ന്യുസ് ഡെസ്ക്

ഗ്ലോസ്റ്റര്‍ : വെള്ളപ്പൊക്ക ദുരിതത്താല്‍ മനസ്സും ജീവിതവും തകര്‍ന്നടിഞ്ഞ മലയാളി സഹോദരങ്ങളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായി  ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ധനസമാഹരണം ചരിത്ര വിജയത്തിലേയ്ക്ക് അടുക്കുന്നു . വെറും പത്ത് ദിവസം കൊണ്ട് 20000 പൌണ്ടാണ്  ജി എം എ യുടെ  ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് . ഓഗസ്റ്റ്‌ 15 ന് ആരംഭിച്ച ചാരിറ്റി അപ്പീലിന് ഒരിക്കലും ലഭിക്കാത്ത ജനപിന്തുണയാണ് ഇംഗ്ലീഷ് സമൂഹത്തില്‍ നിന്ന്  അനുദിനം ലഭിച്ചുകൊണ്ടിരിക്കുന്നത് . യുകെയിലെ മറ്റൊരു മലയാളി അസ്സോസ്സിയേഷനുകള്‍ക്കും കഴിയാത്ത നേട്ടമാണ് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട്  ജി എം എ നേടിയെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏറ്റെടുക്കുന്ന ഏത് പദ്ധതികളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് വിജയിപ്പിക്കുന്ന ജി എം എ നടത്തുന്ന ഈ ധനസമാഹരണ യജ്ഞം യുകെയിലെ മറ്റ് എല്ലാ അസോസിയേഷനുകള്‍ക്ക് കൂടി മാതൃകയാവുകയാണ് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25000 പൌണ്ട് അയയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് തുടങ്ങിയ ഈ ചാരിറ്റി അപ്പീല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം നേടി വന്‍ വിജയത്തിലെത്തുമെന്ന് ഇതിനകം  ഉറപ്പായി കഴിഞ്ഞു .  പതിവുപോലെ  ജി എം എ അംഗങ്ങളും , ഗ്ലോസ്റ്റര്‍ഷെയറിലെ പൊതുസമൂഹവും മനസ്സറിഞ്ഞ് സഹായിച്ചപ്പോള്‍ പത്ത്  ദിവസങ്ങള്‍ കൊണ്ട് ഇരുപതിനായിരത്തോളം പൌണ്ടാണ് ജി എം എ കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്ന മലയാളി സഹോദരങ്ങള്‍ക്കായി സമാഹരിച്ചത്.ഈ വര്‍ഷത്തെ ഓണാഘോഷം മാറ്റിവച്ചുകൊണ്ട് പ്രസിഡന്റ് വിനോദ് മാണി , സെക്രട്ടറി ജില്‍സ് പോള്‍ , ട്രഷറര്‍ വിന്‍സെന്റ് സ്കറിയ , വൈസ് പ്രസിഡന്റ് ബാബു ജോസഫ്‌ , ജോയിന്റ് സെക്രട്ടറി രെശ്മി മനോജ്‌ , ചാരിറ്റി കോഡിനേറ്റര്‍ ലോറന്‍സ് പെല്ലിശ്ശേരി , അജിമോന്‍ ഇടക്കര , സുനില്‍ കാസിം , മനോജ്‌ വേണുഗോപാല്‍ , ഡോ ; ബിജു പെരിങ്ങത്തറ , തോമസ്‌ ചാക്കോ  തുടങ്ങിയവര്‍ ധനസമാഹരണത്തിന് നേതൃത്വം നല്‍കി . ജി എം എ യുടെ ചരിത്രത്തിലെ ഏറ്റവും നല്ല തിരുവോണാഘോഷത്തിനാണ് ഇന്നലെ ഗ്ലോസ്റ്റര്‍ഷെയര്‍ സാക്ഷ്യം വഹിച്ചത് . രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണിവരെ ഗ്ലോസ്റ്ററിലെ തെരുവുകളില്‍ ഇറങ്ങി ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനസമാഹരണം നടത്തിക്കൊണ്ടായിരുന്നു ജി എം എ അംഗങ്ങള്‍ ഇന്നലെ ഓണം ആഘോഷിച്ചത്.ഗ്ലോസ്റ്റര്‍ നഗരത്തില്‍ ആറു സ്ഥലങ്ങളിലായി നിലയുറപ്പിച്ച ജി എം എ യുടെ മക്കള്‍  വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിലെ ഞങ്ങളുടെ സഹോദരങ്ങളെ സഹായിക്കണേ എന്ന് ഉച്ചത്തില്‍ അപേക്ഷിച്ചുകൊണ്ടേയിരുന്നു . 