റോബി മേക്കര
പ്രകൃതി കേരളക്കരയില്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ഞൊടിയിടകൊണ്ട് 30,000ല്‍ പരം പൗണ്ട് സമാഹരിച്ച് പ്രളയത്തെപ്പോലും തടഞ്ഞു നിര്‍ത്തി കേരളക്കരയില്‍ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ മാറ്റൊലികള്‍ എത്തിച്ചുകൊണ്ട് വിനോദ് മാണി-ജില്‍സ് സംഘം പടിയിറങ്ങുമ്പോള്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് യുകെ മലയാളി സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സിബി ജോസഫ്-ബിനു മോന്‍ സഖ്യം അരങ്ങത്തേക്ക്.
യുകെയിലുള്ള പല അസോസിയേഷന്റെയും മുന്നില്‍ നിന്ന് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് നയിക്കാന്‍ ആളെ കിട്ടാത്ത സാഹചര്യം നിലനില്‍ക്കുന്നു എന്ന പച്ചയായ പരമാര്‍ത്ഥം നിലനില്‍ക്കെയാണ് ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന് നാല്‍പതിലധികം എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി സിബി ജോസഫ്-ബിനുമോന്‍ സഖ്യത്തിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നിരിക്കുന്നത്.
കല, കായിക, സാസ്‌കാരിക മേഖലകളില്‍ എല്ലാം തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് യുകെ മലയാളി സമൂഹത്തിനു മുന്നില്‍ വേറിട്ടു നില്‍ക്കുന്ന ജിഎംഎ തങ്ങള്‍ ഏറ്റെടുക്കുന്ന ഏതു പരിപാടിയും സംഘാടന മികവുകൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും യുകെ മലയാളി സമൂഹത്തിനു മുന്നില്‍ തലയുയര്‍ത്തി കഴിഞ്ഞ 17 വര്‍ഷമായി നിലനില്‍ക്കുന്നു എന്നതാണ് ഓരോ വര്‍ഷവും മുമ്പോട്ടു വരുന്ന ഭരണസമിതിയുടെ മുമ്പിലുള്ള വെല്ലുവിളി.
ഈ വെല്ലുവിളികളെ ധൈര്യപൂര്‍വ്വം ഏറ്റെടുത്തുകൊണ്ട് പുതിയ കര്‍മ്മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാനൊരുങ്ങുകയാണ് പുതിയ ഭരണ സമിതി. രക്ഷാധികാരി ഡോ.തിയോഡര്‍ ഗബ്രിയേല്‍, പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി ബിനുമോന്‍ കുര്യാക്കോസ്, ട്രഷറര്‍ ജോര്‍ജ് ജോസഫ്, വൈസ് പ്രസിഡന്റ് മാത്യു ഇടിക്കുള, ജോ.സെക്രട്ടറി സജി വര്‍ഗ്ഗീസ്, ജോ.ട്രഷറര്‍ ജോസഫ് കോടങ്കണ്ടത്ത് മുതലായവരുടെ നേതൃത്വത്തിലുള്ള ശക്തമായ ഭരണസമിതിയാണ് 2019ല്‍ ജിഎംഎ അസോസിയേഷനെ നയിക്കുവാനായി മുന്നോട്ടു വന്നിരിക്കുന്നത്.
അടുത്ത ഒരു വര്‍ഷത്തേക്കുള്ള മുഴുവന്‍ പ്രോഗ്രാമുകള്‍ക്കും ഇതിനോടകം രൂപരേഖ നല്‍കിക്കഴിയുകയും എല്ലാ മെമ്പേഴ്‌സിനും അയച്ചുകൊടുക്കുകയും ചെയ്തു. ജിഎംഎ ഓരോ വര്‍ഷത്തെയും ആദ്യത്തെ പരിപാടി എന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യുകെ മലയാളി സമൂഹത്തിനു മുന്നില്‍ വേറിട്ടതും വ്യത്യസ്തവുമായി അവതരിപ്പിച്ചുകൊണ്ട് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ജിഎംഎ നൈറ്റ് വളരെ വ്യത്യസ്തവും മനോഹരവുമാക്കാന്‍ ഒരുങ്ങുകയാണ് പുതിയ ഭരണസമിതി. ഏപ്രില്‍ 28ന് പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണി മേനോന്റെ നേതൃത്വത്തിലുള്ള സ്വരരാഗസന്ധ്യ എന്ന ലൈവ് ഓര്‍ക്കസ്ട്ര പ്രോഗ്രാം ആണ് ഇതിലേക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇച്ഛാശക്തിയുള്ള പുതിയ ഭരണ സാരഥികളും അവര്‍ക്ക് പിന്തുണയുമായി കര്‍മോത്സുകരും ഊര്‍ജ്ജസ്വലരുമായ അണികളും അണിനിരക്കുന്ന ജിഎംഎ 2019ല്‍ യുകെ മലയാളി സമൂഹത്തിനു മുന്നില്‍ കാഴ്ചവെക്കുവാന്‍ ഒരുങ്ങുന്നത് ഇതുവരെ കാണാത്ത ഗംഭീര പ്രകടനമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
Leave a Reply