‪എടത്വ:സഹജീവികളോടുള്ള കരുണയാണ് യഥാർത്ഥ ദൈവീകതയെന്നും സൗഹൃദ വേദിയുടെ സേവന പ്രവർത്തനങ്ങൾ സന്നദ്ധ സംഘടനകൾക്ക് മാതൃകയാണെന്നും എടത്വ എസ്‌.ഐ ശ്യാംനിവാസ്.സൗഹൃദ വേദിയുടെ ‘അകലെയാണെങ്കിലും നാം അരികെ ‘ എന്ന പദ്ധതിയിലൂടെ ജില്ലയിലെ വിഭിന്ന ലിംഗക്കാർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിസന്ധി മൂലവും ലോക് ഡൗൺ സാഹചര്യത്തിലും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഇക്കൂട്ടർ. ഇവരുടെ ഉപജീവനമാർഗം അമ്പലങ്ങളിലെ ഘോഷയാത്രകളിൽ ശിവ പാർവ്വതി നൃത്തം ചെയ്യലും വീടുകളിൽ സഹായത്തിന് പോകുകയുമായിരുന്നു.കോവിഡ് സാഹചര്യത്തിൽ നിലവിൽ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ ഒറ്റപ്പെട്ട് സ്ഥലങ്ങളിൽ കഴിയുകയാണ്.മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഗവൺമെന്റിൽ നിന്നു പോലും സഹായം ലഭിക്കുകയില്ല.പ്രായമായതോടു കൂടി കടുത്ത പ്രതിസന്ധിയിലാണ്.

വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങ് എടത്വ എസ്.ഐ ശ്യാംനിവാസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഭിന്ന ലിംഗക്കാർക്ക് ഉള്ള ഭക്ഷ്യധാന്യ കിറ്റുകൾ തലവടി ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ജില്ലാ സാമൂഹ്യനീതി വകുപ്പ് ട്രാൻസ് ബോർഡ് മെമ്പർ ഹിമയ്ക്ക് കൈമാറി.സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു. സി.പി.ഒമാരായ ഇർഷാദ്, ശ്രീകുമാർ, ശ്യാമിലി എന്നിവർ കിറ്റുകൾ വിതരണം ചെയ്തു.വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ, എൻ.ജെ. സജീവ്, സുധീർ കൈതവന, സിജോയി ചാക്കോ, ഏബ്രഹാം വർഗ്ഗീസ് മംഗലത്ത് എന്നിവർ സംബന്ധിച്ചു.മാസ്ക്,സാനിറ്റൈസർ, സോപ്പ് , അരി,തേങ്ങ, ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറി എന്നിവ അടങ്ങിയതാണ് കിറ്റ്.

‘അകലെയാണെങ്കിലും നാം അരികെ’ പദ്ധതിക്ക് സംമ്പാദ്യ കുടുക്ക സമ്മാനിച്ച ആര്യ കെ. സുധീറിനെ എസ്.ഐ: ശ്യാം നിവാസ് ഷാൾ അണിയിച്ച് അഭിനന്ദിച്ചു.’തലവടി നാട്ടുവഴിയോരം’ ഗ്രൂപ്പ് അഡ്മിൻ പാനൽ അംഗം പി. രൂപേഷ് ആണ് ഇവരുടെ ബുദ്ധിമുട്ടുകൾ സൗഹൃദവേദിയെ അറിയിച്ചത്.