ജിമ്മി ജോസഫ്

സ്‌കോട്‌ലാന്‍ഡിലെ സംഗീത പ്രേമികളെ സ്വരരാഗലയ മാധുരിയുടെ സംഗീത സാഗരത്തിലാറാടിക്കാന്‍, സ്‌കൂള്‍ അവധിക്കാലം ആഘോഷമാക്കാന്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച, സ്വരമാധുര്യം കൊണ്ടും ഭാവുകത്വം കൊണ്ടും കാലങ്ങളായി സഠഗീതപ്രേമികള്‍ നെഞ്ചിലേറ്റിയ ഹൃദയഹാരിയായ ഒരു പിടി ഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ച ഭാവഗായകന്‍ ജി.വേണുഗോപാലിനെ നേരില്‍ കാണാനും ആ സ്വരമാധുര്യം നേരിട്ടാസ്വദിക്കാനും മനസ്സില്‍ സംഗീതം കാത്തുസൂക്ഷിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബ സമേതം ഈ വരുന്ന ഞായറാഴ്ച – ജൂലൈ 2 ന് വൈകുന്നേരം 5.30ന് ഈസ്റ്റ്കില്‍ ബ്രൈഡിലുള്ള ബാലറപ്പ് ഹാളിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

വേണുഗോപാലിനെ കൂടാതെ സംഗീത ലോകത്ത് തനതു വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടര്‍ സേതു വാര്യര്‍, ഡോക്ടര്‍ സവിത മേനോന്‍, ഡോക്ടര്‍ സാവിത്രി സൗമ്യ എന്നിവര്‍ അടിപൊളി ഗാനങ്ങളുമായി വേദി കീഴടക്കും. ഇവരോടൊപ്പം പ്രശസ്തമായ ജാസ് ലൈവിന്റെ ശ്രീനാഥും ജിനുവും കൂടി ചേരുമ്പോള്‍ അവിസ്മരണീയമായ ഒരു സംഗീത സായാഹ്നമായിരിക്കും ഗ്ലാസ് ഗോ മലയാളികള്‍ക്കായി സമ്മാനിക്കപ്പെടുക. 4 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സംഗീത സായാഹ്ന വിരുന്നില്‍ മിതമായ നിരക്കില്‍ വെജിറ്റബിള്‍ നോണ്‍ വെജിറ്റബിള്‍ ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ട്.

ഒട്ടേറെ സ്റ്റേജ് ഷോകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഗ്ലാസ്‌ഗോ മലയാളി സമൂഹത്തിന് വേറിട്ടൊരനുഭവം തന്നെയായിരിക്കും വേണുഗീതം 2017. ഗ്ലാസ്‌ഗോയിലെ സംഗീത സ്‌നേഹികളായ 20ല്‍ പരം ആളുകളാണ് വേണുഗീതം 2017ന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ശ്രവണ സുന്ദര സംഗീത സ്വരമാധുര്യം ആസ്വദിക്കാന്‍ എല്ലാ സംഗീതപ്രേമികളുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.