ഗോവയിൽ വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടിഷ് യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ വാർത്തകേട്ടു ഞെട്ടിത്തരിച്ചു ബ്രിട്ടൻ. ബ്രിട്ടിഷ് യുവതികൾക്കുനേരെ ഗോവയിൽ ഇതു രണ്ടാമത്തെ അതിക്രൂരമായ ആക്രമണമാണ്. ചൊവ്വാഴ്ചയാണ് തെക്കൻ ഗോവയിലെ കാങ്കോണയിൽ ദേവ്ബാഗ് ബീച്ചിനു സമീപമുള്ള വെള്ളക്കെട്ടിൽ ഡാനിയേലെ മക്ലോഗ്ളി(28)ന്റെ മൃതദേഹം കണ്ടെത്തിയത്.
2008 ഫെബ്രുവരി 18ന് അൻജുന ബീച്ചിൽ സമാനമായ സാഹചര്യത്തിൽ ഷാർലെറ്റ് കീലിംങ് എന്ന പതിനഞ്ചുകാരിയായ ബാലികയെ മാനഭംഗപ്പെടുത്തി കൊലചെയ്തിരുന്നു. ഈ കേസിൽ പ്രതികളായ യുവാക്കളെ തെളിവുകളുടെ അപര്യാപ്തതമൂലം ഗോവയിലെ കോടതി വെറുതെ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടുമൊരു ദുരന്തം. കൊലപാതകം നടത്തിയെന്നു കരുതുന്ന വികാസ് ഭഗത് (24) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസിനെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റു നിരവധി കേസുകളിലും പ്രതിയാണ് അറസ്റ്റിലായ യുവാവ്.

വിദേശികൾക്ക് ഇന്ത്യയിൽ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഗോവയിൽ രണ്ടാമതും ഉണ്ടായ കൊലപാതകം വിനോദസഞ്ചാര സാധ്യതകൾക്കു മങ്ങലേൽപിക്കുമെന്ന് ഉറപ്പാണ്. പൊതുവേ സുരക്ഷിത കേന്ദ്രമായി അറിയപ്പെട്ടിരുന്ന ഗോവയ്ക്കു സംഭവം തീരാകളങ്കവുമായി. ബിബിസി ഉൾപ്പെടെയുള്ള ബ്രിട്ടിഷ് മാധ്യമങ്ങളെല്ലാം അതീവ പ്രാധാന്യത്തോടെയാണു യുവതിയുടെ മരണം റിപ്പോർട്ട് ചെയ്യുന്നത്.

അയർലൻഡിൽ ജനിച്ചു ബ്രിട്ടനിലെ ലിവർപൂളിൽ താമസിക്കുന്ന ഡാനിയേലെ ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കൂടിയാണ് ഫെബ്രുവരി 23ന് രണ്ടു സുഹൃത്തുക്കൾക്കൊപ്പം ഗോവയിലെത്തിയത്. അയർലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ ഇരട്ടപൗരത്വമുള്ള യുവതി ബ്രിട്ടിഷ് പാസ്പോർട്ട് ഉപയോഗിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. ആഗോണ്ടയിലും പാറ്റ്നെമിലും താമസിച്ചശേഷം പാലോലെമിലെ റിസോർട്ടിലെത്തി. ഇവിടെ സുഹൃത്തുക്കളോടും നാട്ടുകാരോടുമൊപ്പം ഹോളി ആഘോഷത്തിൽ പങ്കെടുത്ത യുവതിയെ പിന്നീടു കാണാതാവുകയായിരുന്നു.

പാലോലെമിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ദേവ്ബാഗ് ബീച്ചിനു സമീപമുള്ള വെള്ളക്കെട്ടിലാണ് ചൊവ്വാഴ്ച രാവിലെ ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു കർഷകനാണു മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇയാളാണു പൊലീസിൽ വിവരം അറിയിച്ചത്. നഗ്നമാക്കപ്പെട്ട മൃതദേഹത്തിൽ ബിയർകുപ്പികൊണ്ടു കുത്തിക്കീറി മുഖം വികൃതമാക്കിയിരുന്നു. യുവതി ലൈഗീകപീഡനത്തിന് ഇരയാക്കപ്പെട്ടതായും പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തുനിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും ഇരുചക്രവാഹനവും പൊലീസ് കണ്ടെടുത്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് യുവതിയുടെ തൊട്ടുപിന്നാലെ വികാസ് ഭഗത് എന്ന യുവാവു നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കേസന്വേഷിക്കുന്ന കാങ്കോണ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഐറിഷ്, ബ്രിട്ടിഷ് എംബസികളുടെ സഹായത്തോടെ കേസിന്റെ തുടർനടപടികളും മൃതദേഹം ലിവർപൂളിൽ എത്തിക്കാനുമുള്ള കാര്യങ്ങളും പുരോഗമിക്കുന്നുണ്ട്.

‘എന്റെ എല്ലാമായ അവൾ എല്ലാവർക്കും നഷ്ടപ്പെട്ടു’ എന്നായിരുന്നു മകളെ നഷ്ടമായ മാതാവ് ആൻഡ്രിയ ബ്രാന്നിഗന്റെ പ്രതികരണം. ആൻഡ്രിയയുടെ ഭർത്താവും പിതാവും ഇളയ മകളും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ മരിച്ചിരുന്നു. ഡാനിയേലയുടെ മരണത്തോടെ രണ്ടുമക്കളെയും നഷ്ടപ്പെട്ട ഈ മാതാവിന്റെ വേദനയിൽ ബ്രിട്ടിഷ് ജനത ഒന്നടങ്കം കണ്ണീർ പൊഴിക്കുകയാണ്. ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്തയാളാണു താനെന്നും ഗോവയിൽ മറ്റൊരു സാഹസിക യാത്രയ്ക്കു പോകുകയാണെന്നും സൂചിപ്പിച്ചു കഴിഞ്ഞയാഴ്ച ഫെയ്സ്ബുക്കിൽ സുഹൃത്തുക്കൾക്കായി സന്ദേശമയച്ച ഡാനിയേലയുടെ ദുരന്തം കുടുംബത്തെയും സുഹൃത്തുക്കളെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുയാണ്.

ആയിരക്കണക്കിന് ബ്രിട്ടിഷ് സഞ്ചാരികൾ മുടങ്ങാതെയെത്തുന്ന ഗോവയിൽനിന്നുള്ള ഞെട്ടിപ്പിക്കുന്ന വാർത്ത ഇവിടം ലക്ഷ്യമാക്കുന്ന സഞ്ചാരികളെയും ആശങ്കയിലാക്കുന്നു.