ലണ്ടന്‍: നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ ബാങ്ക് വിവരങ്ങള്‍ ഉപയോഗിച്ച് വന്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പ്. 20 ലക്ഷം പൗണ്ടിന്റെ തട്ടിപ്പാണ് ഏഴംഗ സംഘം നടത്തിയത്. ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെട്രോപോളിറ്റന്‍ പോലീസിന്റെ സൈബര്‍ ക്രൈം യൂണിറ്റ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തു വന്നത്. വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ തട്ടിപ്പിനായി ഉപയോഗിച്ചതായി കണ്ടെത്തി. മൊബൈല്‍ ഫോണ്‍ കമ്പനികളായ ഇഇ, വോഡഫോണ്‍, ഓ2, ടി-മൊബൈല്‍, ത്രീ, വിര്‍ജിന്‍ എന്നിവയെ കൊള്ളയടിച്ചുകൊണ്ടായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.

വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കി അവരെക്കൊണ്ട് ഫോണ്‍ കോണ്‍ട്രാക്റ്റുകള്‍ ഉണ്ടാക്കിയായിരുന്നു ഒരു തട്ടിപ്പ്. ഇതിനായി 300ഓളം വിദ്യാര്‍ത്ഥികളെ ഇവര്‍ ഉപയോഗിച്ചു. ഫുള്‍ഹാമിലെ ഓഫീസിലേക്ക് 50 പൗണ്ടിന്റെ പുതിയ ഫോണിനായുള്ള കോണ്‍ട്രാക്റ്റ് സ്ഥാപിക്കാനായിരുന്നു ഈ വിദ്യാര്‍ത്ഥികളെ ഇവര്‍ ഉപയോഗിച്ചത്. പിന്നീട് ഈ ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്യിക്കുകയും വിലകുറഞ്ഞ ഹാന്‍ഡ്‌സെറ്റുകള്‍ അയക്കുകയും ചെയ്യും. നിലവാരമുള്ളവ ഇവര്‍ വിദേശത്ത് വില്‍ക്കുകയായിരുന്നു ചെയ്തിരുന്നത്.

ഒരു ടെക്‌സ്റ്റ് മാര്‍ക്കറ്റിംഗ് കമ്പനിക്ക് സിംകാര്‍ഡുകള്‍ വിറ്റതിലൂടെയും ഇവര്‍ നിയമവിരുദ്ധമായി പണം നേടി. വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത് വന്‍തോതില്‍ നടപ്പാക്കിയ പദ്ധതിയായിരുന്നു ഇതെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ലൂയിസ് ഷീ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഇവ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ എടുത്തു. വിദ്യാര്‍ത്ഥികള്‍ കമ്പനിയെ വിശ്വസിച്ച് നല്‍കിയ സ്വകാര്യ വിവരങ്ങളും ചിലര്‍ നല്‍കിയ രക്ഷിതാക്കളുടെ വിവരങ്ങളും ഉപയോഗിച്ചായിരുന്നു ഇങ്ങനെ ചെയ്തത്. ഇരകളാക്കപ്പെട്ടവര്‍ വന്‍ കടക്കെണിയില്‍ അകപ്പെടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താല്‍ക്കാലികാവശ്യങ്ങളുടെ പേരില്‍ പണം നല്‍കുന്നവര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ കൈമാറിയാല്‍ ഇത്തരം ചതിക്കുഴികളില്‍ പെടുമെന്ന് ഡിറ്റക്ടീവ് ലൂയിസ് മുന്നറിയിപ്പ് നല്‍കുന്നു. പിന്നീട് വന്‍ കടക്കെണിയില്‍ കടക്കെണിയില്‍ അകപ്പെടുകയും മോശംം ക്രെഡിറ്റ് റേറ്റിംഗ് ലഭിക്കുകയും ചെയ്യും. ഭാവിയില്‍ ബാങ്ക് ലോണുകള്‍ എടുക്കുന്നതിനു പോലും ഇത് ബുദ്ധിമുട്ടായേക്കാം. മൂന്ന് കമ്പനികള്‍ സ്ഥാപിച്ചാണ് ബാത്ത് സ്വദേശിയായ ജോനാഥന്‍ ബൂര്‍മാന്റെ നേതൃത്വത്തില്‍ ഈ ഹൈടെക് കൊള്ള നടത്തിയത്. 2013 ഓഗസ്റ്റിനും 2014 ഓഗസ്റ്റിനുമിടയില്‍ സ്ഥാപിച്ച ജെബിഐ സിസ്റ്റംസ് ലിമിറ്റഡ്, ജെബിഐ ക്യാപിറ്റല്‍ ലിമിറ്റഡ്, നെറ്റ്‌ലിങ്ക് സര്‍വീസസ് യുകെ ലിമിറ്റഡ് എന്നിവയാണ് കമ്പനികള്‍. പിടിയിലായ ഇയാള്‍ക്ക് 6 വര്‍ഷത്തെ തടവും 10 വര്‍ഷം കമ്പനി ഡയറക്ടറായിരിക്കുന്നതില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അലക്‌സ് കരോണിയാസ്, ലോറ കെയിന്‍, ചാര്‍ലി ഷെല്‍ട്ടന്‍, റോബ് മോറിസണ്‍, ടോം മെയ്‌നാര്‍ഡ്, റെയ്‌സ് റോസണ്‍ എന്നിവര്‍ക്കും ഈ കേസുകളില്‍ വിവിധ കാലയളവുകളിലായി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. സാമ്പത്തിക നേട്ടം മാത്രമായിരുന്നു കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്നും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച വിദ്യാര്‍ത്ഥികളെ ഈ സംഘം കബളിപ്പിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.