അജിത് പാലിയത്ത്

നോര്‍ത്താംപ്റ്റന്‍ഷയറിലെ കെറ്ററിങില്‍ നിന്നും ഒരു ജിസിഎസ്ഇ വിജയഗാഥ. കെറ്ററിംഗ് സയന്‍സ് അക്കാഡമിയില്‍ പഠിച്ച പ്രണവ് സുധീഷ് എന്ന കൊച്ചുമിടുക്കനാണ് ‘ഏഴ് എ സ്റ്റാറും, മൂന്ന് എ ഗ്രേഡും രണ്ടു ഗ്രേഡ് 9 ഉം, ഒരു ഗ്രേഡ് 8 ഉം നേടി ഇക്കുറി നടന്ന ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കൊയ്തത്. യുകെയിലെ അറിയപ്പെടുന്ന കലാ സാംസ്‌കാരിക സംഗീത കൂട്ടായ്മയായ ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യൂകെയ്ക്ക് ഇത് തികച്ചും അഭിമാനത്തിന്റെ നിമിഷം കൂടിയാണ്. ഈ കൂട്ടായമയിലെ അംഗമായ സുധീഷ് വാസുദേവന്റെയും ബിന്ദുവിന്റെയും മകനാണ് ഈ മിടുക്കന്‍.

ചെറുപ്പം മുതല്‍ പഠനത്തിലും മറ്റ് കലാസാംസ്‌കാരിക പരിപാടികളിലും മികച്ച വിജയങ്ങള്‍ നേടുവാന്‍ പ്രണവിന് സാധിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ അച്ഛന്‍ സുധീഷ് മോറിസണ്‍ കമ്പനിയില്‍ ജോലിനോക്കുന്നു. പാലാ ചേര്‍പ്പുങ്കല്‍ സ്വദേശിയായ ബിന്ദു കെറ്ററിങ് ജനറല്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. സഹോദരന്‍ രോഹിത് സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നു. തുടര്‍ന്നുള്ള എ ലെവല്‍ പഠനത്തിന് ശേഷം ഡോക്ടറാകുവാനാണ് പ്രണവിന് താല്‍പ്പര്യം.

ചോദ്യങ്ങള്‍ കൂടുതല്‍ കഠിനമാക്കി പുതിയ രീതിയില്‍ ഈ പ്രാവശ്യം നടന്ന ജിസിഎസ്ഇ പരീക്ഷയില്‍ താന്‍ സംതൃപ്തനാണെന്ന് പ്രണവ് പറഞ്ഞു. പരീക്ഷയിലെ ഈ ഉന്നത വിജയത്തില്‍ തന്റെ ഗുരുക്കന്മാരോടും മാതാപിതാക്കളോടും ഈശ്വരനോടും കടപ്പെട്ടിരിക്കുന്നുവെന്ന് പ്രണവ് പറയുന്നു.