ജോജി തോമസ്

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിലും , കത്തോലിക്കാ സഭയെ തകർക്കാൻ ചില ഹിഡൻ അജണ്ടകളുമുള്ള മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നത് സിസ്റ്റർ ലൂസിയുടെ ആത്മകഥ എന്ന പേരിൽ പുറത്തിറങ്ങുന്ന ഇക്കിളി പുസ്തകം ആണ്. പുസ്തക പ്രസാധകർ കച്ചവട കണ്ണുകളോടും, കത്തോലിക്കാ സഭയെ തകർക്കാൻ ഹിഡൻ അജണ്ടകളുള്ള ചില മാധ്യമങ്ങളും തത്പര കക്ഷികളും ബോധപൂർവ്വം അസത്യങ്ങളും അവാസ്തവങ്ങളും നിറഞ്ഞ ഈ അശ്ലീല പുസ്തകത്തെ പ്രോത്സാഹിപ്പിക്കുകയാണ് . സിസ്റ്റർ ലൂസിയുടെ പല ആരോപണങ്ങളും പൊതുസമൂഹത്തിൽ സാമാന്യ ബോധം ഉള്ളവർക്ക് വിശ്വസിക്കാൻ സാധിക്കുന്നതല്ല . സെമിനാരികളും മഠങ്ങളും ഇത്തരത്തിൽ ആഭാസത്തരങ്ങളും , ലൈഗിക വൈകൃതങ്ങളും നിറഞ്ഞതായിരുന്നെങ്കിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സംവിധാനങ്ങൾ എപ്പോഴെ തകർക്കപെടുമായിരുന്നു . രണ്ടായിരം വർഷങ്ങളോളം പഴക്കമുള്ള ഈ സംവിധാനങ്ങളിൽ ഇത്രയധികം ആഭാസത്തരങ്ങൾ അരങ്ങേറിയിരുന്നു എന്ന് ലോകത്തോട് വിളിച്ചു പറയാൻ ഒരു ലൂസിക്ക് വേണ്ടി ഇത്രയധികം വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തും. ഇതിലുപരിയായി താൻ മാത്രം പതിവൃതയും തന്റെ കൂടെയുള്ള സഹോദരിമാരെല്ലാം വ്യഭിചാരികളുമായി ചിത്രീകരിക്കാൻ ശ്രമിച്ച സിസ്റ്റർ ലൂസി അപമാനിച്ചത് കത്തോലിക്കാ സഭയേ ക്കാൾ ഉപരിയായി തന്റെ സഹോദരിമാരെയും , അവരുടെ കുടുംബങ്ങളെയും ആണ് .എന്തിന് അശരണർക്കും ആലംബഹീനർക്കും ആയി സ്വജീവിതം ഉഴിഞ്ഞു വെച്ച് ലോകത്തെ സ്നേഹത്തിന്റെ മാതൃകകൾ സൃഷ്ടിച്ച ആയിരക്കണക്കിന് സന്യസ്തരെ ആണ് സിസ്റ്റർ ലൂസി അപമാനിക്കുന്നത് .സിസ്റ്റർ ലൂസിയുടെ പല ആരോപണങ്ങളും അവർ ആരുടെയൊക്കെയോ കയ്യിലെ ചട്ടുകമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയം ബലപ്പെടുത്തുന്നതാണ്.

കത്തോലിക്കാസഭയിലെ പുരോഹിതരുടെയും, സന്യസ്തരുടെയും ബ്രഹ്മചര്യത്തെയും സഭയിലെ പുരോഹിത സമൂഹത്തിൻറെ മൊത്തത്തിലുള്ള സംഭാവനകളെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങൾക്ക് അടുത്തിടെയുണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങൾ കാരണമായിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല . സഭാ വിരുദ്ധരായിട്ടുള്ള ഒരു ന്യൂനപക്ഷം പ്രസ്‌തുത സംഭവങ്ങളെ ഒരു ആഘോഷം ആക്കാനായിട്ടുള്ള സന്ദർഭമായിട്ടാണ് ഉപയോഗിക്കുന്നത് . വ്യവസ്ഥാപിതമോ , വ്യക്തിപരമോ ആയ ഏത് അക്രമങ്ങളെയും ,തിന്മകളെയും ന്യായികരിക്കുകയോ അതിക്രമം ചെയ്തവർക്ക് കൂട്ടു നിൽക്കുകയോ ചെയ്യേണ്ട ബാധ്യത സഭയ്‌ക്കോ വിശ്വാസ സമൂഹത്തിനോ ഇല്ല . പക്ഷെ സഭയെയും പുരോഹിതസമൂഹത്തെയും മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്ന ഇത്തരക്കാരുടെ പ്രചാരണങ്ങളെ മുഖവിലയ്ക്കെടുക്കും മുമ്പ് സത്യവും മിഥ്യയും പൊതുസമൂഹവും പ്രത്യേകിച്ച് വിശ്വാസികളും തിരിച്ചറിയേണ്ടിയിരിക്കുന്നു .

