ദിവാൻ സിപിയുടെ പട്ടാളത്തിനു നേരേ വാരിക്കുന്തവുമായി നീങ്ങി വെടിയേറ്റു വീണ തൊഴിലാളികൾക്കൊപ്പം ഇന്ന് വിഎസും അണിചേരും. പുന്നപ്ര-വയലാർ സമരത്തിൽ വെടിയേറ്റു വീണ സഖാക്കളെ കൂട്ടിയിട്ടു കത്തിച്ച മണ്ണാണ് ആലപ്പുഴയിലെ വലിയചുടുകാട്. സമരസഖാക്കൾ അന്തിയുറങ്ങുന്ന മണ്ണിലേക്ക് അവരിൽ ഒരാളായ വിഎസും എത്തുകയാണ്. ഒരിക്കൽക്കൂടി ലാൽസലാം പറയാൻ. തിങ്കളാഴ്ച തിരുവനന്തപുരത്ത് അന്തരിച്ച വി.എസ്. അച്യുതാനന്ദന് ബുധനാഴ്ച കേരളം വിടചൊല്ലും. വൈകീട്ട് സഖാക്കളുടെ മുദ്രാവാക്യം വിളിക്കിടയിൽ തീജ്ജ്വാലയായി വി.എസ്. ഓർമ്മയാകും.
തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദന് ആലപ്പുഴയിലേക്കുള്ള യാത്രയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടമാണുള്ളത്.
തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകി. വളരെ വൈകിയാണ് കൊല്ലം ജില്ലയിലെത്തിയത്. വിലാപയാത്ര 12 മണിക്കൂറിൽ പിന്നിട്ടത് 53 കിലോമീറ്റർ. പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് വലിയചുടുകാട്ടിലാണ് സംസ്കാരം.
Leave a Reply