അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: ലണ്ടന്‍ റീജിയണിലെ ഏറ്റവും പ്രശസ്തവും പ്രമുഖവുമായ ‘സര്‍ഗ്ഗം’ സ്റ്റീവനേജിന്റെ ‘പൊന്നോണം 2017’ പ്രൗഢ ഗംഭീരവും അവിസ്മരണീയവുമായി. പ്രേംനസീറിനു ശേഷം മലയാള സിനിമാ ലോകം കണ്ടിട്ടുള്ള അതുല്യ പ്രണയ നായകന്‍ സിനിമാ താരം ശങ്കര്‍, സ്റ്റീവനേജ് ഓണാഘോഷ വേദിയെ തന്റെ അനുഗ്രഹീത സാന്നിദ്ധ്യത്താല്‍ ആവേശ പുളകിതമാക്കിക്കൊണ്ടു പൊന്നോണം 2017 ന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡണ്ട് കുരുവിള അബ്രാഹം, സെക്രട്ടറി മനോജ് ജോണ്‍, ഖജാന്‍ജി ഷാജി ഫിലിഫ് കമ്മിറ്റി മെമ്പേര്‍മാര്‍ എന്നിവര്‍ നിലവിളക്കിനു ശേഷിച്ച തിരികള്‍ കത്തിച്ചു കൊണ്ട് ആവേശോജ്വലമായ ആഘോഷത്തിന് നാന്ദി കുറിക്കുകയായി.

ഉമാ സുരേഷ് ആലപിച്ച ഭക്തിഗാനത്തിനു ശേഷം തിങ്ങി നിറഞ്ഞനൂറുകണക്കിന്പ്രജകളുടെയും,ആരാധകരുടെയും നിറ കയ്യടിയോടെയും,ആര്‍പ്പു വിളികളോടെയും മാവേലി മന്നനെയും, മുഖ്യാതിഥി ശങ്കറിനെയും ഭാരവാഹികള്‍ വേദിയിലേക്ക് ആനയിച്ചു. ഷാജി ഫിലിപ്പിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം പ്രസിഡണ്ട് കുരുവിള അബ്രാഹം അദ്ധ്യക്ഷ പ്രസംഗം നടത്തി.

ഉദ്ഘാടന പ്രസംഗം നടത്തിയ ശങ്കര്‍ തന്റെ സിനിമാ വേദികളിലെ ഓണാഘോഷ അനുസ്മരണകള്‍ പങ്കിട്ടപ്പോള്‍ ഏവരും വളരെ താല്പര്യപൂര്‍വ്വം ശ്രവിക്കുകയായി. ഓണാഘോഷങ്ങള്‍ സിനിമാ സൈറ്റുകളില്‍ ആഘോഷിക്കപ്പെടേണ്ട നിയോഗമായി സിനിമാ താരങ്ങള്‍ ഒതുങ്ങുമ്പോള്‍ അതിലെ എക്കാലത്തെയും അവിസ്മരണീയമായി നവോദയയുടെ ‘പടയോട്ടം’ സൈറ്റിലെ മധുരിതമായ ഓര്‍മ്മകള്‍ പങ്കു വെച്ച മുഖ്യാതിഥി പക്ഷെ 8 മണിക്കൂറോളം ഏവരെയും കോരിത്തരിപ്പിക്കുകയും, ആസ്വദിക്കുവാനും, ആഹ്‌ളാദിക്കുവാനും സുവര്‍ണ്ണാവസരം നല്‍കുകയും ചെയ്ത മികവുറ്റ ‘കലാ വസന്തം’ മുഴുവനും ഇരിപ്പിടത്തില്‍ ഇമവെട്ടാതെ ഇരുന്നു ആസ്വദിക്കുകയും ചെയ്തു. ആഘോഷ സമാപനത്തില്‍ നടത്തിയ സമ്മാന ദാനത്തിനു ശേഷം ‘പടയോട്ട’ സൈറ്റിലെ മഹാ തിരുവോണത്തോടൊപ്പം മനസ്സില്‍ താലോലിക്കുവാന്‍ പ്രവാസ ലോകത്തെ ഒരു അവിസ്മരണീയ ഓണാഘോഷം കൂടിയായി സര്‍ഗ്ഗം സ്റ്റീവനേജിന്റെത് എന്ന് കൂട്ടിച്ചേര്‍ത്തപ്പോള്‍ നിലക്കാത്ത കയ്യടികളോടെയാണ് ജനാവലി ശങ്കറിന് നന്ദി പ്രകാശിപ്പിച്ചത്.

