ആല്‍ഫി ഇവാന്‍സിനെ ചികിത്സക്കായി യൂറോപ്പിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രക്ഷിതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം അരങ്ങേറി. യൂറോപ്പിലേക്ക് ചികിത്സക്കായി തന്റെ മകനെ എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ താന്‍ തയ്യാറാണെന്ന് പിതാവായ ടോം ഇവാന്‍സ് പറഞ്ഞു. കുട്ടിയെ അകാരണമായി ആശുപത്രിയില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. എയര്‍ ആംബുലന്‍സ് എത്തുന്നത് തടഞ്ഞ കോടതി നടപടിക്കെതിരെയും മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. മാതാപിതാക്കള്‍ എന്ന നിലയില്‍ ഇവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ടോം ഇവാന്‍സിന്റെയും കെയ്റ്റ് ജെയിംസിന്റെയും അഭിഭാഷകര്‍ പറഞ്ഞു. നിയമവിരുദ്ധമായ തടങ്കലിനും അവകാശ നിഷേധത്തിനുമെതിരെ സുരക്ഷ നല്‍കുന്ന ഹേബിയസ് കോര്‍പസ് പോലും ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ക്രിസ്റ്റ്യന്‍ ലീഗല്‍ സെന്ററിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ പോള്‍ ഡയമണ്ട് വ്യക്തമാക്കി.

2016 മെയ് 9ന് ജനിച്ച ആല്‍ഫിക്ക് ഡീജനറേറ്റീവ് ന്യൂറോളജിക്കല്‍ രോഗമാണ് ഉള്ളത്. കുട്ടി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്. തുടര്‍ ചികിത്സ ഫലം ചെയ്യില്ലെന്ന് വ്യക്തമായതിനാല്‍ ഈ ഉപകരണങ്ങളുടെ സഹായം ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിയും യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സും വിസമ്മതിച്ചു. രക്ഷിതാക്കളെന്ന നിലയിലുള്ള തങ്ങളുടെ അവകാശങ്ങള്‍ സ്റ്റേറ്റ് നിഷേധിക്കുകയാണെന്നും കുട്ടിയെ ജര്‍മനിയിലേക്കോ റോമിലേക്കോ മാറ്റണമെന്നുമാണ് ടോം ഇവാന്‍സും കെയ്റ്റ് ജെയിംസും പറയുന്നത്.

കുട്ടിയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കാന്‍ ബുധനാഴ്ച കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിക്കാനിരിക്കുകയാണ് മാതാപിതാക്കള്‍. കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നൂറ്കണക്കിനാളുകളാണ് ആള്‍ഡര്‍ ഹേയ് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയത്. ഇന്നലെയാണ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടത്.