ന്യൂസ് ഡെസ്ക്

ശബരിമലയെ കലാപഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി. കർശനമായി നേരിടാനുറച്ച് സർക്കാർ നടപടികൾ ആരംഭിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ 1407 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. 258 കേസുകളാണ് ഇതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്.

എറണാകുളത്തുനിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലില്‍ നിന്ന് 75 പേരെയും തൃപ്പൂണിത്തുറയില്‍ നിന്ന് 51 പേരേയും ഇന്നലെ രാത്രി മുതല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരും നിരോധനാജ്ഞ ലംഘിച്ചവരുമാണ്. അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തേ പോലീസ് പുറത്തു വിട്ടിരുന്നു. കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും പോലീസ് പറഞ്ഞു.

സുപ്രീംകോടതിവിധി എന്തായാലും അത് നടപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണെന്നും നടപ്പാക്കിയില്ലെങ്കിൽ സർക്കാരിന് നിലനിൽപ്പുണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും അവർക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നതും തടയാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി 1991-ലാണ് വന്നത്. ആചാരത്തിന്റെ പേരിൽ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തടയുന്ന ഈ വിധി എൽ.ഡി.എഫിന് സ്വീകാര്യമായിരുന്നില്ല. ഇതിനുശേഷം മൂന്നുതവണ എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നിട്ടും ആ വിധിക്കെതിരേ അപ്പീൽ പോകാതെ വിധി നടപ്പാക്കുകയാണ് ചെയ്തത്. ഒരുതരത്തിലും ഇക്കാര്യത്തിൽ എൽ.ഡി.എഫ്. ഇടപെട്ടിട്ടില്ല.

എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ആരാധനാ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് 12 വർഷംമുൻപ്‌ സുപ്രീംകോടതിയെ സമീപിച്ച യങ്‌ ലോയേഴ്സ് അസോസിയേഷൻ പ്രതിനിധികൾ സംഘപരിവാറുമായി ബന്ധമുള്ളവരായിരുന്നു. ഇത്രയും കാലമായിട്ടും കോൺഗ്രസോ ബി.ജെ.പി.യോ കേസിൽ കക്ഷി ചേർന്നിരുന്നില്ല. കോടതി ആവശ്യപ്പെട്ടതനുസരിച്ച് അന്നത്തെ എൽ.ഡി.എഫ്. സർക്കാർ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ആവശ്യപ്പെട്ടത് എല്ലാ സ്ത്രീകൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നായിരുന്നു. അതുകൊണ്ടാണ് വിധിക്കെതിരേ സുപ്രീംകോടതിയിൽ സർക്കാർ പുനഃപരിശോധനാ ഹർജി കൊടുക്കാത്തത്. മുൻ നിലപാടിനെതിരേ പുനഃപരിശോധനാ ഹർജി കൊടുത്താൽ പറഞ്ഞവാക്കിന് വിലയില്ലാത്ത സർക്കാരാണിതെന്ന് കോടതി വിലയിരുത്തും.