കമ്മിറ്റി മെംബര്‍മാരായ ബോസ് ലൂക്കോസ്, ജോസഫ് സ്റ്റീഫന്‍,ജോയി ഇരുമ്പന്‍, സുജ സോയിമോന്‍,ഉഷാ നാരായണ്‍, ഹരിദാസന്‍, ലാലു,വര്‍ഗ്ഗീസ് എന്നിവര്‍ ആഘോഷത്തിന് നേതൃത്വം നല്‍കി. കഴിഞ്ഞ രണ്ടാഴ്ചയായി നടന്നു പോരുന്ന പരിശീലനങ്ങളും, മത്സരങ്ങളും പൂര്‍ത്തിയാക്കി മികവുറ്റതും, ആകര്‍ഷകവും, ആവേശഭരിതവും മനസ്സുകളില്‍ ഉത്സവ പ്രതീതിയുണര്‍ത്തിയതുമായ ‘കലാ വസന്തം’ സര്‍ഗ്ഗത്തിന്റെ ഓണാഘോഷങ്ങളില്‍ ഏറെ വര്‍ണ്ണാഭമായി. ഓണാനുബന്ധ കലാ-സാംസ്‌കാരിക പരിപാടികള്‍ക്ക് ബാര്‍ക്ലെയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയം അരങ്ങൊരുങ്ങിയപ്പോള്‍ ‘കലാവൈഭവങ്ങള്‍’ അത്ഭുതവും അതിശയവും ഊര്‍ജ്ജവും പകരുന്നവയായി.

ലണ്ടനിലും പ്രാന്ത പ്രദേശത്തും ഉള്ള സുഹൃദ് വൃന്ദം സര്‍ഗ്ഗം കുടുംബാംഗങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ ‘സര്‍ഗ്ഗം പൊന്നോണം’ തിങ്ങി നിറഞ്ഞ ജനാവലിയുടെ പ്രതീക്ഷകളേക്കാള്‍ ഉപരിയായി. പൂക്കളവും, തിരുവാതിരയും, പാട്ടുകളും,സ്‌കിറ്റുകളും, നൃത്തങ്ങളും,’സര്‍ഗ്ഗതാളം’ ചെണ്ട ടീമിന്റെ അരങ്ങേറ്റവും ഏവരും ആസ്വദിച്ചു. 1950 മുതല്‍ ഓരോ പതിറ്റാണ്ടുകളിലെയും സിനിമാ ഗാനങ്ങളുടെ ഹൃദയത്തില്‍ പതിഞ്ഞ ഈരടികള്‍ കോര്‍ത്തിണക്കി അഞ്ജലി ജേക്കബ് സംവിധാനം ചെയ്ത സംഗീത നൃത്ത ദൃശ്യ വിരുന്ന് പൊന്നോണത്തിലെ ഹൈലൈറ്റായി. സ്റ്റീവനേജിന്റെ ഇരു ഡാന്‍സ് സ്‌കൂളുകളും ആവേശപൂര്‍വം തങ്ങളുടെ വ്യത്യസ്ഥ നൃത്ത ശൈലികള്‍ മാത്സര്യത്തോടെ അവതരിപ്പിച്ചപ്പോള്‍ കാണികളിലും ആവേശം ഇരട്ടിക്കുകയായിരുന്നു. സെക്രട്ടറി മനോജ് ജോണ്‍ നന്ദി പ്രകാശിപ്പിച്ചു.

സര്‍ഗ്ഗം കുടുംബാംഗങ്ങളില്‍ നിന്നും ജിസിഎസ്ഇ യില്‍ സ്റ്റെഫി സുനിലും, എ ലെവെല്‍സില്‍ ജെയിന്‍ ജോസും ഒന്നാമരായി.ഇരുവര്‍ക്കും തിരുവോണ വേദിയില്‍ വെച്ച് സിനിമാ താരം ശങ്കര്‍ ക്യാഷ് അവാര്‍ഡും, ട്രോഫികളും വിതരണം ചെയ്തു.

തിരുവോണ നാളുകളുടെ പൗരാണിക കാലത്തെ പുകള്‍പെറ്റ അനുസ്മരണകള്‍ ഉണര്‍ത്തിയ സര്‍ഗ്ഗം പൊന്നോണത്തില്‍ പങ്കു ചേരുവാന്‍ നൂറു കണക്കിന് മലയാളികളോടൊപ്പം അന്യ സംസ്ഥാന രാജ്യാന്തര സുഹൃത്തുക്കളും പങ്കു ചേര്‍ന്നു. മികവുറ്റ സംഘാടകത്വവും, താള ലയങ്ങളുടെ പെരുമ്പറ കൊട്ടികൊണ്ടു ചെണ്ട മേള ട്രൂപ്പ് വേദി വാണ രാജകീയ അരങ്ങേറ്റവും, ആനുകാലിക അവതരണങ്ങളും, നിരവധി സമ്മാനങ്ങളും,ഓണ സദ്യയും ഒക്കെയായി അവിസ്മരണീയമാക്കിയ പൊന്നോണത്തിനു തിരശ്ശീല താണപ്പോള്‍ ‘ഓണോത്സവം 2018’ ലേക്കുള്ള സമയ ദൂരത്തിന്റെ വേദന ഓരോ മനസ്സുകളിലും നിഴലിക്കുന്നുണ്ടായിരുന്നു.