ഇറ്റാലിയൻ നിയമം ലംഘിച്ച് 42 അഭയാര്‍ഥികളെ തുറമുഖത്തേക്ക് കൊണ്ടുവന്ന കപ്പലിന്റെ ക്യാപ്റ്റനെ ജയിലിലടച്ചു. അഭയാര്‍ത്ഥികളെ രക്ഷിക്കുന്ന ജര്‍മന്‍ എന്‍ജിഒയുടെ രക്ഷാകപ്പലായ സീ-വാച്ച് 3യുടെ ക്യാപ്റ്റനായ കരോള റാക്കെറ്റിനെയാണ് അറസ്റ്റ് ചെയ്തതും ഇപ്പോള്‍ വിചാരണ നേരിടാന്‍ പോകുന്നതും.

“അതൊരു തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും ആവര്‍ത്തിക്കു”മെന്ന് തിരിച്ചു പറഞ്ഞ 31-കാരിയായ കരോള റാക്കെറ്റിനു വേണ്ടി ഇപ്പോള്‍ യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടക്കുകയാണ്. “രാഷ്ട്രീയമായ എല്ലാ കളികള്‍ക്കുമപ്പുറം മനുഷ്യ ജീവനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തതെ”ന്ന് ഈ ജര്‍മ്മന്‍കാരി പറയുന്നു. ഇറ്റലിയിലെ തീവ്ര വലതുപക്ഷക്കാരനായ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനീ തന്നെയാണ് റാക്കെറ്റയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞയാഴ്ച റാക്കെറ്റിനെ ഇറ്റാലിയൻ നാവിക ഉപരോധം ലംഘിച്ചതിന് താത്ക്കാലികമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന ലിബിയയിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കടലില്‍ മുങ്ങിയ അഭയാര്‍ഥികളെ റാക്കെറ്റിന്റെ കപ്പല്‍ രക്ഷപെടുത്തി. സംഘത്തെ മെഡിറ്ററേനിയൻ ദ്വീപായ ലാംപെഡൂസയിലേക്ക് കൊണ്ടുപോകുന്നത് തടയാന്‍ അധികൃതര്‍ ശ്രമിച്ചു. ദിവസങ്ങളോളം കടലില്‍തന്നെ കെട്ടിക്കിടക്കേണ്ട അവസ്ഥവന്നതോടെ കപ്പലിലുണ്ടായ 42 വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇറ്റാലിയന്‍ തീരത്തേക്ക് പോയത്. എന്നാല്‍ സീ വാച്ചിന് ഇറ്റലിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയതെന്ന് റാക്കെറ്റ് വിശദീകരിച്ചു.

എന്നാൽ ഉത്തരധ്രുവത്തിലെ ഐസ്ബ്രേക്കറുകളിൽപോലും ജോലി ചെയ്തിട്ടുള്ള റാക്കെറ്റ് അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. ‘രണ്ടു മണിക്കൂറിനുള്ളില്‍ ഞാന്‍ അവിടെയെത്തും’ എന്നാണ് അവര്‍ മറുപടി നല്‍കി. എന്നാല്‍ ഒരു സൈനികകപ്പല്‍ അവരെ തടയാന്‍ ശ്രമിച്ചു. അതോടെ അപകടം മണത്ത റാക്കെറ്റ് ലാംപെഡൂസയിലേക്കുതന്നെ പോകാന്‍ നിര്‍ബന്ധിതയായി.

“രണ്ടാഴ്ചയായി, കപ്പലിലെ ആളുകളുടെ സ്ഥിതി കൂടുതൽ ഗുരുതരമായിക്കൊണ്ടിരിക്കുകയാണെന്നും കുടിയേറ്റക്കാരുടെ ആരോഗ്യസ്ഥിതി ദിനംപ്രതി മോശമാവുകയാണെന്നും ഞങ്ങൾ അധികാരികളെ അറിയിക്കുന്നുണ്ടായിരുന്നു. പക്ഷെ, ഒരു മതിലിനോട് സംസാരിക്കുംപോലെ ആയിരുന്നു അത്. ഏകദേശം 20 ദിവസം മുമ്പ് ആരംഭിച്ച നിരാശാജനകമായ സംഭവങ്ങളുടെ ഫലമാണ് തുറമുഖത്തെ സംഭവം”– റാക്കറ്റ് ‘ദ ഗാര്‍ഡിയനോട്’ പറഞ്ഞു.

