ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ ദൈവത്തിന് മാത്രമേ തങ്ങളെ രക്ഷിക്കാനാകൂ എന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തായ്യ. അങ്ങനെ സംഭവിച്ചാൽ അത് പലസ്തീൻ ജനതയെ സംബന്ധിച്ചും ലോകത്തിനാകെയും ദുരന്തമായിരിക്കും – പലസ്തീൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ട്രംപ് ഗവൺമെന്റിന്റെ കഴിഞ്ഞ നാല് വർഷക്കാലം പാലസ്തീന് വലിയ ദോഷമുണ്ടായതായി അദ്ദേഹം യൂറോപ്യൻ എംപിമാരുമായി സംസാരിക്കവേ പറഞ്ഞു.

അതേസമയം ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനെതിരെ രൂക്ഷവിമർശനവുമായി ട്രംപ് വീണ്ടും രംഗത്തെത്തി. ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നിയന്ത്രണം സോഷ്യലിസ്റ്റുകളുടേയും മാർക്സിസ്റ്റുകളുടേയും ഇടതുപക്ഷ തീവ്രവാദികളുടേയും കയ്യിലേൽപ്പിക്കാൻ ജോ ബൈഡൻ ധാരണയിലെത്തിയതായി ട്രംപ് ആരോപിച്ചു. കോവിഡ് പോസിറ്റീവ് ആയിരുന്ന ട്രംപ് 9 ദിവസത്തിന് ശേഷം ആശുപത്രി വിട്ടതും രോഗമുക്തനായതായി സ്വയം പ്രഖ്യാപിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെ ട്രംപിന് കോവിഡ് നെഗറ്റീവ് ആയതായി വൈറ്റ് ഹൗസ് ചീഫ് ഫിസീഷ്യൻ ഡോ.സീൻ പി കോൺലി അറിയിക്കുകയും ചെയ്തു. അതേസമയം പരിശോധനയുടെ വിശദാംശങ്ങൾ നൽകിയില്ല. ട്രംപ് ഫ്ളോറിഡയിലെ റാലിയിലൂടെ പ്രചാരണരംഗത്തേയ്ക്ക് തിരിച്ചുവന്നിട്ടുണ്ട്.