ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓസ്ട്രേലിയ :- കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ വച്ച് ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട അമ്മയുടെയും രണ്ടു മക്കളുടെയും ശവസംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 10 ചൊവ്വാഴ്ച രാവിലെ 11:30 ന് ഹിൽക്രെസ്റ്റിലെ സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ വച്ച് നടത്തപ്പെടുമെന്ന് ഇടവകവികാരി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ബിബിനും ലോട് സിയും മൂന്ന് മക്കളും സിഡ് നിയിലെ ഓറഞ്ചിൽ നിന്നും ബ്രിസ്‌ബെനിലേക്ക് യാത്ര ചെയ്തത്. യാത്രയ്ക്ക് മധ്യേ ഇവരുടെ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോട് സിയും ഇളയ മകൾ കെയ്‌തിലിനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. മൂത്തമകൻ ക്രിസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഇടവക ഒന്നായി പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ദിവസം പുറത്തുവന്ന ക്രിസിന്റെ മരണവാർത്ത കുടുംബത്തെ മാത്രമല്ല, ഓസ്ട്രേലിയയിൽ ഉള്ള മലയാളി സമൂഹത്തെയാകെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. ക്രിസിന്റെ മരണം സംഭവിച്ച ഉടൻതന്നെ അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള സമ്മതം കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. ക്രിസിന്റെ ഓർമ്മ മറ്റുള്ളവരിലൂടെ നിലനിൽക്കും എന്ന പ്രതീക്ഷയിലാണ് പിതാവ് ഉൾപ്പെടെയുള്ള മറ്റു കുടുംബാംഗങ്ങൾ. ശവസംസ്കാര ശുശ്രൂഷയിൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം 10 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് ഇടവകവികാരി അറിയിച്ചിട്ടുണ്ട്. എല്ലാവരും ബിബിന്റെ കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം, മൃതദേഹങ്ങൾ മൗണ്ട് ഗ്രാവറ്റ് സെമിത്തേരിയിൽ ആയിരിക്കും സംസ്കരിക്കുക. ബിബിന്റെ കുടുംബത്തിന് പിന്തുണ അറിയിച്ച് നിരവധി മലയാളി സുഹൃത്തുക്കൾ എത്തുന്നുണ്ട്.