ജൂൺ 12-നാണ് ലിബിയയുടെ തീരത്ത് നിന്ന് ചങ്ങാടങ്ങളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന സംഘത്തെ ‘സീ-വാച്ച് 3’ സംഘം കണ്ടെത്തുന്നത്. അവരെ അവരെ ട്രിപ്പോളിയിലേക്ക് കൊണ്ടുപോകാൻ റാക്കെറ്റ് വിസമ്മതിച്ചു. അവിടെയെത്തിയാല്‍ അവര്‍ തടവിലാക്കപ്പെടുകയും കൊടുംപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുമായിരുന്നു. അതോടെയാണ് ലാംപെഡൂസയിലേക്ക് പോകാന്‍ അവര്‍ തീരുമാനിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

കടുത്ത നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം എന്ന് അറിഞ്ഞുകൊണ്ട്തന്നെയാണ് ഇറ്റാലിയിലേക്ക് പ്രവേശിക്കാൻ അവര്‍ തീരുമാനിച്ചത്. ഇറ്റാലിയന്‍ തീരത്തേക്ക് പ്രവേശിച്ച ഉടന്‍തന്നെ അഭയാര്‍ത്ഥികളെ നിയമവിരുദ്ധമായി സഹായിച്ചു എന്ന കുറ്റത്തിന് അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജൂൺ 28-ന് രാത്രി കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്ത് അടുപ്പിച്ചു. തടയാന്‍ ശ്രമിച്ച സൈനിക കപ്പലിനെ ഇടിച്ചു തെറുപ്പിച്ച് കൊണ്ടായിരുന്നു ഇത്. തീരത്ത് എത്തിയ ഉടനെ അഭയാര്‍ഥികളെ അവിടെ ഇറക്കി. തുടര്‍ന്ന് റാക്കെറ്റിനെ അറസ്റ്റ് ചെയ്തു.

“കപ്പലില്‍ ഉണ്ടായിരുന്ന അഭയാര്‍ഥികളുടെ അവസ്ഥ അത്രയും മോശമായിരുന്നു. യുദ്ധത്തില്‍ അത്രത്തോളം പേടിച്ച മനുഷ്യരായിരുന്നു അവര്‍. ചിലര്‍ ആത്മഹത്യാ ശ്രമം നടത്തിയവര്‍. അവര്‍ എത്ര ദിവസം അതിജീവിക്കും എന്ന് പോലും ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. കടലില്‍ തന്നെ കുടുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന ഡോക്ടര്‍ ആരും കടലില്‍ ചാടുന്നില്ലെന്നു ഉറപ്പാക്കാന്‍ മുഴുവന്‍ സമയവും കപ്പലിന്റെ ഡോക്കിലായിരുന്നു കഴിഞ്ഞത്”, റാക്കെറ്റ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഭയാര്‍ഥികളെ രക്ഷപെടുത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇറ്റാലിയന്‍ അധികൃതര്‍ അഭയാര്‍ഥികളെ ഒരു വിധത്തിലും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന നിയമം രാജ്യം പാസാക്കിയിട്ടുണ്ടെന്നു റാക്കെറ്റയെ അറിയിച്ചിരുന്നു. കടുത്ത പിഴശിക്ഷയ്ക്ക് പുറമെ ബോട്ടുകള്‍ പിടിച്ചെടുക്കുക തുടങ്ങിയവയും നിയമത്തിലുണ്ട്.

വിവിധ രീതികളില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇറ്റാലിയന്‍ അധികൃതര്‍ വഴങ്ങുന്നില്ല എന്ന് വന്നതോടെ നിയമം ലംഘിച്ച് ഇറ്റാലിയന്‍ കടലില്‍ പ്രവേശിക്കാന്‍ റാക്കെറ്റ് തീരുമാനിച്ചു. അഭയാര്‍ഥികളുടെ അവസ്ഥ അത്രത്തോളം മോശമായിക്കഴിഞ്ഞു എന്നും അവര്‍ക്ക് കരയില്‍ എത്തി ചികിത്സ വേണമെന്നും അധികൃതരെ അറിയിച്ചതായി റാക്കെറ്റ് പറയുന്നു.

ജൂണ്‍ 28-ന് രാത്രി കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്ത് ബലമായി അവര്‍ അടുപ്പിച്ചു. അഭയാര്‍ത്ഥികളെ ഉടന്‍ തന്നെ ചികിത്സക്കായി മാറ്റി. ഇതിനിടെ അവര്‍ക്ക് പിന്തുണ അറിയിച്ചും ഒപ്പം ബലാത്സംഗ ഭീഷണി അടക്കമുള്ളവ മുഴക്കി ഒരു കൂട്ടരും അവിടെ തടിച്ചു കൂടിയിരുന്നു. “അതൊക്കെ ഞാന്‍ കേട്ടിരുന്നു. പക്ഷേ, ഞാനത് കാര്യമാക്കിയില്ല. കാരണം, അവിടുത്തെ പ്രാദേശിക ലാംപെഡുസ സമുദായക്കാര്‍ എല്ലായ്‌പ്പോഴും അഭയാര്‍ത്ഥികളെ സഹായിക്കുന്നവരും എന്നെ പിന്തുണയ്ക്കുന്നവരുമായിരുന്നു”, റാക്കെറ്റെ പറയുന്നു.

