കൊളോണ്‍: ജര്‍മനിയിലെ ഐഫലില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ 28-ാം പ്രവാസി സംഗമത്തില്‍ നടത്തിയ സീനിയര്‍ സിറ്റിസണ്‍ മീറ്റ് ഹൃദയഹാരിയായി. സംഗമത്തിന്റെ മൂന്നാം ദിനമായ വെള്ളിയാഴ്ച നടത്തപ്പെട്ട മീറ്റ് മുതിര്‍ന്ന പൗരന്‍മാരുടെ പ്രതിനിധികളായ ജോസ് പുന്നാംപറമ്പില്‍, പ്രൊഫ. രാജപ്പന്‍ നായര്‍, ഡോ.സെബാസ്റ്റിയന്‍ മുണ്ടിയാനപുറത്ത്, ഡോ.ജോസഫ് തെരുവത്ത്, ജോര്‍ജ് എളങ്കുന്നപ്പുഴ, ജോസ് മെറ്റമാന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു.

1960കളില്‍ യൂറോപ്പില്‍ എത്തി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രശസ്തിയും നേട്ടങ്ങളും കൈവരിച്ച ഇവരെ ആദരിക്കേണ്ടത് പ്രവാസി സമൂഹത്തിന്റെ കടമയും ഉത്തരവാദിത്തവും ആണെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ ഓര്‍മിപ്പിച്ചു. രാവിലെ നടന്ന സെമിനാറില്‍ ഡോ. ജോസഫ് തെരുവത്ത് പ്രായമായവര്‍ നേരിടുന്ന ആര്‍ത്രൈറ്റിസ് രോഗത്തെക്കുറിച്ചുശ്ശ ബോധവല്‍ക്കരണം നടത്തി.

സംഗമത്തോട് അനുബന്ധിച്ച് ദര്‍ശന തീയറ്റേഴ്‌സിന്റെ മുഴുനീള വീഡിയോ മലയാള നാടക പ്രദര്‍ശനം ശ്രദ്ധേയമായി. വൈകുന്നേരം നടന്ന കലാസന്ധ്യയില്‍ ആനി പൊയ്കയില്‍, മോളി കോട്ടേക്കുടി എന്നിവര്‍ നേതൃത്വം നല്‍കി. ജോണി ചിറ്റിലപ്പള്ളി, ജോയി വെള്ളാരങ്കാലയില്‍, സാറാമ്മ ജോസഫ്, ജോയി മാണിക്കകത്ത്, ജോസഫ് കൊശമറ്റം, പോള്‍ പ്ലാമ്മൂട്ടില്‍, റോസി വൈഡര്‍, എല്‍സി വടക്കുംചേരി, ലിസി ചെറുകാട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

സംഗമത്തിന്റെ നാലാംദിനമായ ശനിയാഴ്ച പി.രാജീവ് എക്‌സ് എംപി പ്രവാസി സംഗമത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പി.രാജീവ്, പോള്‍ തച്ചില്‍ എന്നിവര്‍ക്കുള്ള ജിഎംഎഫ് പ്രവാസി പുരസ്‌കാരങ്ങള്‍ നല്‍കപ്പെടും.