ആഗോള കത്തോലിക്കാ സഭയിലെ പുരോഹിതരുടെ എണ്ണം ഏതാണ്ട് അഞ്ച് ലക്ഷത്തിനടുത്ത് വരും . ഏഴുലക്ഷത്തോളം സന്യസ്തരും ഉണ്ട്.വളരെ ദൈർഘ്യമേറിയതും , ആഴത്തിൽ ഉള്ളതുമായ പരിശീലനമാണ് വൈദിക വിദ്യാർഥികൾക്ക് നൽകുന്നത്. പത്തു വർഷത്തിനു മുകളിൽ ദൈർഘ്യമുള്ള പരിശീലന കാലയളവിൽ മറ്റ് ജീവിതാന്തസ്സ്‌ തേടിപ്പോകാനുള്ള സ്വാതന്ത്ര്യം വൈദിക വിദ്യാർഥികൾക്ക് ഉണ്ട് . പൗരോഹിത്യം ആരിലും അടിച്ചേൽപ്പിക്കുന്നില്ല . ചുരുക്കത്തിൽ വളരെ സൂക്ഷ്മമായ പരിശീലനത്തിലൂടെയാണ് വൈദിക വിദ്യാർത്ഥികൾ കടന്നു പോകുന്നതും വാർത്തെടുക്കപ്പെടുന്നതും . എങ്കിലും ചിലപ്പോഴെങ്കിലും ചില കരടുകൾ വൈദികസമൂഹത്തിൽ കടന്നുവരാറുണ്ട്. അതിൻറെ അനുപാതം വളരെ ചെറുതാണന്നുള്ളതാണ് വസ്തുത . ഒരു വ്യക്തിയെന്ന നിലയിൽ സ്വഭാവ വിശേഷങ്ങളിൽ കാലാന്തരങ്ങളായി സംഭവിക്കുന്ന വ്യതിയാനങ്ങൾ ആവാം വൈദികർക്ക് സംഭവിക്കുന്ന വീഴ്ചകൾക്ക് മറ്റൊരു കാരണം.

കത്തോലിക്കാ വൈദികരുടെ ബ്രഹ്മചര്യമാണ് പലരുടെയും വിമർശനങ്ങൾക്കും പരിഹാസത്തിനും കേന്ദ്രബിന്ദു. ജീവശാസ്ത്രപരമായ ആവശ്യങ്ങളെ നിരാകരിച്ചുകൊണ്ടുള്ള ബ്രഹ്മചര്യത്തിൻെറ പ്രസക്തിയാണ് ചോദ്യം ചെയ്യാൻ പലരെയും പ്രേരിപ്പിക്കുന്നത് . തനിക്ക് സാധിക്കാത്തത് ഇവർക്കെങ്ങനെ സാധിക്കും എന്ന സംശയമാണ്. വൈദികർക്കുണ്ടാകുന്നവീഴ്ചകളിൽ പ്രധാന കാരണമായി ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത് ബ്രഹ്മചര്യത്തെയാണ്. പക്ഷേ ഇവിടെ കാണാതെ പോകുന്ന വസ്തുത വേലി ചാടുന്നവർ ഏത് ജീവിതാവസ്ഥയിലാണെങ്കിലും അതിനു മുതിരുമെന്നതാണ് . വൈവാഹിക ജീവിതം നയിക്കുന്നവരുടെ വിവാഹേതരബന്ധങ്ങൾ വച്ചുനോക്കുമ്പോൾ ബ്രഹ്മചാരികളായ വൈദികർക്കുണ്ടാകുന്ന വീഴ്ചകൾ വളരെ തുച്ഛമാണ് . കുടുംബബന്ധങ്ങൾ വളരെ ശക്തമായ നമ്മുടെ കേരളത്തിലും വിവാഹേതരബന്ധങ്ങൾ പെരുകുന്നതായിട്ടാണ് വാർത്തകളും, കണക്കുകളും സൂചിപ്പിക്കുന്നത്.കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യത്തെ ചോദ്യം ചെയ്യുന്നവർ വിവാഹിതരായ പുരോഹിതർക്ക് ഉണ്ടായ വിവാദപരമായ വീഴ്ചകൾക്ക് നേരെ കണ്ണടയ്ക്കുന്നു.

