അധികാര ദുർവിനിയോഗത്തിന്റെ പേരിൽ ഇംപീച്ച്മെന്റിനു ഡെമോക്രാറ്റുകള്‍ തയ്യാറെടുക്കുന്നതിനിടെ ട്രംപും അദ്ദേഹത്തിന്‍റെ സ്വകാര്യ അഭിഭാഷകനുമായ റൂഡി ജിയൂലിയാനിയുടെ നേതൃത്വത്തിലുള്ള തീവ്രവലതു സൈന്യവും രൂക്ഷമായ വാക്കുകളുമായി തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ജനങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ നിന്ന് തന്നെ തടയാനാണ് ഡെമോക്രാറ്റുകൾ ശ്രമിക്കുന്നതെന്ന് പറഞ്ഞ ട്രംപ്, ജനങ്ങളുടെ സുരക്ഷയും ആരോഗ്യപരിരക്ഷയും സ്വാതന്ത്ര്യവും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും തുറന്നടിച്ചു.

‘ഉക്രെയ്ൻ പ്രോസിക്യൂട്ടർമാരിൽ നിന്നുള്ള സത്യവാങ്മൂലങ്ങള്‍’ എന്ന പേരില്‍ പരസ്‌പരബന്ധമില്ലാത്ത കാര്യങ്ങളാണ് ജിയൂലിയാനി ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ വിളിച്ചു പറഞ്ഞത്. അജ്ഞാത വിസിൽ‌ബ്ലോവറേയും ഡെമോക്രാറ്റുകളും ഇരുവരും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ട്രംപിന്‍റെ നിര്‍ദേശപ്രകാരമാണ് ജിയൂലിയാനി ഉക്രെയിനിയന്‍ അധികൃതരുമായി സംസാരിച്ചത് എന്നതിന് തെളിവുകളുണ്ടായിട്ടും അദ്ദേഹം ആ വാദം തള്ളിക്കളഞ്ഞു. പകരം ‘ഞാൻ ജോ ബൈഡനെക്കുറിച്ച് അന്വേഷിച്ചില, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റൺ ഉക്രെയിനുമായി നടത്തിയ ഗൂഡാലോചനയെ കുറിച്ചാണ് അന്വേഷിച്ചതെന്നാണ്’ അദ്ദേഹം പറയുന്നത്.

അതിനിടെ, ‘ഇത്തരത്തില്‍ മനപ്പൂര്‍വ്വം കല്ലുവെച്ച നുണകള്‍ മാത്രം പ്രചരിപ്പിക്കുന്ന ജിയൂലിയാനിയെ’ ചര്‍ച്ചകള്‍ക്ക് വിളിക്കരുതെന്ന് ബൈഡന്‍റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ പ്രമുഖ ചാനലുകളുടെ മേധാവികള്‍ക്ക് എഴുതിയതായി ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഹിലറി ക്ലിന്റന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് സംബന്ധിച്ച അന്വേഷണം വീണ്ടും ചൂടുപിടിപ്പിച്ചുകൊണ്ട് ഇത്തവണയും മേല്‍ക്കൈ നേടാന്‍ കഴിയുമോയെന്നാണ് ട്രംപും സംഘവും നോക്കുന്നത്.

പരാതി നൽകിയ വിസിൽബ്ലോവർക്കെതിരെയും ട്രംപ് രംഗത്തെത്തിക്കഴിഞ്ഞു. ‘ഒരു വിദേശ നേതാവുമായി നടത്തിയ വ്യക്തമായ സംഭാഷണത്തെ തീര്‍ത്തും കൃത്യമല്ലാത്തതും വഞ്ചനാപരവുമായ രീതിയിൽ’ അവതരിപ്പിക്കുകയാണ് വിസിൽബ്ലോവർ ചെയ്തതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതുകൊണ്ട് അദ്ദേഹത്തെ നേരില്‍ കാണണമെന്ന് പറഞ്ഞ ട്രംപ് ‘ഈ വ്യക്തി യുഎസ് പ്രസിഡന്റിനെതിരെ ചാരപ്പണി നടത്തുകയായിരുന്നോ?’ എന്നും ചോദിച്ചു. ഇംപീച്ച്‌മെന്റ് അന്വേഷണത്തിന്റെ മുൻനിരയിലുള്ള ഇന്റലിജൻസ് കമ്മിറ്റി ചെയർമാനായ ആദം ഷിഫ് അടക്കമുള്ളവരെയും ട്രംപ് വെറുതെ വിട്ടില്ല.

അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ ഉക്രെയിനുമായുള്ള ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് പ്രതിനിധിസഭ ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമർ പുടിനുമായും സൗദി നേതാക്കളുമായും ട്രംപ് നടത്തിയ ഫോൺ സംഭാഷണങ്ങൾ ചോരാതിരിക്കാൻ കടുത്ത നടപടികളാണ് വൈറ്റ് ഹൌസ് കൈകൊണ്ടിട്ടുള്ളത്. അത്യാധുനിക കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിച്ച് ഫോൺ വിവരങ്ങൾ സുരക്ഷിതമാക്കിയതായാണ് റിപ്പോർട്ടുകൾ.