ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു കെ :- സ്പെയിനിലെ ഹോളിഡേ ആഘോഷങ്ങൾ കഴിഞ്ഞു ബ്രിട്ടനിൽ തിരിച്ചെത്തിയ ശേഷം ക്വാറന്റൈനിൽ പോകാൻ വിസമ്മതിച്ച രണ്ടു വനിതകൾക്ക് 1000 പൗണ്ട് പിഴ ഈടാക്കി പോലീസ്. ഗ്രെയ്റ്റർ മാഞ്ചെസ്റ്ററിലെ ആഷ് ടൺ-അണ്ടർ – ലൈൻ എന്ന പട്ടണത്തിൽ നിന്നുള്ളവരാണ് ഇരു വനിതകളും. നിലവിലുള്ള നിയമം അനുസരിച്ച്, സ്പെയിനിൽ പോയി തിരിച്ചെത്തുന്നവർ 14 ദിവസത്തെ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്നത് നിർബന്ധമാണ്. എന്നാൽ ഇവർ ഇരുവരും തങ്ങളുടെ വീക്കെൻഡ് ആഘോഷങ്ങൾക്കുശേഷം തിരിച്ചെത്തി സാധാരണ ജീവിതം നയിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഇവരിൽ ഒരാൾ സ്ഥിരമായി ജോലിക്ക് പോയിരുന്നതായും, മറ്റേയാൾ ഒരു ആശുപത്രിയിൽ സന്ദർശനം നടത്തിയതായും പോലീസ് പറഞ്ഞു. ഇതേ തുടർന്ന് ക്വാറന്റൈനിൽ പോകുവാൻ സാധിക്കാത്തവർ യാത്രകൾ ഒഴിവാക്കണമെന്ന് പോലീസ് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ജനങ്ങളെല്ലാവരും തന്നെ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന നിർദ്ദേശം അധികൃതർ നൽകിക്കഴിഞ്ഞു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച 6968 കേസുകളാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ബ്രിട്ടനിലെ മൊത്തം കൊറോണ കേസുകളുടെ എണ്ണം 467, 146 ആയി ഉയർന്നു. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളെല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.