11 വയസ്സിന് മുകളില്‍ പ്രായമായ ജി എം എയിലെ യുവതലമുറയാണ് ഇന്നലെയും ഇന്നും മാതാപിതാക്കള്‍ക്കും കുഞ്ഞ് സഹോദരങ്ങള്‍ക്കുമൊപ്പം സഹായ അഭ്യര്‍ത്ഥനയുമായി ഗ്ലോസ്റ്റര്‍ നഗരത്തെ കീഴടക്കിയത് . കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച വലിയ ബാനറുകളും , സേവ് കേരള എന്നെഴുതിയ പോസ്റ്ററുകളും , ബക്കറ്റുകളുമായി തെരുവിലിറങ്ങിയ ജി എം എ യുടെ യുവജനങ്ങള്‍ അനായാസം ഇംഗ്ലീഷ് ജനതയുടെ മനം കവര്‍ന്നു . ഒറ്റദിവസം കൊണ്ട് തന്നെ 2067 പൌണ്ടാണ് ഗ്ലോസ്റ്റര്‍ഷെയറിലെ തെരുവുകളില്‍ എത്തിയ വെള്ളക്കാരില്‍ നിന്നും‍ വിദേശികളില്‍ നിന്നും ജി എം എയുടെ ചുണക്കുട്ടന്മാര്‍ കേരളത്തിനായി പിരിച്ചെടുത്തത് .ഇന്നലെ സ്വന്തം വീടുകളില്‍ പോലും ഓണം ആഘോഷിക്കാതെ ഗ്ലോസ്റ്ററിലെ തെരിവുകളിലിറങ്ങി ദുരിത ബാധിതര്‍ക്കായി കൈനീട്ടിയ ജി എം എയുടെ അംഗങ്ങള്‍ മനുഷ്യസ്നേഹത്തിന്റെ ഏറ്റവും ഉദാത്ത മാതൃകയാണ് തിരുവോണനാളില്‍ മലയാളി സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയത് .  അതോടൊപ്പം ലെസ്റ്ററില്‍ യുക്മ നടത്തുന്ന ദുരിതാശ്വാസ കേന്ദ്രത്തിലേയ്ക്ക് ഒരു വണ്ടി നിറയെ ഉടുപ്പുകള്‍, പുതപ്പുകള്‍ , മരുന്നുകള്‍  തുടങ്ങിയവ എത്തിച്ചു കൊടുത്തുകൊണ്ടാണ് ജി എം എ അംഗങ്ങള്‍ ഇപ്രാവശ്യത്തെ ഓണ ദിവസത്തെ ഒരു കാരുണ്യ ദിനമായി ആഘോഷിച്ചത്.ഗ്ലോസ്റ്റര്‍ഷെയറിലെ മുസ്ലിം – ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നും , ഹോസ്പിറ്റലുകളില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്നും , ഫേസ്ബുക്ക് ഡോണേഷന്‍ ക്യാമ്പെയിനിംഗില്‍ നിന്നും നൂറുകണക്കിന് പൌണ്ടാണ് ജി എം എ അംഗങ്ങള്‍ ഇതിനോടകം സമാഹരിച്ചത് .  ബക്രീദ് ദിനത്തില്‍ യുവാക്കളോടൊപ്പം ജി എം എ അംഗങ്ങളായ സുനില്‍ കാസിമിന്റെയും , ഷറഫുദിന്റെയും , ഷംസുദ്ദീന്റെയും നേതൃത്വത്തില്‍ ഗ്ലോസ്റ്ററിലെ മുസ്ലീം സഹോദരങ്ങളില്‍ നിന്നും 4127 പൌണ്ടാണ് ഇതുവരെ സമാഹരിച്ചത് .  ഗ്ലോസ്റ്ററിലെ ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് 2087 പൌണ്ടാണ്  ജി എം എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കണ്ടെത്തിയത്.

വരും ദിനങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും മറ്റ് പല ബിസ്സിനസ് സ്ഥാപനങ്ങളുടെ സഹായത്തോടെയും കൂടുതല്‍ തുകകള്‍ സമാഹരിക്കുവാനുള്ള ശ്രമത്തിലാണ് ജി എം എ അംഗങ്ങള്‍ . സ്വദേശികള്‍ക്കും വിദേശികള്‍ക്കും കേരളത്തില്‍ നടന്ന ഈ മഹാദുരന്തത്തെപ്പറ്റി മാധ്യമങ്ങളിലൂടെ അറിവ് ലഭിച്ചത് ധനസമാഹരണത്തെ വളരെയധികം സഹായിച്ചെന്ന് തുടക്കം മുതല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജി എം എയുടെ ചാരിറ്റി കോഡിനേറ്റര്‍ ലോറന്‍സ് പെല്ലിശ്ശേരി അറിയിച്ചു.ജന്മനാട്ടില്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കുണ്ടായ തകര്‍ച്ചയില്‍ താങ്ങാവാനും , അവരെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുവാനും ജി എം എ പോലെയുള്ള സംഘടനകള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ് . കലാ കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുക മാത്രമല്ല ഒരു സാംസ്ക്കാരിക സംഘടനയുടെ ലക്ഷ്യമെന്നും മറിച്ച് ഇന്ന് തങ്ങളുടെ സഹജീവികള്‍ നേരിടുന്ന സങ്കീര്‍ണ്ണമായ ദുരന്തത്തെ  അവര്‍ക്കൊപ്പം നിന്നുകൊണ്ട് നേരിടാന്‍ തങ്ങളുമുണ്ട് എന്ന മഹത്തായ സന്ദേശമാണ് ഈ വലിയ ദുരിതാശ്വാസപ്രവര്‍ത്തങ്ങളിലൂടെ ജി എം എ തെളിയിക്കുന്നത്.