ഇറാന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനുള്ള യുഎസ് കോടതി ഉത്തരവ് ജിബ്രാൾട്ടര്‍ ഭരണകൂടം തള്ളി. യുഎസ് ഉപരോധം യുറോപ്യൻ യൂണിയനു ബാധകമല്ലെന്നു ജിബ്രാൾട്ടർ അറിയിച്ചു. ജിബ്രാൾട്ടര്‍ കോടതിയുടെ മോചന വ്യവസ്ഥ പ്രകാരം കപ്പലിന്‍റെ പേര് ‘ഗ്രേസ് 1 എന്നത് ‘ആഡ്രിയന്‍ ഡാരിയ’ എന്ന് മാറ്റി. കപ്പലില്‍ സ്ഥാപിച്ചിരുന്ന പാനമയുടെ പതാക താഴ്ത്തി പകരം ഇറാന്‍റെ പതാക ഉയര്‍ത്തി. കപ്പല്‍ തിങ്കളാഴ്ച പുലർച്ചയോടെ ജിബ്രാൾട്ടര്‍ തീരംവിടും.
സിറിയയിലേക്ക് ക്രൂഡ് ഒായില്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ജൂലൈ നാലിനു ബ്രിട്ടിഷ് സൈന്യം പിടിച്ചെടുത്ത കപ്പല്‍ ഓഗസ്റ്റ് 15 നാണ് ജിബ്രാൾട്ടർ സുപ്രീം കോടതി വിട്ടയച്ചത്. മൂന്നു മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്; ആകെ ജീവനക്കാർ 24. കപ്പൽ വിട്ടുകൊടുക്കുന്നതു തടയാൻ യുഎസ് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. നാവികർക്ക് വീസ നിഷേധിക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കി.
കപ്പൽ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ജിബ്രാൾട്ടർ കോടതി തള്ളിയതോടെ വാഷിങ്ടൻ ഡിസിയിലെ ഡിസ്ട്രിക്ട് കോടതിയെ സമീപിക്കുകയായിരുന്നു യുഎസ്. തുടർന്നാണ് കപ്പൽ അതിലെ എണ്ണയും പത്തു ലക്ഷത്തോളം യുഎസ് ഡോളറും സഹിതം പിടിച്ചെടുക്കാൻ വെള്ളിയാഴ്ച കോടതി ഉത്തരവിട്ടത്. ഇറാനിലെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡുകളുമായി കപ്പലിനു ബന്ധമുണ്ടെന്നാണ് യുഎസിന്റെ ആരോപണം. റവല്യൂഷനറി ഗാർഡ്സ് ഇറാന്റെ സൈന്യമാണെങ്കിലും യുഎസ് ഇതിനെ ഭീകരസംഘടനയായാണു കണക്കാക്കുന്നത്.
Leave a Reply