കോൽക്കത്ത: ഫുട്ബോളിന്റെ ഈറ്റില്ലമായ കോൽക്കത്തയിൽ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്സി. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീം എന്ന റിക്കാർഡ് ഇനി ഗോകുലത്തിന് സ്വന്തം. 29 പോയിന്റുമായാണ് ഗോകുലം ചാമ്പ്യൻമാരായത്.
ലീഗിലെ അവസാന മത്സരത്തിൽ ട്രാവു എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു കിരീടധാരണം. ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു കേരള ടീമിന്റെ ഗംഭീര തിരിച്ചുവരവ്.
ഷെരീഷ് മുഹമ്മദ് (70), എമിൽ ബെന്നി (74), ഘാന താരം ഡെന്നിസ് അഗ്യാരെ (77), മുഹമ്മദ് റാഷിദ് (90+8) എന്നിവർ ഗോകുലത്തിനായി വലകുലിക്കിയപ്പോൾ ഇന്ത്യൻ താരം വിദ്യാസാഗർ സിംഗ് ട്രാവുവിന്റെ ആശ്വസ ഗോൾ നേടി. വിദ്യാസാഗർ സിംഗ് 12 ഗോളുമായി ലീഗിലെ ടോപ് സ്കോറർ ആയി. ഗോകുലത്തിന്റെ ഡെന്നിസ് അഗ്യാരെ 11 ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്.
മണിപ്പൂരിൽനിന്നുള്ള കരുത്തൻമാരെ രണ്ടാം പകുതിയിൽ കണ്ണടച്ചുതുറക്കും മുൻപ് കേരളം ഇല്ലാതാക്കുകയായിരുന്നു. അതും ഏഴ് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ അടിച്ചുകയറ്റി. 70, 74, 77 മിനിറ്റുകളിലായിരുന്നു കേരളത്തിന്റെ മിന്നൽ സ്ട്രൈക്. ഇൻജുറി ടൈമിൽ ട്രാവുവിന്റെ പെട്ടിയിൽ അവസാന ആണിയും വീണു.
തുടക്കം മുതൽ ആക്രമിച്ച ഗോകുലമായിരുന്നു കളിയിൽ ആധിപത്യം പുലർത്തിയത്. എന്നാൽ കളിയുടെ ഒഴിക്കിനെതിരായി 24–ാം മിനിറ്റിൽ ബിദ്യാസാഗർ സിംഗ് മണിപ്പൂരുകാരെ മുന്നിലെത്തിച്ചു. 70 ാം മിനിറ്റുവരെ ഒരു ഗോൾ ലീഡ് നിലനിർത്താൻ മണിപ്പൂർ കരുത്തൻമാർക്കായി. എന്നാൽ ജയിച്ചാൽ കിരീടമെന്ന ട്രാവുവിന്റെ സ്വപ്നം മിനിറ്റുകൾകൊണ്ട് വീണുടഞ്ഞു. അവസാന നിമിഷം വിൻസി ബരോറ്റ ചുവപ്പ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് ഗോകുലം മത്സരം പൂർത്തിയാക്കിയത്.
ഇതേ സമയത്തു നടന്ന മത്സരത്തിൽ ജയിച്ച ചർച്ചിൽ ബ്രദേഴ്സും 29 പോയിന്റ് സ്വന്തമാക്കിയെങ്കിലും ഗോൾ ശരാശരിയാണ് ഗോകുലത്തിന് രക്ഷയായത്. ചർച്ചിൽ ബ്രദേഴ്സ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പഞ്ചാബ് എഫ്സിയെ ആണ് പരാജയപ്പെടുത്തിയത്.
ലീഗിൽ ആദ്യ തവണ ട്രാവു എഫ്സിയുമായി ഏറ്റുമുട്ടിയപ്പോഴും ഗോകുലത്തിനായിരുന്നു വിജയം. ട്രാവുവിനെ 3–1ന് പരാജയപ്പെടുത്തി.
Leave a Reply