തന്നെ പീഡിപ്പിച്ചപ്പോള്‍ തന്നെ വേണ്ടപ്പെട്ടവരോട് വിവരം പറഞ്ഞിരുന്നതായി കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിന് ഇരയായി പ്രസവിച്ച പെണ്‍കുട്ടി.ഇക്കാര്യം അതിരൂപതയിലുള്ള പ്രമുഖര്‍ക്ക് അറിയാമായിരുന്നു. വൈദികനെതിരെ അതിരൂപതാതലത്തില്‍ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും പള്ളി വികാരി ഫാ. റോബില്‍ വടക്കുംചേരിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടി വെളിപ്പെടുത്തി.
സഹോദരനൊപ്പം ഒരിക്കല്‍ പള്ളിയിലെത്തിയപ്പോഴാണ് താന്‍ ഉപദ്രവിക്കപ്പെട്ടത്. മഴയായതിനാല്‍ സഹോദരന്‍ ആദ്യം പോയി. മഴ ശമിക്കാന്‍ പള്ളിയില്‍ നിന്ന തന്നെ കംപ്യൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേന റോബിന്‍ വടക്കുംചേരി അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെവച്ചാണ് പീഡിപ്പിച്ചത്. ആദ്യം ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല. വേദനയെതുടര്‍ന്ന് കൂത്തുപറമ്പിലെ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു പ്രസവം. കുഞ്ഞിനെ തന്നെ കാണിച്ചിരുന്നു. തല്‍ക്കാലം മറ്റൊരിടത്തേക്ക് മാറ്റാമെന്നും പിന്നീട് തിരിച്ച് നല്‍കാമെന്നുമുള്ള ഉറപ്പിലാണ് കുട്ടിയെ കൈമാറിയത്.
കുഞ്ഞ് ഇപ്പോള്‍ എവിടെയാണുള്ളതെന്ന് അറിയില്ല. പതിനഞ്ച് ദിവസം വിശ്രമിച്ചശേഷം കഴിഞ്ഞദിവസം സ്‌കൂളില്‍ മോഡല്‍ പരീക്ഷയ്ക്ക് പോയിരുന്നു. സംഭവത്തെക്കുറിച്ച് പുറത്താരോടും പറഞ്ഞില്ല. സഭയ്ക്കും വൈദിക സമൂഹത്തിനും നാണക്കേടുണ്ടാകുമെന്ന് ചിലര്‍ നിര്‍ദേശിച്ചതിനാലാണ് സംഭവം മറച്ചുവച്ചത്.
മറ്റാരോ വിവരം അറിയിച്ചതിനെതുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ എത്തി. സംഭവമറിഞ്ഞെത്തിയ പൊലീസിനോടും ചൈല്‍ഡ്‌ലൈന്‍ അധികൃതരോടും സംഭവത്തിനുത്തരവാദി തന്റെ പിതാവാണെന്നാണ് ആദ്യം മൊഴി നല്‍കിയത്. സഭയെയും വൈദികനെയും രക്ഷിക്കാനായിരുന്നു ഇത്. നിരപരാധിയായ തന്റെ പിതാവ് ജയിലിലാകുമെന്ന് മനസിലായതോടെ യഥാര്‍ഥ സംഭവം പൊലീസിനോട് പറയുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.