ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഈ പൊതുതിരഞ്ഞെടുപ്പിന് ശേഷം ലേബർ പാർട്ടി അധികാരത്തിൽ വന്നാൽ ബ്രെക്സിറ്റ് വിഷയത്തിൽ താൻ ഒരു നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് തുറന്ന് പറഞ്ഞ് ജെറമി കോർബിൻ. വെള്ളിയാഴ്ച നടന്ന ബിബിസിയുടെ ചർച്ചയിലാണ് കോർബിൻ ഇക്കാര്യം അറിയിച്ചത്. ഭാവിയിലെ ബ്രെക്സിറ്റ് റഫറണ്ടത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കാനുള്ള തന്റെ തീരുമാനത്തെ പക്വത നിറഞ്ഞ ഒന്നായി അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. താൻ പ്രധാനമന്ത്രിയാകുകയാണെങ്കിൽ, യൂറോപ്യൻ യൂണിയനുമായി ഒരു പുതിയ ബ്രെക്‌സിറ്റ് കരാർ ചർച്ചചെയ്യുമെന്നും അതൊരു പൊതുതിരഞ്ഞെടുപ്പിൽ വിടുമെന്നും കോർബിൻ പറഞ്ഞു. എന്നിരുന്നാലും, ഫലം നടപ്പാക്കുന്നതിനുമുമ്പ്, ഈ റഫറണ്ടത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. “ഇത് യഥാർത്ഥത്തിൽ ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ കഴിയുന്ന വിവേകപൂർണ്ണമായ ഒരു മാർഗമാണെന്ന് ഞാൻ കരുതുന്നു.” ഷെഫീൽഡിലെ പ്രചാരണവേളയിൽ കോർബിൻ പറയുകയുണ്ടായി.

ബ്രെക്സിറ്റ്‌ പോലെയൊരു സുപ്രധാന വിഷയത്തിൽ കോർബിൻ എങ്ങനെ ഉദാസീനനായിരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചോദിച്ചു. പുതിയ ബ്രെക്സിറ്റ് ഇടപാട് ചർച്ച ചെയ്യാനുള്ള ലേബർ പാർട്ടി നേതാവിന്റെ ആഗ്രഹം അദ്ദേഹത്തിന്റെ നിഷ്പക്ഷ നിലപാട് മൂലം ദുർബലപ്പെടുമെന്ന് ജോൺസൺ കൂട്ടിച്ചേർത്തു. പടിഞ്ഞാറൻ ലണ്ടനിൽ ശനിയാഴ്ച നടന്ന പ്രചാരണത്തിനിടെ ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ, കോർബിന്റെ നിലപാട് ആശ്ചര്യജനകമാണെന്ന് പറഞ്ഞു. “ഒരു തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നത്തിൽ അവർ ഒരു വ്യക്തമായ നിലപാട് സ്വീകരിക്കാൻ പോകുന്നില്ല,” സ്വിൻസൺ കൂട്ടിച്ചേർത്തു. ഈ രാജ്യത്ത് ജീവിക്കുന്നവർക്ക് ഒരു നേതാവിനെയാണ് വേണ്ടത്, ഒരു കാഴ്ചക്കാരനെയല്ല എന്നും അവർ പറഞ്ഞു. കോർബിന്റെ ഈയൊരു തീരുമാനം പരാജയമാണെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗൽ ഫാരേജും ആരോപിച്ചു.