• സ്വന്തം ലേഖകൻ

ബ്രിട്ടൻ :- യാത്രികരിൽ കൊറോണ ബാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് എട്ടോളം വിമാനങ്ങൾ ലണ്ടനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹെയ്ത്രോവിൽ തടഞ്ഞിട്ടു. സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് ആണ് യാത്രികരിൽ ഒരാൾക്ക് കൊറോണ ബാധ്യതയുണ്ടെന്ന് സംശയത്തെ തുടർന്ന് ലണ്ടനിൽ പിടിച്ചിട്ടത്. ഇതോടൊപ്പം തന്നെ മറ്റ് എട്ടോളം ഫ്ലൈറ്റുകളും പിടിച്ചിട്ടുണ്ട്. കോലാലംപൂരിൽ നിന്നും ബ്രിട്ടനിലേക്കുള്ള ഫ്ലൈറ്റ് രണ്ടു മണിക്കൂറോളം പിടിച്ചിട്ടു. യാത്രികരിൽ ഉൾപ്പെട്ട ഒരു മലേഷ്യൻ ദമ്പതികൾക്ക് കൊറോണ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഇത്.

എന്നാൽ എയർപോർട്ട് അധികൃതർ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും, വിമാനത്താവള അധികൃതരും ഈ വാർത്തയെ സംബന്ധിച്ച് പ്രതികരിച്ചില്ല. ഇതേ സംബന്ധിക്കുന്ന ഒരു വിവരങ്ങളും പുറത്തുവിടാൻ ഇവർ തയ്യാറായിട്ടില്ല. എന്നാൽ സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള വിമാനത്തിലെ യാത്രികരിൽ ഒരാൾക്ക് വിമാനത്തിൽ വച്ച് വയ്യാതായതായി എയർലൈൻസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം തന്നെ യാത്രക്കാരോട് ഇടപെടുമ്പോൾ വിമാനത്തിലെ ജീവനക്കാർ മാസ്‌ക്കുകളും മറ്റും ധരിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. എന്നാൽ യാത്രക്കാരുടെ സുരക്ഷ ആണ് ഏറ്റവും വലുതെന്നും, അതിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു. യുഎസിൽ നിലവിൽ 15 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടണിൽ ഒൻപത് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.