ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിർജിൻ മൊബൈൽ, O2 ഉപയോക്താക്കൾക്ക് റോമിംഗ് നിരക്കുകളെ പേടിക്കാതെ യൂറോപ്പിലേക്ക് യാത്ര ചെയ്യാം. യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് അധിക നിരക്ക് കൂടാതെ മൊബൈൽ ഡേറ്റ ഉപയോഗിക്കാനും യുകെയിൽ ഉള്ള അതേ രീതിയിൽ തുടർന്നും കോൾ ചെയ്യാനും ടെക്സ്റ്റ്‌ ചെയ്യാനും കഴിയുമെന്ന് കമ്പനി അറിയിച്ചു. അതേസമയം യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് അധിക ചാർജ് ഈടാക്കാൻ വോഡഫോൺ, ഇഇ, ത്രീ എന്നീ നെറ്റ്‌വർക്ക് കമ്പനികൾ ഒരുങ്ങുകയാണ്. ബ്രെക്സിറ്റ് ആണ് പ്രധാന കാരണം. യുകെ യൂറോപ്യൻ യൂണിയൻ വിടുന്നതിന് മുമ്പ്, 2017-ൽ റോമിംഗ് ചാർജുകൾ ഒഴിവാക്കിയിരുന്നു. എന്നാൽ 2020 ഡിസംബറിലെ ഇയു വ്യാപാര കരാറിലൂടെ മൊബൈൽ ഓപ്പറേറ്റർമാർ അധിക ചാർജ് വീണ്ടും അവതരിപ്പിക്കുകയുണ്ടായി.

യൂറോപ്പിൽ ഉടനീളം റോമിംഗ് ചാർജുകൾ ഒഴിവാക്കാനുള്ള വിർജിൻ മൊബൈൽ, O2 എന്നിവരുടെ തീരുമാനത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്വാഗതം ചെയ്തു. O2, വിർജിൻ മൊബൈൽ ഉപഭോക്താക്കൾക്ക് യൂറോപ്പിൽ റോമിംഗ് ഫീസ് വീണ്ടും അവതരിപ്പിക്കില്ലെന്ന് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഗാരെത് ടർപിൻ ഉറപ്പ് നൽകി. “പല ബ്രിട്ടീഷുകാരും ഇപ്പോൾ ഒരു വിദേശയാത്ര ആസൂത്രണം ചെയ്യുകയാണ്. O2, വിർജിൻ മൊബൈൽ ഉപഭോക്താക്കൾ അധിക റോമിംഗ് നിരക്കുകളെപറ്റി ആശങ്കപ്പെടേണ്ട കാര്യമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി അവസാനത്തോടെ റോമിംഗ് നിരക്കുകൾ തിരികെ കൊണ്ടുവരാൻ വോഡഫോൺ പദ്ധതിയിടുന്നു. ഇഇ മാർച്ചിലും ത്രീ മെയ് മാസത്തിലും പുതിയ നിരക്കുകൾ അവതരിപ്പിച്ചേക്കും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിർജിൻ മീഡിയയും O2 ഉം തമ്മിലുള്ള ലയനം നടന്നത്. ഇതിലൂടെ വിർജിൻ മീഡിയ O2 യുകെയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനങ്ങളിലൊന്നായി മാറി.