”കാന്‍സര്‍ എന്നെ പിടികൂടി കഴിഞ്ഞിരിക്കുന്നു. വളരെ വൈകിയാണ് രോഗം വിവരം അറിയുന്നത്. ഒരു പക്ഷേ സ്‌കോട്ട്‌ലന്‍ഡിലെ പരിശോധനാ രീതി ഇഗ്ലണ്ടിലുണ്ടായിരുന്നെങ്കില്‍ കാന്‍സര്‍ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞേക്കാമായിരുന്നു.’ 62 കാരനായ പ്രമുഖ ബിബിസി വാര്‍ത്താ അവതാരകന്‍ ജോര്‍ജ് അളഗിയയുടെ വാക്കുകളാണിത്. വന്‍കുടലില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ രോഗം ഒരു പക്ഷേ നേരത്തെ കണ്ടെത്താമായിരുന്നു എന്നാല്‍ അതിന് സാധിച്ചില്ല. ഇപ്പോള്‍ മൂര്‍ച്ഛിച്ചിരിക്കുന്ന രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ വെറും 10 ശതമാനം സാധ്യത മാത്രമേ അദ്ദേഹത്തിന് മുന്നിലുള്ളു.

 

50 വയസ്സിന് ശേഷമുള്ള ഒരോ രണ്ട് വര്‍ഷവും ബവല്‍ ക്യാന്‍സര്‍ പരിശോധനയ്ക്കുള്ള സംവിധാനം സ്‌കോട്ട്‌ലന്‍ഡിലുണ്ട്. ഇംഗ്ലണ്ടില്‍ ഇതിന്റെ പ്രായപരിധി 60 വയസാണ്. സ്‌കോട്ട്‌ലന്‍ഡിലെ പദ്ധതിയുടെ പ്രായ പരിധിയാണ് ഇഗ്ലണ്ടിലും നിലനിന്നിരുന്നതെങ്കില്‍ ഒരു പക്ഷേ അളഗിയയുടെ കാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ കഴിയുമായിരുന്നു. 2014ലാണ് അളഗിയക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്. അദ്ദേഹം ഇരുന്ന സ്റ്റൂളില്‍ രക്തം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരുന്നു.

വന്‍കുടലില്‍ നിന്നും കാന്‍സര്‍ കരളിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നു പിടിച്ചിരുന്നു. രോഗം നാലാമത്തെ സ്‌റ്റേജിലാണെന്നും അടുത്ത 5 വര്‍ഷം വരെ മാത്രമേ ആയുസുള്ളുവെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമായിരുന്നുവെന്ന് യുകെ കാന്‍സര്‍ റിസര്‍ച്ച് വ്യക്തമാക്കി.