഞ്ചത്തിന്റെ, സര്‍വതിന്റെയും അസംബന്ധത്തെ കുറിച്ച് പര്യാലോചിക്കും.

കുറച്ച് സമയത്തേക്കെങ്കിലും സുഹൃത്തുക്കളെയും നിങ്ങള്‍ സ്‌നേഹിക്കുന്നവരെയും നേരിട്ടു കാണുന്നതിനായി സൂപ്പര്‍ മാര്‍ക്കറ്റിലെ വരികളിലെ സ്ഥാനത്തിനായി നിങ്ങളെ നേരത്തെ ബുക്ക് ചെയ്യും. പക്ഷെ സാമൂഹ്യ അകലത്തിന്റെ നിയമങ്ങള്‍ കര്‍ക്കശമായി പാലിച്ചുകൊണ്ടായിരിക്കും ഇത്.

നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സകല കാര്യങ്ങളും നിങ്ങളുടെ പരിഗണനയില്‍ വരും.

നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുടെ യഥാര്‍ത്ഥ പ്രകൃതം നിങ്ങളുടെ മുന്നില്‍ പൂര്‍ണ വ്യക്തതയോടെ പ്രകാശിപ്പിക്കപ്പെടും. നിങ്ങള്‍ക്ക് സ്ഥിരീകരണങ്ങളും അത്ഭുതങ്ങളും അവ സമ്മാനിക്കും.

വാര്‍ത്തകളില്‍ സര്‍വ്യാപികളായിരുന്ന പണ്ഡിതക്കൂട്ടങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷരാവുകയും അവരുടെ അഭിപ്രായങ്ങള്‍ അപ്രസക്തങ്ങളായി തീരുകയും ചെയ്യും; ചിലര്‍ സഹാനുഭൂതിയുടെ കണിക പോലുമില്ലാത്ത യുക്തിവല്‍ക്കരണത്തില്‍ അഭയം തേടുകയും അതിനാല്‍ തന്നെ ജനങ്ങള്‍ അത് അവരുടെ വാക്കുകള്‍ കേള്‍ക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യും. മറിച്ച്, നിങ്ങള്‍ അവഗണിച്ചിരുന്ന വ്യക്തികള്‍ ധൈര്യം പകരുന്നവരും മഹാമനസ്‌കരും വിശ്വസിക്കാവുന്നവരും പ്രയോഗികബുദ്ധിയുള്ളവരും അതീന്ദ്രിയജ്ഞാനികളുമായി തീരും.

ഈ കുഴപ്പങ്ങളെയെല്ലാം ഗ്രഹത്തിന്റെ പുനരുജ്ജീവനമത്തിനുള്ള അവസരമായി കാണാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നവര്‍ കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടില്‍ കാര്യങ്ങളെ കാണാന്‍ നിങ്ങളെ സഹായിക്കും. അവര്‍ നിങ്ങളെ വല്ലാതെ ശല്യപ്പെടുത്തുന്നതായും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും: കൊള്ളാം കാര്‍ബണ്‍ വികിരണം പകുതിയായത് മൂലം ഗ്രഹം കൂടുതല്‍ നന്നായി ശ്വസിക്കുന്നുണ്ട്. പക്ഷെ അടുത്ത മാസത്തെ ബില്ലുകള്‍ നിങ്ങള്‍ എങ്ങനെ അടച്ചുതീര്‍ക്കും?

പുതിയൊരു ലോകം ജന്മം കൊള്ളുന്നത് വീക്ഷിക്കുക എന്നത് വളരെ ആഡംബരപൂര്‍ണമായ അല്ലെങ്കില്‍ ശോചനീയമായ ഒരിടപാടാണെന്ന് നിങ്ങള്‍ക്ക് മനസിലാവും.

നിങ്ങളുടെ ജനാലകളില്‍ നിന്നും പുല്‍ത്തകിടികളില്‍ നിന്നും നിങ്ങള്‍ പാട്ടുപാടും. ഞങ്ങള്‍ മട്ടുപ്പാവുകളില്‍ നിന്നും സംഗീതം പൊഴിച്ചപ്പോള്‍ ‘ഓ, ആ ഇറ്റലിക്കാര്‍,’ എന്ന് നിങ്ങള്‍ അത്ഭുതം കൂറി. പക്ഷെ നിങ്ങള്‍ പരസ്പരം ഉത്തേജിപ്പിക്കുന്ന പാട്ടുകള്‍ പാടുമെന്ന് ഞങ്ങള്‍ക്കറിയാം. ഞാന്‍ അതിജീവിക്കും എന്ന് നിങ്ങള്‍ ജനാലകളില്‍ നിന്നുകൊണ്ട് ഉറക്കെ അലറുമ്പോള്‍, കഴിഞ്ഞ ഫെബ്രുവരിയില്‍, തങ്ങളുടെ ജനാലകളില്‍ നിന്നുകൊണ്ട് പാട്ടുപാടിയ വുഹാനിലെ ജനങ്ങള്‍ ഞങ്ങളെ വീക്ഷിച്ച് തലയാട്ടിയത് പോലെ ഞങ്ങളും നിങ്ങളെ നോക്കി തലയാട്ടും.

