ഗ്ലാസ്‌ഗോ: കടുത്ത മഞ്ഞുവീഴ്ച വിമാന സര്‍വീസുകളെയും ബാധിക്കുന്നു. ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനവും വിമാനങ്ങളെ ടാക്‌സിവേയിലേക്ക് എത്തിക്കുന്ന ടഗ്ഗും തമ്മില്‍ കൂട്ടിയിടിച്ചു. ഇതേത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം റണ്‍വേ തടസപ്പെട്ടു. ഇന്നലെ രാത്രി 8.45ഓടെയുണ്ടായ അപകടത്തേത്തുടര്‍ന്ന് ലാന്‍ഡിംഗിനെത്തിയ വിമാനങ്ങള്‍ ഗ്ലാസ്‌ഗോ പ്രസ്റ്റ്വിക്ക് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു.

റണ്‍വേയില്‍ ഉറഞ്ഞുകൂടിയ ഐസാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തേത്തുടര്‍ന്ന് റണ്‍വേയിലെ ഐസ് മാറ്റാന്‍ തീവ്ര ശ്രമമാണ് നടന്നത്. സ്‌കോട്ട്‌ലാന്‍ഡിലെ താപനില പൂജ്യത്തിനും താഴെയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. വിമാനത്തെ റണ്‍വേയിലേക്ക് മാറ്റുകയായിരുന്ന ടഗ്ഗുമായാണ് വിമാനം കൂട്ടിയിടിച്ചത്. എന്നാല്‍ ഐസില്‍ കയറിയ ടഗ്ഗ് അപകടത്തില്‍ പെട്ടതാണോ അതോ വിമാനം തെന്നി മാറിയതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗ്ലാസ്‌ഗോ എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എമര്‍ജന്‍സി സര്‍വീസുകള്‍ അപകട സ്ഥലത്തേക്ക് നിയോഗിക്കപ്പെട്ടു. ടാക്‌സിവേയും റണ്‍വേയും സജ്ജമാക്കുന്നത് വരെയുള്ള എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കപ്പെട്ടു. പിന്നീട് 10.15നാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ 10 മണി വരെ യുകെയില്‍ മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യെല്ലോ വാണിംഗാണ് പുറപ്പെടുവിച്ചിരിക്കുന്നത്.