യാഥാസ്ഥികത്വത്തിന്റെയും , കുരിശുയുദ്ധങ്ങളുടെയും മതമായിരുന്ന ക്രിസ്തുമതത്തെ ക്രിസ്തു പ്രതിനിധാനം ചെയ്ത സ്നേഹത്തിന്റെയും , കരുണയുടെയും മതം ആക്കാൻ കത്തോലിക്കാസഭയിലെ സന്യസ്തർ വഹിച്ച പങ്ക് ചെറുതല്ല .അനാഥ ആലംബ ഹീനർക്കുവേണ്ടി അവർ ചെയ്ത സേവനങ്ങളെ ഒരു സുപ്രഭാതത്തിൽ ചരിത്രത്തിൻെറ ചവറ്റുകൊട്ടയിൽ തള്ളാനാവില്ല . ഫാദർ ഡാനിയൽ, മദർ തെരേസ എന്നിവരെല്ലാം ഇതിന് ഉദാഹരണമാണ് . കുഷ്ഠരോഗികൾക്കായി ജീവിച്ച് അവസാനം കുഷ്ഠരോഗം വന്നാണ് ഫാദർ ഡാനിയേൽ മരണമടയുന്നത്. ആഫ്രിക്കയിലെ പട്ടിണി പാവങ്ങൾക്കായി സേവനം ചെയ്ത് അക്രമികളുടെ കൈകളിൽ നരകയാതന അനുഭവിച്ച ഫാ .ടോം ഉഴുന്നാലിന് ഈ അവസരത്തിൽ സ്മരിക്കേണ്ടതാണ്. അറിയപ്പെടാത്ത ഡാനിയേലും, തെരേസയും ആയിരക്കണക്കിനാണ്. ഇവരുടെയൊക്കെ നിസ്വാർത്ഥ സേവനം സാധ്യമായത് കുടുംബബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മാറി നിന്നതുകൊണ്ടാണ്.

ക്രിസ്തു നേരിട്ട് തൻെറ ശിഷ്യരായി തെരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾക്ക് വഴിതെറ്റി . അവിടെ വഴിതെറ്റിയവരുടെ ശതമാനം എടുക്കുകയാണെങ്കിൽ മൊത്തം ശിഷ്യഗണത്തിൻെറ 8 ശതമാനത്തിലധികം വരും. എങ്കിലും കത്തോലിക്കാസഭ രണ്ടായിരം വർഷത്തിലധികം ക്രിസ്തുവിൻറെ സ്നേഹത്തിൻറെയും , സമാധാനത്തിൻെറയും ,കരുണയുടെയും സന്ദേശവാഹകരായി നിലകൊണ്ടു . അതുകൊണ്ട് തന്നെ വളരെ ചെറിയ ശതമാനം അഭിഷിക്തരുടെ വീഴ്ചകളെ അതിജീവിക്കാനും നാളെയും ലോകത്തെ ധാർമ്മികതയുടെ പതാഹവാഹകരാകാനും സഭയ്ക്ക് സാധിക്കും. ലൂസിമാർക്കോ അവരെ ചട്ടുകമായി ഉപയോഗിക്കുന്നവർക്കോ തകർക്കാവുന്നതല്ല സഭയുടെ വിശ്വാസ്യത .

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്