എൻഫീൽഡ്: പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു മൂന്നാഴ്ചയോളം ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരിച്ച കോഴിക്കോട് സ്വദേശിനി നിഷാ ശാന്തിന്റെ അന്ത്യോപചാര ശുശ്രുഷകൾ മെയ് 30 നു തിങ്കളാഴ്ച എൻഫീൽഡിൽ നടത്തപ്പെടും. സെപ്റ്റിസീമിയ ബാധിച്ച നിഷയുടെ അവയവങ്ങൾ ക്രമേണ പ്രവർത്തനരഹിതം ആവുകയും തുടർന്ന് ഉണ്ടായ ഹൃദയസ്തംഭനവുമാണ് മരണ കാരണമായത്. പരേതയ്ക്ക് 49 വയസ്സ് പ്രായം ഉണ്ടായിരുന്നു.

മെയ് 30 ന് തിങ്കളാഴ്ച രാവിലെ 11:30 ന് എൻഫീൽഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ & സെന്റ് ജോജ്ജ് ദേവാലയത്തിൽ കൊണ്ടുവരുന്ന മൃതദേഹം കുടുംബാംഗങ്ങളും, ബന്ധുമിത്രാദികളും ചേർന്ന് ഏറ്റു വാങ്ങും. കൃത്യം 12:00 മണിക്ക് അന്ത്യോപചാര ശുശ്രുഷകൾ ആരംഭിക്കുന്നതാണ്. തിരുക്കർമ്മങ്ങൾക്ക് ശേഷം പൊതുദർശനത്തിനവസരം ഒരുക്കുന്നതാണ്.

കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പൊതുദർശനത്തിനു ശേഷം ഗ്രേറ്റ് കേംബ്രിഡ്ജ് റോഡിലുള്ള, എൻഫീൽഡ് ക്രിമിറ്റോറിയം & സിമറ്ററിയിൽ സംസ്കാരം നടത്തും.

എൻഫീൽഡിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളും സുഹൃത്തുക്കളും കുടുംബത്തിന്റെ ദുംഖത്തിൽ പങ്കു ചേരുവാനും സഹായ സഹകരണങ്ങളുമായി എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നത് ഈ വലിയ വിഷമഘട്ടത്തിൽ കുടുംബത്തിന് ഏറെ ആശ്വാസമായി. മികച്ച ചികിത്സയും, നിരവധിയാളുകളുടെ പ്രാർത്ഥനാ സഹായവും നിഷയുടെ ആരോഗ്യത്തിൽ ശുഭ പ്രതീക്ഷകൾ നൽകി വരുമ്പോഴാണ് സെപ്റ്റിസീമിയ ജീവന് ഭീഷണിയായി മാറിയത്.

വെല്ലൂർ സ്വദേശിയായ ഭർത്താവ് ശാന്ത് എം ആർ ഐ സ്കാനിങ് ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥനാണ്. വിദ്യാർത്ഥികളായ സ്നേഹ, ഇഗ്ഗി എന്നിവർ മക്കളാണ്.

ബന്ധുക്കളും, സുഹൃത്തുക്കളും ഇതൊരറിയിപ്പായി കരുതുവാൻ താല്പര്യപ്പെടുന്നതായി സന്തപ്ത കുടുംബാംഗങ്ങൾ അറിയിച്ചു.