ലണ്ടന്‍: ലണ്ടനില്‍ അക്രമ സംഭവങ്ങള്‍ തുടരുന്നു. നോര്‍ത്ത് ലണ്ടനിലെ ടോട്ടന്‍ഹാമിലുണ്ടായ വെടിവെപ്പാണ് ഏറ്റവുമൊടുവിലെ സംഭവം. തിങ്കളാഴ്ച രാത്രി 9.35നാണ് സംഭവമുണ്ടായത്. നോര്‍ത്തംബര്‍ലാന്‍ഡ് പാര്‍ക്ക് സ്‌റ്റേഷന് സമീപം ചാല്‍ഗ്രോവ് റോഡില്‍ 17 വയസുള്ള ഒരു പെണ്‍കുട്ടിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 10.43ഓടെ മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് വക്താവ് അറിയിച്ചു.

ഈ സംഭവത്തില്‍ അറസ്റ്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സംഭവത്തിന് അര മണിക്കൂറിന് ശേഷം മൂന്ന് മൈല്‍ അപ്പുറത്ത് ഈസ്റ്റ് ലണ്ടനില്‍ മറ്റൊരു വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാത്രി 10 മണിയോടെ വാല്‍ത്താംസ്‌റ്റോവിലെ മാര്‍ക്ക്ഹൗസ് റോഡിലായിരുന്നു സംഭവം. രണ്ട് കൗമാരക്കാരെ ഇവിടെ ബുള്ളറ്റുകളും കത്തിക്കുത്തുമേറ്റ നിലയില്‍ കണ്ടെത്തി. ഒരു പതിനാറുകാരനെയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഈസ്റ്റ് ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിക്കേറ്റ രണ്ടാമത്തെയാള്‍ 15കാരനാണ്. ഈസ്റ്റ് ലണ്ടന്‍ ഹോസ്പിറ്റലില്‍ത്തന്നെയാണ് ഇയാളെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബ്രിട്ടീഷ് തലസ്ഥാനത്ത് അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈസ്റ്റര്‍ ദിവസം ലണ്ടനില്‍ ഒരു 20കാരന്‍ കത്തിക്കുത്തേറ്റ് മരിച്ചിരുന്നു. ഈ വര്‍ഷം കത്തികൊണ്ടുള്ള ആക്രമണത്തിന് ഇരയാകുന്ന 31-ാമത്തെ ആളാണ് ഇയാള്‍. വാന്‍ഡ്‌സ്‌വര്‍ത്തിലെ ബാറില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാള്‍ക്ക് കുത്തേറ്റത്. തെരുവില്‍ക്കിടന്ന് പിന്നീട് ഇയാള്‍ മരിക്കുകയായിരുന്നു.