സ്വന്തം ലേഖകന്‍

ഗ്ലോസ്റ്റര്‍ : ഒക്ടോബര്‍ 27 ശനിയാഴ്ച സൗത്ത് യോർക്ക് ഷെയറിലെ ഷെഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ താരങ്ങളാകുവാന്‍ കലാതിലകം ബിന്ദുസോമനും , വ്യക്തിഗത ചാമ്പ്യൻ സംഗീത ജോഷിക്കുമൊപ്പം ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ ഒരുങ്ങിക്കഴിഞ്ഞു.  കഴിഞ്ഞ വർഷത്തെ ദേശീയ ചാമ്പ്യൻമാരായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ തങ്ങളുടെ ദേശീയ ചാമ്പ്യൻ പട്ടം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യവും ഷെഫീല്‍ഡിലേയ്ക്കെത്തുന്നത്.

ഓക്സ്ഫോർഡില്‍ വച്ച് നടന്ന റീജിയണൽ കലാമേളയില്‍ നേടിയെടുത്ത മുന്നേറ്റം ദേശീയ കലാമേളയിലും നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ് ജി എം എയുടെ മത്സരാര്‍ത്ഥികളും സംഘാടകരും. തുടർച്ചയായി അഞ്ച് വർഷം സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയില്‍ ചാമ്പ്യന്മാരായി കരുത്ത് തെളിയിച്ചാണ് ജി എം എ ഇപ്രാവശ്യത്തെ ദേശീയ കലാമേളയിൽ പങ്കെടുക്കുന്നത്. 169 പോയിന്റുകളാണ് ജി എം എ യുടെ ചുണക്കുട്ടികൾ ഓക്സ്ഫോര്‍ഡില്‍ നടന്ന റീജിയണൽ കലാമേളയില്‍ കരസ്ഥമാക്കിയിരുന്നത്.

സീനിയർ വിഭാഗത്തിൽ മത്സരിച്ച ജി എം എയുടെ ബിന്ദു സോമൻ മത്സരിച്ച ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിയാണ് ദേശീയ കലാമേളയിലേയ്ക്കെത്തുന്നത്. ജി എം എ യുടെ വിജയങ്ങളില്‍ എല്ലാ വര്‍ഷങ്ങളിലെപ്പോലെ ഇക്കുറിയും ബിന്ദു സോമന്‍ വലിയ പങ്കാണ് വഹിച്ചത് . മോഹിനിയാട്ടം , മോണോ ആക്ട് ,  പദ്യപാരായണം എന്നീ വ്യക്തിഗത ഇനങ്ങളിലും മാർഗ്ഗംകളി ,  മൈം തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും ഒന്നാം സ്ഥാനത്തെത്തി കലാതിലകപ്പട്ടമണിയുകയായിരുന്നു ബിന്ദു സോമന്‍ . സീനിയർ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യനും ബിന്ദു സോമൻ തന്നെയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതോടൊപ്പം ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനിലെ കൊച്ചുമിടുക്കി സംഗീത ജോഷി മനോഹരമായ പ്രകടനമാണ് ഇപ്രാവശ്യത്തെ റീജണല്‍ കലാമേളയില്‍ കാഴ്ചവെച്ചത്. സബ്‌ജൂണിയർ വിഭാഗത്തിൽ  മലയാളം പ്രസംഗത്തിനും , മോണോ ആക്ടിനും ഒന്നാം സ്ഥാനവും , പദ്യപാരായണത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് സംഗീത ജോഷി ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനുവേണ്ടി വ്യക്തിഗത ചാമ്പ്യന്‍പട്ടം നേടിയത്. വളരെ നാളുകളായി യുക്മ കലാമേളകളില്‍ പോരാടിയിട്ടുള്ള സംഗീത ജോഷി നേടിയ ഈ തിളക്കമാര്‍ന്ന വിജയങ്ങള്‍ ജി എം എ യുടെ ഇത്തവണത്തെ ചാമ്പ്യന്‍പട്ടത്തിന് മാറ്റ് കൂട്ടി.

പലതവണ ജി എം എ യ്ക്ക് വേണ്ടി വ്യക്തിഗത ചാമ്പ്യന്‍ പട്ടം   നേടിയിട്ടുള്ള ബെന്നിറ്റ ബിനുവും , ഷാരോണ്‍ ഷാജിയും , ഭവ്യ ബൈജുവും , ദിയ ബൈജുവും , ബിന്ദു സോമനും , സംഗീത ജോഷിയും അടങ്ങുന്ന സംഘം ഇക്കുറിയും ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനുവേണ്ടി അണിനിരക്കുമ്പോള്‍ വാശിയേറിയ മത്സരങ്ങള്‍ക്കായിരിക്കും ദേശീയ കലാമേള വേദി സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു.  .