ഒരാഴ്ച വീട്ടുതടങ്കലിലായിരുന്നു അവര്‍. നിയമവിരുദ്ധ കുടിയേറ്റത്തിന് സഹായിച്ചു എന്ന കുറ്റം ചാര്‍ത്തിയിട്ടുള്ള അവരെ കാത്ത് ഇനി വിചാരണയുണ്ട്. അതിനു പുറമെ അവരെ എത്രയും വേഗം രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഉപപ്രധാനമന്ത്രി സാല്‍വിനി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. “ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് അവര്‍“, അയാള്‍ പറഞ്ഞു.

“ആ കൊള്ളക്കപ്പലിന്റെ ക്യാപ്റ്റന്റെ പെരുമാറ്റം ഒരു ക്രിമിനലിന്റേതാണ്. അവള്‍ ഒരു സൈനിക പെട്രോള്‍ ബോട്ടിനെ തകര്‍ക്കാന്‍ ശ്രമിച്ചു. ഓഫീസര്‍മാരുടെ ജീവന്‍ അപകടത്തിലാകേണ്ടതായിരുന്നു. ഇത് സംഭവിക്കുനന്ത് ജര്‍മനിയില്‍ ആയിരുന്നെങ്കിലോ? ഒരു ഇറ്റാലിയന്‍ ക്യാപ്റ്റന്‍ ജര്‍മന്‍ പോലീസുകാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ നോക്കിയിട്ട് ജര്‍മനിയിലേക്ക് ചെന്നാല്‍ അത് സഹിക്കാന്‍ മാത്രം സഹിഷ്ണുത അവര്‍ക്ക് ഉണ്ടാകണമെന്നില്ല”, സാല്‍വിനി പറഞ്ഞു.

റാക്കെറ്റയുടെ സീവാച്ച് 3 കപ്പല്‍ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് തടഞ്ഞിട്ടിരിക്കുന്നു. ഇതിനോട് റാക്കെറ്റെ പ്രതികരിച്ചത് ഇങ്ങനെയാണ്

“സാല്‍വിനി പ്രതിനിധീകരിക്കുന്ന ഒരു കാര്യമാണത്. അതായത്, വലതുപക്ഷ ശക്തികളുടെ വളര്‍ച്ച. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അതിപ്പോള്‍ യൂറോപ്പ് മുഴുവന്‍, ജര്‍മനിയിലും യുകെയിലുമെല്ലാം വ്യാപിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തിന്റെ പിന്തുണയില്ലാതെയാണ് അവര്‍ സംസാരിക്കുന്നത്. എന്റെ ഈ നടപടി കൊണ്ട് യൂറോപ്പും കുടിയേറ്റക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാകും എന്നാണ് കരുതുന്നത്. കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ നിരവധി നഗരങ്ങള്‍ തയാറാണ്. സര്‍ക്കാരുകള്‍ തടസമായി നില്‍ക്കാതിരുന്നാല്‍ മതി. എനിക്ക് എത്രയും വേഗം കടലിലേക്ക് തിരിച്ചു പോകാന്‍ കഴിയും എന്നാണ് പ്രതീക്ഷ. കാരണം അവിടെയാണ് എന്നെക്കൊണ്ടുള്ള ആവശ്യക്കാരുള്ളത്”.

ജര്‍മനിയിലെ പ്രീറ്റ്‌സില്‍ ജനിച്ച റാക്കെറ്റ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷനില്‍ മാസ്‌റ്റേഴ്‌സ് നേടിയിട്ടുണ്ട്. അഞ്ചു ഭാഷകള്‍ സംസാരിക്കും. 2016-ലാണ് ജര്‍മന്‍ എന്‍ജിഓയായ സീ വാച്ചില്‍ അവര്‍ ചേരുന്നത്. കപ്പല്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നു എന്നതും അഭയാര്‍ത്ഥികളെ കടലില്‍ നിന്ന് രക്ഷിക്കുന്നതു പോലുള്ള ജോലികള്‍ക്ക് നിരവധി പേര്‍ തയാറാകാതിരുന്നതുമാണ് തനിക്ക് ഇവിടെ ജോലി ലഭിക്കാന്‍ കാരണമെന്ന് അവര്‍ പറയുന്നു.

“എനിക്ക് വീടുമില്ല, കാറുമില്ല, ഒരു സ്ഥിരവരുമാനം ഉണ്ടാക്കുന്നതില്‍ ഞാനൊട്ട് ശ്രദ്ധിക്കാറുമില്ല. എനിക്കൊട്ട് കുടുംബവുമില്ല. അതുകൊണ്ടു തന്നെ ഈ കാര്യങ്ങള്‍ ചെയ്യുന്നതില്‍ എന്നെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല”– റാക്കെറ്റെ ദി ഗാര്‍ഡിയനോട് പ്രതികരിച്ചു.