ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ രേഖാചിത്രം വികസിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. എന്നാല്‍, അന്വേഷണം നടക്കുന്നതിനാല്‍ ചിത്രം പുറത്ത് വിടാന്‍ സംഘം വിസമ്മതിച്ചു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 34നും 38നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് നിഗമനം. സാധാരണ ഫുള്‍കൈ ഷര്‍ട്ടാണ് കൊലയാളി ധരിച്ചിരുന്നത്. കൈയില്‍ ഒരു ചരടും, കഴുത്തില്‍ ഒരു ടാഗും തുക്കിയിരുന്നു. വൈസറില്ലാത്ത ഹെല്‍മറ്റ് ധരിച്ചിരുന്നതാണ് മുഖത്തിന്റെ രേഖാ ചിത്രം വരയ്ക്കാന്‍ സഹായകമായത്.

അക്രമികള്‍ സഞ്ചരിച്ച ബജാജ് പള്‍സര്‍ ബൈക്ക് കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ വസതിക്ക് മുന്നില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മയും നടത്തിയിരുന്നു.