അടച്ചുപൂട്ടല്‍ അവസാനിച്ചാലുടന്‍ താന്‍ ആദ്യം ചെയ്യാന്‍ പോകുന്ന കാര്യം വിവാഹമോചനത്തിന് ഹര്‍ജി നല്‍കുക എന്നതായിരിക്കും എന്ന് പ്രതിജ്ഞ എടുത്തുകൊണ്ട് നിങ്ങള്‍ ഉറക്കത്തിലേക്ക് വഴുതി വീഴും.

നിരവധി പേര്‍ ഗര്‍ഭം ധരിക്കപ്പെടും.

നിങ്ങളുടെ കുട്ടികള്‍ ഓണ്‍ലൈനിലൂടെ വിദ്യാഭ്യാസം നേടും. അവര്‍ വലിയ ഉപദ്രവകാരികളായി മാറും; അവര്‍ നിങ്ങള്‍ക്ക് ആഹ്ലാദം പകരും.

വഴക്കാളികളായ കൗമാരക്കാരെ പോലെ പ്രായമായവര്‍ നിങ്ങളെ ധിക്കരിക്കും: പുറത്തേക്ക് പോകുന്നതില്‍ നിന്നും രോഗബാധിതരാവുകയും മരിക്കുകയും ചെയ്യുന്നതില്‍ നിന്നും അവരെ വിലക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് അവരുമായി വഴക്കുണ്ടാക്കേണ്ടി വരും.

അത്യാസന്ന വിഭാഗത്തിലെ ഏകാന്ത മരണത്തെ കുറിച്ച് ആലോചിക്കാതിരിക്കാന്‍ നിങ്ങള്‍ ശ്രമിക്കും.

എല്ലാ ആരോഗ്യപ്രവര്‍ത്തകരുടെയും കാലടികളില്‍ റോസാപ്പൂക്കള്‍ വിതറാന്‍ നിങ്ങള്‍ ആഗ്രഹിക്കും.

ഈ സാമൂഹ്യ ഉദ്യമാങ്ങളില്‍ സമൂഹം ഒറ്റക്കെട്ടാണെന്നും നിങ്ങളെല്ലാം ഒരേ വള്ളത്തിലാണെന്നും നിങ്ങളെ ബോധ്യപ്പെടുത്തും. അത് സത്യമായിരിക്കും. ഒരു വിശാല ലോകത്തിന്റെ വ്യക്തിഗത ഭാഗമെന്ന നിലയില്‍ നിങ്ങളെ സ്വയം എങ്ങനെ മനസിലാക്കുന്നു എന്നതിനനുസരിച്ച് ഈ അനുഭവം ഗുണപരമായി മാറും.

എന്നാല്‍, വര്‍ഗ്ഗം എല്ലാ വ്യത്യാസങ്ങള്‍ക്കും കാരണമാകുന്നു. മനോഹരമായ പൂന്തോട്ടമുള്ള ഒരു വീട്ടില്‍ അല്ലെങ്കില്‍ ജനനിബിഢമായ ഒരു പാര്‍പ്പിട സമുച്ചയത്തില്‍ പൂട്ടിയിടപ്പെടുന്നത് ഒരുപോലെയാവില്ല. അതുപോലെ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും നിങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്നതും ഒരു പോലെയാവില്ല. മഹാമാരിയെ തടയുന്നതിനായി നിങ്ങള്‍ തുഴതുന്ന വള്ളം എല്ലാവര്‍ക്കും സമാനമാവില്ല അല്ലെങ്കില്‍ യഥാര്‍ത്തില്‍ എല്ലാവര്‍ക്കും സമാനാമായിരിക്കില്ല: അതൊരിക്കലും അങ്ങനെയായിരുന്നില്ല.

അത് കഠിനമാണെന്ന് ഏതെങ്കിലും ഒരു നിമിഷത്തില്‍ നിങ്ങള്‍ തിരിച്ചറിയും. നിങ്ങള്‍ ഭയചകിതരാവും. ഒന്നുകില്‍ നിങ്ങളുടെ ഭീതികള്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ പങ്കുവെക്കും അല്ലെങ്കില്‍ അവരെ കൂടി ആകുലരാക്കേണ്ട എന്ന് കരുതി അത് നിങ്ങളില്‍ തന്നെ ഒതുക്കി വയ്ക്കും.

നിങ്ങള്‍ വീണ്ടും ഭക്ഷണം കഴിക്കും.

ഞങ്ങള്‍ ഇറ്റലിയിലാണ്. നിങ്ങളുടെ ഭാവിയെ കുറിച്ച് ഞങ്ങള്‍ക്ക് അറിയാവുന്നത് ഇതാണ്. പക്ഷെ ഇത് ചെറിയ അളവിലുള്ള ഒരു ഭാഗ്യപ്രവചനമാണ്. ഞങ്ങള്‍ വിലക്കപ്പെട്ട പ്രവാചകരാണ്.

നിങ്ങള്‍ക്കും എന്തിന് ഞങ്ങള്‍ക്ക് പോലും അജ്ഞാതമായ ഭാവിയിലേക്ക്, കൂടുതല്‍ വിദൂരമായ ഭാവിയിലേക്ക് നമ്മള്‍ നോട്ടം തിരിക്കുമ്പോള്‍, ഇതുമാത്രമാണ് ഞങ്ങള്‍ക്ക് നിങ്ങളോട് പറയാന്‍ സാധിക്കുക: ഇതെല്ലാം കഴിയുമ്പോള്‍, ലോകം മറ്റൊന്നായിരിക്കും.